Alappuzha local

വേമ്പനാട്ടുകായലില്‍ അപകട സാധ്യതയേറുന്നു : ചാനല്‍ മാര്‍ക്കിങ് ബോയകള്‍ തെളിയുന്നില്ല



പൂച്ചാക്കല്‍: വേമ്പനാട്ടുകായലില്‍ പാണാവള്ളി, പെരുമ്പളം, തവണക്കടവ്, വൈക്കം ഭാഗങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ചാനല്‍ മാര്‍ക്കിങ് ബോയകള്‍ തെളിയുന്നില്ലെന്നു പരാതി. ഇതുമൂലം മല്‍സ്യത്തൊഴിലാളികള്‍ക്കും ബോട്ട് ഡ്രൈവര്‍മാര്‍ക്കും രാത്രിയില്‍ ഉള്‍പ്പെടെ ദിശ തിരിച്ചറിയാനാവാത്ത അവസ്ഥയുണ്ട്. രാത്രിയിലും മഴമൂലം ഇരുട്ടുള്ള സമയത്തും മല്‍സ്യത്തൊഴിലാളികളും യാത്രാബോട്ടുകളും സഞ്ചരിക്കുമ്പോള്‍ അവ കടന്നുപോകേണ്ട സുരക്ഷിത സ്ഥലങ്ങളെ തിരിച്ചറിയുന്നതിനാണ് ഇറിഗേഷന്‍ തുറമുഖ വകുപ്പുകളുടെ നേതൃത്വത്തില്‍ കായലല്‍ നിശ്ചിത സ്ഥലങ്ങളില്‍ നിശ്ചിത അകലങ്ങളില്‍ ചാനല്‍മാര്‍ക്കിങ് ബോയകള്‍ സ്ഥാപിച്ചിരിക്കുന്നത്. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്ന ബോയകളില്‍ രാത്രിയില്‍ വെളിച്ചം തെളിയും. ഇത് മനസിലാക്കിയാണ് ബോട്ടുകളും വള്ളങ്ങളും സുരക്ഷിതമായി കടന്നുപോകുന്നത്. ബോയകളില്‍ പകല്‍ സംഭരിക്കുന്ന സൗരോര്‍ജമാണ് രാത്രിയില്‍ തെളിയുന്നതിന് ശേഷി നല്‍കുന്നത്. പാണാവള്ളി , പെരുമ്പളം, പൂത്തോട്ട ഭാഗങ്ങളില്‍ പലയിടത്തും ബോയകള്‍ തകര്‍ന്ന് ഇല്ലാതായിരിക്കുകയാണ്. മറ്റുള്ളവ പ്രവര്‍ത്തിക്കുന്നുമില്ല. തവണക്കടവ്, വൈക്കം ഫെറിയില്‍ ബോയകള്‍ ഉണ്ടെങ്കിലും പലതും പ്രവര്‍ത്തിക്കുന്നില്ല. ബോയകള്‍ പ്രകാശിക്കാതിരുന്നാല്‍ മഴസമയത്ത് ഉള്‍പ്പെടെ ബോട്ടുകളും മത്സ്യത്തൊഴിലാളികളും ദിശമാറി സഞ്ചരിച്ച് അപകടപ്പെടുന്നതിന് സാധ്യതയുണ്ടെന്നു യാത്രക്കാരും മത്സ്യത്തൊഴിലാളികളും പറയുന്നു. ബോയകള്‍ സ്ഥാപിച്ചിരിക്കുന്ന സര്‍ക്കാര്‍ വകുപ്പുകള്‍ അവ പരിശോധിച്ച് തകരാര്‍ പരിഹരിക്കണമെന്നും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നുമാണ് യാത്രക്കാരുടെയും മത്സ്യത്തൊഴിലാളികളുടെയും ആവശ്യം.
Next Story

RELATED STORIES

Share it