Editorial

വേറിട്ടുനില്‍ക്കുന്ന മലപ്പുറം മാതൃക

ഇന്നു കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുകയാണ്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ഇന്നാണ് കൊട്ടിക്കലാശം. ചെകിടടപ്പിക്കുന്ന ശബ്ദഘോഷങ്ങളും ശബ്ദവിന്യാസവുമായി അവസാന നിമിഷം ആളുകളും വാഹനങ്ങളുമൊക്കെ കൂടിച്ചേര്‍ന്ന് മരണപ്പാച്ചില്‍ നടത്തുന്ന ഈ കൊട്ടിക്കലാശം വേണ്ടെന്നുവച്ചിരിക്കുന്നു മലപ്പുറം ജില്ലയിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍. പൊതുജനങ്ങള്‍ക്കുണ്ടാവുന്ന അസൗകര്യവും സംഘര്‍ഷസാധ്യതകളും മറ്റും കണക്കിലെടുത്താണ് സെവന്‍സ് ഫുട്‌ബോള്‍ മുതല്‍ സാക്ഷരതായജ്ഞം വരെ എന്തും ഏതും ഉല്‍സവമാക്കുന്ന മലപ്പുറത്തുകാര്‍ മറിച്ചൊരു തീരുമാനമെടുത്തത്. ഈ മലപ്പുറം മാതൃക അഭിനന്ദനാര്‍ഹമാണ്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ട് വര്‍ണശബളവും ശബ്ദബഹുലവുമാക്കുന്നതുകൊണ്ട് കാര്യമായ ഗുണമൊന്നുമില്ലെന്ന് രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാം സമ്മതിക്കുന്നുണ്ട്. പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാം, ആളുകളെ അമ്പരപ്പിക്കാം - അത്രയേയുള്ളൂ. ഇതിനുവേണ്ടി എത്രമാത്രം പണമാണ് ചെലവഴിക്കുന്നത്, എത്രയേറെ ഊര്‍ജമാണ് വ്യര്‍ഥമാക്കുന്നത്, പൊതുജനങ്ങള്‍ക്ക് എത്ര കനത്ത അസൗകര്യമാണുളവാക്കുന്നത്! തിരഞ്ഞെടുപ്പ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു മാത്രമാണ് ജീവന്മരണ പ്രശ്‌നം. മാധ്യമങ്ങള്‍ അതിനെ പൊലിപ്പിച്ചെടുത്ത് ജനകീയമായ മഹാസംഭവമാക്കി മാറ്റുന്നു. അതുവഴി വലിയ പൊതുനഷ്ടമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സത്യത്തില്‍ ഇത്തരം പ്രചാരണങ്ങള്‍കൊണ്ട് വല്ലകാര്യവു മുണ്ടോ?
പരിസ്ഥിതി മലിനീകരണത്തിന് വഴിവച്ചുകൊണ്ട് പതിനായിരക്കണക്കിന് ഫഌക്‌സ് ബോര്‍ഡുകള്‍, ലക്ഷക്കണക്കിന് പ്രചാരണ നോട്ടീസുകളും ലഘുലേഖകളും, രാവിലെ മുതല്‍ ഇരുട്ടുവോളം പാരഡി ഗാനങ്ങള്‍ കേള്‍പ്പിച്ച് ജനങ്ങളുടെ ചെവിക്കല്ല് തകര്‍ത്തുകൊണ്ട് ഓടുന്ന ആയിരക്കണക്കിന് വാഹനങ്ങള്‍, ചീറിപ്പായുന്ന നേതാക്കന്മാരുടെയും സ്ഥാനാര്‍ഥികളുടെയും എസി കാറുകള്‍ - ഈ 'ആര്‍മാദ'ത്തിലൊന്നും അന്നന്നത്തെ അപ്പത്തിനുവേണ്ടി പാടുപെടുന്ന 'ജന'ത്തിന് അത്ര താല്‍പര്യമൊന്നുമില്ല. ചില സ്ഥാനാര്‍ഥികളുടെ പ്രചാരണതന്ത്രങ്ങള്‍ കണ്ടാല്‍ അറപ്പാണു തോന്നുക. പുലിവേഷത്തിലെത്തുന്ന പ്രവര്‍ത്തകര്‍, മഹാബലിയായി വോട്ട് ചോദിക്കാനെത്തുന്നവര്‍ക്കൊപ്പം സ്ഥാനാര്‍ഥി, റോളര്‍ സ്‌കേറ്റിങ് നടത്തുന്ന കുട്ടികളെയും പട്ടംപറത്തുന്ന യുവതീയുവാക്കളെയുമൊക്കെ വച്ചു നടത്തുന്ന അഭ്യാസങ്ങള്‍, റിയാലിറ്റി ഷോ, മിമിക്രി പരേഡ് - ജനാധിപത്യപ്രക്രിയയുടെ അര്‍ഥപൂര്‍ണമായ ഒരു ഭാഗമായ തിരഞ്ഞെടുപ്പിനെ പരിഹാസ്യമായാണ് നമ്മുടെ രാഷ്ട്രീയകക്ഷികളും അവയുടെ നേതാക്കളും സമീപിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ഇത്തരം പരിഹാസ്യതയെ തിരുത്തുകയോ വിമര്‍ശിക്കുകയോ ചെയ്യുന്നില്ല മാധ്യമങ്ങള്‍, മറിച്ച് അവയ്ക്ക് കൊഴുപ്പുകൂട്ടുകയാണ്. ഈ പശ്ചാത്തലത്തിലാണ് മലപ്പുറം മാതൃക വേറിട്ടുനില്‍ക്കുന്നത്. മറ്റു ജില്ലകളും ആ വഴി സ്വീകരിച്ചിരുന്നുവെങ്കില്‍!
Next Story

RELATED STORIES

Share it