malappuram local

വേലായുധനെ കൊണ്ടുവന്നത് കുട്ടികളുടെ മരണ വിവരമറിയിക്കാതെ

എടപ്പാള്‍: തന്റെ പൊന്നുമകളോടൊപ്പം മറ്റ് അഞ്ചുപേരുടെകൂടി മരത്തിനിടയാക്കിയ അപകടത്തില്‍ തോണി തുഴഞ്ഞിരുന്ന വേലായുധന്‍ ആശുപത്രിയില്‍ നിന്നുമെത്തിയത് താങ്ങാനാവാത്ത ദുഖഭാരവും പേറി. അപകടത്തില്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ട വേലായുധനെ ചൊവ്വാഴ്ച രാത്രിയില്‍ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.  ഇന്നലെ ഉച്ചയ്ക്ക് 12നാണ് നാട്ടുകാര്‍ വേലായുധനെ ശവ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനും മരണമടഞ്ഞ കുരുന്നുകളെ അവസാനമായൊന്ന് കാണാനുമായി ആശുപത്രിയില്‍ നിന്നു വീട്ടിലെത്തിച്ചത്. നരണിപ്പുഴ സെന്ററില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹങ്ങള്‍ ഒരു നോക്കുകാണിച്ച് വേലായുധനെ നാട്ടുകാര്‍ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.
മാനസികമായും ശാരീരികമായും ആകെ തളര്‍ന്ന നിലയിലായിരുന്നു വേലായുധന്‍. കുട്ടികള്‍ മരിച്ച വിവരം അറിയിക്കാതെയായിരുന്നു വേലായുധനെ നാട്ടുകാര്‍ ആശുപത്രിയില്‍ നിന്നു കൂട്ടിക്കൊണ്ടുവന്നത്.
തോണിയിലുണ്ടായിരുന്ന കുട്ടികളെവിടെയെന്ന് വേലായുധന്‍ ഒപ്പമുള്ളവരോട് ചോദിച്ചിരുന്നു.  അവരെല്ലാം മെഡിക്കല്‍ കോളജ് ആശുപത്രിയിലുണ്ടെന്നായിരുന്ന വേലായുധനെ ധരിപ്പിച്ചിരുന്നത്. എന്നാല്‍, നരണിപ്പുഴയിലെത്തിയപ്പോഴായിരുന്നു വേലായുധന്‍ തന്റെ മകള്‍ ഉള്‍പ്പെടെയുള്ള കുട്ടികള്‍ക്ക് നേരിട്ട അത്യാഹിതം അറിഞ്ഞത്.
ഇതോടെ വേലായുധന്‍ തളര്‍ന്ന് വീണു. ആര്‍ക്കും ആരേയും ആശ്വസിപ്പിക്കാനാവാതെ എന്തു ചെയ്യണമെന്നറിയാതെ അവിടെ കൂടിയ നൂറുകണക്കിനാളുകള്‍ നിശ്ചലമാവുകയായിരുന്നു.
Next Story

RELATED STORIES

Share it