kasaragod local

വേറിട്ട അനുഭവമായി അംബ നൃത്തശില്‍പം’

കാഞ്ഞങ്ങാട്: അരങ്ങിന് ആവേശം പകര്‍ന്ന് അരങ്ങിലെത്തി അംബ നൃത്തശില്‍പം വേറിട്ട അനുഭവമായി. ആധുനികകാലത്ത് ട്രാന്‍സ്‌ജെന്ററുകള്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് അംബയെന്ന നൃത്തശില്‍പത്തിലൂടെ നന്ദനം വെള്ളിക്കോത്തിന്റെ കലാകാരന്മാര്‍ അരങ്ങിലെത്തിച്ചത്.
നാടകവും നൃത്തശില്‍പവും സിനിമയും കോര്‍ത്തിണക്കി ഒന്നേകാല്‍ മണിക്കൂര്‍ ദൈര്‍ഘ്യത്തിലാണ് വെള്ളിക്കോത്തെ യുവ നൃത്തകാരന്‍ ശ്രീരേഷ് വെള്ളിക്കോത്ത് അംബയെ അരങ്ങിലെത്തിച്ചത്. നാലുമാസത്തെ കഠിനപരിശ്രമത്തിനൊടുവിലാണ് അംബ വെള്ളിക്കോത്ത് പി സ്മാരക ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ അരങ്ങിലെത്തിയത്. നൂറോളം നൃത്ത കലാകാരന്മാരും 20 ഓളം നാടക കലാകാരന്മാരുമാണ് അംബയില്‍ വേഷമിട്ടത്.
തമിഴ്‌നാട്്്, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി മുപ്പതോളം ട്രാന്‍സ്‌ജെന്റര്‍ കലാകാരന്മാരും അംബ കാണാന്‍ വെള്ളിക്കോത്തെത്തി. കലാമണ്ഡലം വനജ രാജന്‍ ഉദ്ഘാടനം ചെയ്തു.
സിനിമാതാരം ഭീമന്‍ രഘു മുഖ്യാതിഥിയായിരുന്നു. പ്രമുഖ ട്രാന്‍സ്‌ജെന്റര്‍ അക്ടിവിസ്റ്റും സിനിമാതാരവും മോഡലുമായ ദീപ്തി കല്യാണി, ശീതള്‍ശ്യാം, സാമൂഹിക പ്രവര്‍ത്തകയും ട്രാന്‍സ്‌ജെന്ററുമായ കാവ്യബിജു, ആയുഷ് സിദ്ധാര്‍ത്ഥ്, ട്രാന്‍സ്‌ജെന്ററും വ്യവസായിയുമായ തൃപ്തി ഷെട്ടി, മുബൈയിലെ നൃത്താധ്യാപിക ശ്യാമ രാജന്‍, മറിമായം സീരിയലിലൂടെ പ്രശസ്തനായ ഉണ്ണിരാജ്, സീരിയല്‍ താരം അനശ്വര, പിന്നണി ഗായിക നിഖില, ഗായകനായ വിഷ്ണുഭട്ട്, ചിത്രകാരന്‍ രാജേന്ദ്രന്‍ പുല്ലൂര്‍, കര്‍ണാടക സംഗീതഞ്ജന്‍ ടി പി ശ്രീനിവാസന്‍, കലാമണ്ഡലം ഗോപാലകൃഷ്ണന്‍, അരവിന്ദന്‍ മാണിക്കോത്ത്്് എന്നിവര്‍ ചേര്‍ന്ന് ഭദ്രം ദീപം കൊളുത്തി.
ചടങ്ങില്‍ കലാ-സാംസ്‌ക്കാരിക-കായിക രംഗങ്ങളില്‍ മികച്ച സംഭാവന നല്‍കിയ വെള്ളിക്കോത്തെ 50ഓളം കലാകാരന്മാരെ ആദരിച്ചു. ഓടക്കുഴല്‍ വിദഗ്ധനും പ്രവാസിയുമായ രാജേഷ് തടിയന്‍കൊവ്വലാണ് അംബയുടെ നിര്‍മാതാവ്.
നൃത്തയിനത്തില്‍ നിന്നു കിട്ടുന്ന തുക ട്രാന്‍സ്‌ജെന്ററുകളുടെ ജീവകാരുണ്യപ്രവര്‍ത്തനത്തിന് ഉപയോഗിക്കുമെന്നും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ട്രാന്‍സ്‌ജെന്ററുകളെ എത്തിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും രാജേഷ് അറിയിച്ചു. അജു പത്മശ്രീയാണ് അംബയുടെ രചന നിര്‍വഹിച്ചത്.
രഞ്ജിത്ത് രാമും സോമശേഖരനുമാണ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത്. ശ്രീരേശിനെകൂടാതെ പ്രസിദ്ധ നാടകകലാകാരന്‍ രമേശന്‍ മടിയന്‍, ബദരിനാഥ്, പ്രസാദ്, അനില്‍ പീകോക്ക്, വി വി ശശി, രതീഷ് പയ്യന്നൂര്‍ എന്നിവരാണ് അംബക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്.
Next Story

RELATED STORIES

Share it