ernakulam local

വേമ്പനാട്ട് കായലില്‍ കുതിച്ചുപാഞ്ഞ് വാട്ടര്‍ പ്ലെയിന്‍



കൊച്ചി: വരാപ്പുഴ സെന്റ് സെബാസ്റ്റ്യന്‍ പള്ളിക്ക് മുന്നിലെ വേമ്പനാട്ട് കായല്‍പരപ്പിലൂടെ കുതിച്ചുപാഞ്ഞ പ്ലെയിന്‍ ഏവരെയും അമ്പരപ്പിച്ചു. പൊന്നാരിമംഗലം പുത്തന്‍തറയില്‍ ഷേബിള്‍ ഡിസൂസയുടെയും മകന്‍ ഗോഡ്‌സണ്‍ ഡിസൂസയുടെയും ദീര്‍ഘനാളത്തെ പരിശ്രമമാണ് ഇന്ന് വെള്ളംതൊട്ടത്. പരീക്ഷണാര്‍ത്ഥം നീറ്റിലിറക്കിയ പ്ലെയിനിനോട് രൂപസാദൃശ്യമുള്ള ബോട്ടില്‍ ഒമ്പത് യാത്രക്കാരും സുഖമായി കായലിലൂടെ കറങ്ങി. 40 കിലോമീറ്റര്‍ സ്പീഡില്‍ വാട്ടര്‍ പ്ലെയിന്‍ കുതിച്ചെങ്കിലും കുലുക്കമോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടായില്ലെന്ന് യാത്രക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. വെള്ളത്തിലിറങ്ങിയ ഉടനെ മല്‍സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വല ബോട്ടിനടിയില്‍ കുടുങ്ങിയത് ചെറിയ ആശങ്കകള്‍ക്ക് വഴിവച്ചെങ്കിലും പരീക്ഷണ യാത്രയെ ബാധിച്ചില്ല. എങ്കിലും തകരാര്‍ ഒഴിവാക്കുവാന്‍ 40 കിലോമീറ്ററാക്കി നിജപ്പെടുത്തിയാണ് പ്ലെയിന്‍ പറന്നത്. 100 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കുവാന്‍ സാധിക്കുന്ന ബോട്ട് വേഗത വര്‍ധിപ്പിച്ചാല്‍ 70 ശതമാനവും ജലത്തിന് മുകളിലെത്തും. 40 കിലോമീറ്റര്‍ സ്പീഡിലാണെങ്കില്‍ കൂടി 50 ശതമാനം വെള്ളത്തിന് മുകളിലെത്തും. ഒരുകാരണവശാലും വെള്ളത്തില്‍ മുങ്ങിപോകുമെന്ന പേടി ആവശ്യമില്ലെന്ന് നിര്‍മാതാക്കള്‍ പറയുന്നു. രൂപകല്‍പ്പനയുടെ പ്രത്യേകതയാണ് സുരക്ഷിതത്വം പ്രധാനം ചെയ്യുന്നത്. മെക്കാനിക്കല്‍ എഞ്ചിനീയറായ ഗോഡ്‌സണും സുഹൃത്തുക്കളും ചേര്‍ന്നാണ് വാട്ടര്‍ പ്ലെയിന്റെ രൂപരേഖ തയ്യാറാക്കിയത്. ഷേബിള്‍ ഡിസൂസയുടെ നേതൃത്വത്തില്‍ ഗോഡ്‌സണ്‍ എഞ്ചിനീയറിംഗ് എന്ന സ്വന്തം റൂഫിംഗ് വര്‍ക്ക് ഷോപ്പിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്.  ഇരുമ്പു പൈപ്പുകളും റൂഫിംഗിനുപയോഗിക്കുന്ന എസിപി ഷീറ്റും ഉപയോഗിച്ചാണ് ബോഡിയുടെ നിര്‍മാണം. ഒമിനി വാനിന്റെ 1000 സിസി എഞ്ചിന്‍ ഓള്‍ട്രേഷന്‍ ചെയ്താണ് ഉപയോഗിച്ചിരിക്കുന്നത്. എട്ട് മീറ്റര്‍ നീളവും 4.50 മീറ്റര്‍ വീതിയും രണ്ട് മീറ്റര്‍ ഉയരവുമുള്ള വാട്ടര്‍ പ്ലെയിനിന് 1200 കിലോ ഭാരവുമുണ്ട്.  എട്ട് ലക്ഷം രൂപയാണ് ഇതിന്റെ നിര്‍മാണ ചെലവ്. പഠനത്തിന്റെ ഭാഗമായി ഗോഡ്‌സണ്‍ തയറാക്കിയ പ്രോജക്ടാണ് ഇന്ന് ഈ നിലയിലേക്ക് എത്തിയത്. 30 പേര്‍ക്ക് സഞ്ചരിക്കാവുന്ന വാട്ടര്‍ പ്ലെയിനാണ് ഇനി ഇവരുടെ ലക്ഷ്യം. നിലവില്‍ നിര്‍മ്മിച്ച വാട്ടര്‍ പ്ലെയിന് ലൈസന്‍സ് ലഭിച്ചതിന് ശേഷം രണ്ടാമത്തേതിന്റെ നിര്‍മാണം ആരംഭിക്കും. മാധ്യമങ്ങളിലൂടെ വാട്ടര്‍ പ്ലെയിനിനെക്കുറിച്ചറിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ ഷേബിള്‍ ഡിസൂസെയേയും ഗോഡ്‌സണ്‍ ഡിസൂസയേയും അഭിനന്ദിച്ച് സന്ദേശമയക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it