kasaragod local

വേനല്‍ മഴ: മലയോര മേഖലയില്‍ കനത്ത നാശം

കാഞ്ഞങ്ങാട്/നീലേശ്വരം/ തൃക്കരിപ്പൂര്‍: കഴിഞ്ഞ ദിവസം രാത്രിയുണ്ടായ വേനല്‍മഴയിലും കാറ്റിലും വ്യാപകനാശം. പനത്തടി കോളിച്ചാല്‍ കൊളപ്പുറത്ത് വാടക വീട്ടില്‍ താമസിക്കുന്ന ശാരദയുടെ വീട്ടിന്റെ മേല്‍ക്കുര ഷീറ്റ് തകര്‍ന്ന് മുഖത്ത് വീണ് പരിക്കേറ്റു. പ്രന്തര്‍കാവില്‍ വീട് തകര്‍ന്ന് വീണ് കെ ഗോവിന്ദന് സാരമായി പരിക്കേറ്റു. എം ചാക്കോയുടെ വാടക വീട് തകര്‍ന്ന് ആറു ഇതര സംസ്ഥാന തൊഴിലാളികളുടെ കുടുംബങ്ങള്‍ പെരുവഴിയിലായി. ടോമി, ലിജോ, ജോണ്‍, അപ്പച്ചന്‍, ഉസ്്മാന്‍, തോമസ്, മാത്യു, ബിജു, ജോസ് തുടങ്ങി നിരവധി പേരുടെ 600ഓളം റബര്‍ മരങ്ങള്‍ കാറ്റില്‍ നിലം പൊത്തി.
മടിക്കൈ ചാളക്കടവ് ഉണ്ണിയുടെ വീട്ടിന് മുകളില്‍ മരം വീണ് വീട്പൂര്‍ണമായും തകര്‍ന്നു. മടിക്കൈ, കക്കാട്ട്, പള്ളത്തുവയല്‍, പുതിയകണ്ടം, മൂലായിപ്പള്ളി, പുളിക്കാല്‍, ചാളക്കടവ്, കണിച്ചിറ, മണക്കടവ് തുടങ്ങി നിരവധി സ്ഥലങ്ങളില്‍ നേന്ത്രവാഴകള്‍ കാറ്റില്‍ നിലംപതിച്ചു. കള്ളാറിലെ പള്ളത്തുവയില്‍ പി വി ബാബു, വി രാജീവന്‍, വിനോദ്, കുഞ്ഞിരാമന്‍, തമ്പാന്‍, എ എം രവി, ദാമോദരന്‍ എന്നിവരുടെ കുലച്ച നാനൂറോളം നേന്ത്രവാഴകള്‍ കാറ്റില്‍ ഒടിഞ്ഞു.കള്ളാര്‍ പനത്തടി പഞ്ചായത്തില്‍ ഒരു കോടി രൂപ നഷ്ടം കണക്കാക്കുന്നു. പതിനഞ്ച് വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. പനത്തടി, കള്ളാര്‍ പഞ്ചായത്തുകളിലായി രണ്ടായിരത്തോളം റബര്‍ മരങ്ങള്‍ കട പൊഴുകി വീണു. കൊളപ്പുറത്ത് ട്രാന്‍സ്‌ഫോര്‍മര്‍ മറിഞ്ഞ് വീണു. ബളാ ന്തോട്, രാജപുരം സെക്ഷനുകളിലെ 80ഓളം വൈദ്യുതി തൂണുകള്‍ തകര്‍ന്ന് വീണു. വ്യാപകമായ കൃഷി നാശവുമുണ്ട്. കവുങ്ങ്, തെങ്ങ് മുതലായ കാര്‍ഷിക വിളകള്‍ നശിച്ചു. കാഞ്ഞങ്ങാട് പുഞ്ചാവി കടപ്പുറത്ത് വീട് തകര്‍ന്ന് അഞ്ചു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ശബരി ക്ലബ്ബിന് മുന്‍വശത്ത് താമസിക്കുന്ന മല്‍സ്യത്തൊഴിലാളി സുരേഷി ന്റെ വീടാണ് തകര്‍ന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നോടെയണ് സംഭവം. ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം ഇറങ്ങിയോടിയതിനാല്‍ വന്‍ ദുരന്തമൊഴിവായി.
