malappuram local

വേര്‍പാടിന്റെ വേദന വിട്ടുമാറാതെ മീനടത്തൂര്‍; പൊലിഞ്ഞത് രണ്ടു കുടുംബത്തിലെ അഞ്ചുപേര്‍

തിരൂര്‍: വേര്‍പാടിന്റെ വേദന വിട്ടുമാറാതെ മീനടത്തൂര്‍ ഗ്രാമം. കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ പൊലിഞ്ഞത് അഞ്ചു പേര്‍. രണ്ട് കുടുംബത്തിലെ അഞ്ചുപേര്‍ ഒന്നിച്ച് മരണപ്പെട്ടതിലുള്ള അടങ്ങാത്ത വേദന മീനടത്തൂര്‍ ഗ്രാമത്തെ ദു:ഖത്തിലാക്കി. വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് അഞ്ചു പേരുടേയും മൃതദേഹങ്ങള്‍ ഖബറടക്കിയത്. അപകടത്തില്‍ തിരൂര്‍ മീനടത്തൂര്‍ സ്വദേശികളായ വരിക്കോട്ടില്‍ യാഹുട്ടി, ഭാര്യ നഫീസ, മകള്‍ സഹീറ, സഹീറയുടെ മകന്‍ ഷഫിന്‍ മുഹമ്മദ്, മഠത്തില്‍ പറമ്പില്‍ സൈനുദ്ദീന്‍ എന്നിവരാണ് മരണപ്പെട്ടത്.
സൈനുദ്ദീന്റെ മയ്യിത്ത് ഇന്നലെ രാത്രി തന്നെ ചെമ്പ്ര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ബാക്കി മൂന്ന് മൃതദേഹങ്ങള്‍ ഇന്ന് രാവിലെ ഒമ്പതരയോടെയും നാലരവയസ്സുകാരന്‍ ഷഫിന്‍ മുഹമ്മദിന്റെ മൃതദേഹം ഉച്ചയ്ക്ക് രണ്ടരയോടെയും മീനടത്തൂര്‍ വെസ്റ്റ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലും മറവു ചെയ്തു.
കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയിലേക്ക് മീനടത്തൂരില്‍ നിന്നു കുടുംബത്തിലെ എട്ടു വയസ്സുകാരി ഷസയുടെ ചികില്‍സയ്ക്കായി കാറില്‍ പുറപ്പെട്ടതായിരുന്നു യാഹുട്ടിയുടെ കുടുംബം. പരിശോധന കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ രാമനാട്ടുകര ബൈപാസില്‍ വച്ചാണ് ടിപ്പര്‍ ലോറി ഇവര്‍ സഞ്ചരിച്ച കാറിലിടിച്ചത്. അപകടത്തില്‍ െ്രെഡവര്‍ സൈനുദ്ദീനും യാഹുട്ടിയുടെ ഭാര്യ നഫീസയും തല്‍ക്ഷണം മരിച്ചിരുന്നു. അപകടത്തില്‍ സാരമായി പരിക്കേറ്റ യാഹുട്ടിയും മകള്‍ സഹീറയും മണിക്കൂറുകള്‍ക്കകം മരണപ്പെട്ടു. ചികില്‍സയിലായിരുന്ന നാലരവയസ്സുകാരന്‍ മുഹമ്മദ് ഷഫിനും ഇന്നലെ രാത്രി പന്ത്രണ്ടോടെ മരണപ്പെടുകയായിരുന്നു. അപകട വിവരം അറിഞ്ഞതോടെ ബന്ധുക്കളും നാട്ടുകാരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മരണപ്പെട്ട സൈനുദ്ദീന്റെയും യാഹുട്ടിയുടെയും വീട്ടിലേക്കും ഒഴുകിയെത്തി. രണ്ടുപേരുടെ മരണവാര്‍ത്ത നാടൊട്ടുക്കും പ്രചരിക്കുന്നതിനിടയിലാണ് മറ്റു രണ്ടുപേരുടെ വേര്‍പാടിന്റെ വാര്‍ത്തയും വന്നെത്തിയത്. സൈനുദ്ദീന്റെ സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞ് ആളുകള്‍ പിരിയുമ്പോഴാണ് നാലരവയസ്സുകാരന്‍ മുഹമ്മദ് ഷഫിന്റെ മരണവാര്‍ത്ത അറിയുന്നത്.
അഞ്ചാമത്തെ മരണവാര്‍ത്ത കൂടി എത്തിയതോടെ ഗ്രാമം കണ്ണീരില്‍ മുങ്ങി. വര്‍ഷങ്ങളായി പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ കഴിയുന്നവരായിരുന്നു സുഹൃത്തുക്കളായ യാഹുട്ടിയും സൈനുദ്ദീനും. മരണപ്പെട്ട സാഹിറ ഭര്‍ത്താവ് യൂനുസിനും കുട്ടികള്‍ക്കുമൊപ്പം സൗദിയില്‍ താമസിക്കുകയായിരുന്നു. ഒരുവര്‍ഷമായി മക്കളോടൊപ്പം നാട്ടിലാണ് താമസം. മാതാവും സഹോദരനും മറ്റു കുടുംബാംഗങ്ങളും മരണപ്പെട്ടതറിയാതെ ഷസ ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുകയാണ്. വിവിധ രാഷ്ട്രീയ-മത സംഘടനാ നേതാക്കള്‍ വീടുകളിലും ആശുപത്രിയിലുമായി സന്ദര്‍ശനം നടത്തി. എംഎല്‍എ മാരായ സി മമ്മൂട്ടി, എന്‍ ഷംസുദ്ദീന്‍, വി അബ്ദുര്‍റഹ്മാന്‍, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി പി ബാപ്പു ഹാജി, പഞ്ചായത്ത് പ്രസിഡന്റ് വി പി സുലൈഖ എന്നിവര്‍ വീട്ടിലെത്തി അനുശോചനമറിയിച്ചു.
Next Story

RELATED STORIES

Share it