malappuram local

വേറിട്ട് ഒരു എഴുത്തുകാരന്‍

തിരൂര്‍: വിവിധ ഭാഷകളില്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ കൊണ്ട് ഒരേ സമയം വിവിവിധ രൂപത്തില്‍ എഴുതി വിസ്മയം തീര്‍ത്ത് വ്യത്യസ്തനായി ഒരു എഴുത്തുകാരന്‍. കോഴിക്കോട് ജില്ലയിലെ മുക്കം പഞ്ചായത്തിലെ അബ്ദുല്ല പുല്‍പ്പറമ്പാണ് ഈ എഴുത്ത് മാന്ത്രികന്‍. ഇരു കൈകാലുകള്‍, തല, കഴുത്ത്, ചെവി, മൂക്ക്, വായ,തുടങ്ങിയ ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ കൊണ്ടും ഒരുമിച്ചും തിരിച്ചും തലകീഴായും അബ്ദുള്ള അനായാസം എഴുതും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്, അറബി ഭാഷകളിലാണ് ഇയാള്‍ എഴുത്ത് വിസ്മയം തീര്‍ക്കുന്നത്.
ഇരു കരങ്ങള്‍ കൊണ്ട് ഒരേ സമയം വിവിധ ഭാഷകളാണ് അബ്ദുള്ള എഴുതുന്നത്. പുറം തിരിഞ്ഞ് നിന്നും കാഴ്ച ഉപയോഗിക്കാതെയും അബ്ദുള എഴുതുന്നത് വേറിട്ടകാഴ്ചയാണ്. ഇയാളുടെ എഴുത്ത് വിശേഷങ്ങള്‍ ഇവ കൊണ്ടൊന്നും അവസാനിക്കുന്നില്ല. ജനാവലിയെ സാക്ഷിയാക്കി നീന്തിയും ഊഞ്ഞാലാടിയും തല കൊണ്ടെഴുതിയ എഴുത്തും ബൈക്കോടിച്ചു കൊണ്ടുള്ള എഴുത്ത് ഓട്ടോറിക്ഷ കാലുകൊണ്ട് ഓടിച്ചുള്ള എഴുത്തും ഈ ഓട്ടോ ഡ്രൈവറുടെ സാഹസിക എഴുത്തുകളില്‍ ചിലത് മാത്രം. ഇതിനകം 2000ത്തിലധികം വേദികളില്‍ അബ്ദുള്ള പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. വര്‍ഷങ്ങളായുള്ള നിരന്തര പരിശീലനമാണ് ഈ സാഹസികതക്കു പിന്നിലുള്ളത്. എഴുത്തില്‍ പുതിയ മേഖലകള്‍ കീഴടക്കാനുള്ള ശ്രമത്തിനിടയിലും മറ്റ് പല സാഹസിക മേഖലകളിലും ഇയാള്‍ കഴിവു തെളിയിച്ചിട്ടുണ്ട്.
വെള്ളത്തിനു മുകളില്‍ ഏറെ നേരം നിവര്‍ന്നുള്ള കിടത്തം മറ്റൊരു പരിപാടിയാണ്. ദീര്‍ഘനാളത്തെ പരിശ്രമഫലമായിപതിറ്റാണ്ടുകളില്‍ ഉപയോഗിക്കാവുന്ന പോക്കറ്റ് കലണ്ടറിനും ഇദ്ദേഹം രൂപം നല്‍കിയിട്ടുണ്ട്. ഇതിനെല്ലാം പുറമെ കാണികളെ ഒന്നടങ്കം ചിരിപ്പിക്കുന്ന ചിരിക്കാത്ത മനുഷ്യന്‍ പ്രോഗ്രാം നിരവധി വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. സാമൂഹ്യ പ്രവര്‍ത്തകനായ അബ്ദുള്ള ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ലഹരിനാടുവാഴുമ്പോള്‍ എന്ന പേരില്‍ ഫോട്ടോ പ്രദര്‍ശനവും ബോധവല്‍ക്കരണവും നടത്തുന്നുണ്ട്. ഇപ്പോള്‍ പൊന്നാനി നരിപ്പറമ്പില്‍ നടക്കുന്ന അര്‍ച്ചന ഫെസ്റ്റില്‍ പ്രോഗ്രാമുകള്‍ അവതരിപ്പിക്കുകയാണ് അബ്ദുല്ല.
Next Story

RELATED STORIES

Share it