വേമ്പനാട്ട് കായലിലെ ഡ്രഡ്ജിങ് ഹൈക്കോടതി തടഞ്ഞു

കൊച്ചി: വേമ്പനാട്ട് കായലിലെ ട്രാവന്‍കൂര്‍ സിമന്റ്‌സ് കമ്പനിയുടെ ഡ്രഡ്ജിങ് ഹൈക്കോടതി തടഞ്ഞു. ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ ഡ്രഡ്ജിങ് നിരോധിച്ചുകൊണ്ടാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്. വേമ്പനാട്ടുകായലില്‍ ഡ്രഡ്ജിങ് നടത്തുന്നതിനെതിരേ കക്കവാരല്‍ത്തൊഴിലാളി സഹകരണസംഘം നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.
കായലില്‍നിന്നു വെള്ളകക്ക ഡ്രഡ്ജ് ചെയ്യുന്നതിന് ട്രാവന്‍കൂര്‍ സിമന്റ്‌സ് കമ്പനിക്ക് മൈനിങ് ആന്റ് ജിയോളജി വകുപ്പ് അനുമതി നല്‍കി. ഖനനത്തിനുള്ള കാലാവധി കഴിഞ്ഞശേഷവും കമ്പനി ഡ്രഡ്ജിങ് തുടര്‍ന്ന സാഹചര്യത്തില്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഖനനം നിര്‍ത്തിവച്ചിരുന്നു. എന്നാല്‍, ജിയോളജി വകുപ്പിനെ സ്വാധീനിച്ച് കമ്പനി അനധികൃത ഖനനത്തിന് 2015 ജൂണ്‍ 23ന് അനുമതി നേടി. 2011ലെ തീരപരിപാലന നിയമത്തില്‍ കായലിലെ ജലഭാഗത്തെ സിആര്‍ഇസഡ് നാല് എന്ന മേഖലയില്‍ പെടുത്തിയിരിക്കുകയാണെന്നും കേന്ദ്ര നിയമപ്രകാരം ഇത് ഡ്രഡ്ജിങ് നിരോധിത മേഖലയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്. സംസ്ഥാന നീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ലംഘനമാണ് കമ്പനി നടത്തുന്നത്. 10 ലക്ഷത്തോളം കക്ക-മല്‍സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ ഹനിക്കുന്നതാണ് ട്രാവന്‍കൂര്‍ സിമന്റ്‌സ് കമ്പനിയുടെ നടപടിയെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തോട് ഇതുസംബന്ധിച്ച് സത്യവാങ്മൂലം സമര്‍പിക്കാന്‍ കോടതി ഉത്തരവിട്ടു. ഹരജി വീണ്ടും അടുത്ത മാസം ഒമ്പതിനു പരിഗണിക്കും.
Next Story

RELATED STORIES

Share it