നീലേശ്വരം: അപ്രതീക്ഷിതമായി എത്തിയ വേനല്‍മഴയെ തുടര്‍ന്നുണ്ടായ കാറ്റിലും ഇടിമിന്നലിലും മലയോരത്ത് നിരവധി വീടുകള്‍ക്കും ഫലവൃക്ഷങ്ങള്‍ക്കും നാശം. ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി-ടെലഫോണ്‍ ബന്ധം താറുമാറായി. ചെറുവത്തൂര്‍ ഓര്‍ക്കുളത്തെ യശോദയുടെ വീടിന്റെ മുകളില്‍ തെങ്ങ് വീണ് ഇവരുടെ കൊച്ചുമകള്‍ക്ക് പരിക്കേറ്റു. ര്‍ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മടിക്കൈ ചാളക്കടവിലെ ഉണ്ണിയുടെ വീടിന് മുകളില്‍ മരം വീണ് പുര്‍ണ്ണമായും തകര്‍ന്നു. മടിക്കൈ, കക്കാട്ട്, പുളിക്കല്‍, കണിച്ചിറ , മണക്കടവ്, പള്ളത്തുവയല്‍, പുതിയകണ്ടം, മുലായിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ നേന്ത്രവാഴകള്‍ നശിച്ചു.
പള്ളത്തുവയലില്‍ പി വി ബാബു, വി രാജീവന്‍, വിനോദ്, കുഞ്ഞിരാമന്‍, തമ്പാന്‍, എ എം രവി, ദാമാദരന്‍ എന്നിവരുടെ നൂറോളം കുലച്ച നേന്ത്രവാഴകളാണ് കാറ്റില്‍ നശിച്ചത്. വെള്ളരിക്കുണ്ട് താലൂക്കിലെ വിവിധ ഭാഗങ്ങളിലും കാറ്റിലും ഇടിമിന്നലിലും കനത്ത നാശമാണ് ഉണ്ടായത്. മലയോരത്ത് നിരവധി റബര്‍ മരങ്ങളും കാറ്റില്‍ നിലംപൊത്തി. ആദ്യ വേനല്‍ മഴയില്‍ തന്നെ അശാസ്ത്രിയമായി റോഡരികില്‍ തീര്‍ത്ത കേബിള്‍ കുഴികള്‍ വാഹനങ്ങള്‍ക്ക് കുരുക്കായി, കഴിഞ്ഞ ദിവസം റോഡില്‍ പൊട്ടിവീണ മരം മറികടന്ന് റോഡരിക് ചേര്‍ന്ന് കടന്നു പോകാന്‍ ശ്രമിച്ച സ്വകാര്യ ബസ് കേബിള്‍ കുഴിയില്‍ വീണു ബിരിക്കുളത്ത് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടിരുന്നു.
തൃക്കരിപ്പൂര്‍: കഴിഞ്ഞ ദിവസം പുലര്‍ച്ചെ വീശിയടിച്ച കാറ്റില്‍ തൃക്കരിപ്പൂര്‍ നടക്കാവ് കോളനിയിലെ കൊണ്ണുക്കുടിയന്‍ കൃഷ്ണന്റെ വീടിന് മുകളില്‍ തെങ്ങ് മുറിഞ്ഞു വീണ് വീട് ഭാഗികമായി തകര്‍ന്നു. വീട്ടുകാര്‍ പുറത്തേക്ക് ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വീടിന്റെ പിന്നിലെ മേല്‍ക്കൂര തകര്‍ന്നു.തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് എയുപി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നട്ടുവളര്‍ത്തിയ 30ല്‍പരം വാഴകള്‍ കാറ്റില്‍ ഒടിഞ്ഞുവീണു. സെന്റ് പോള്‍സ് പള്ളിയുടെ പ്രധാന കവാടത്തിന് മുന്നിലെ ഗ്രോട്ടോയുടെ മതില്‍ തകര്‍ന്നു.
തൃക്കരിപ്പൂരിലും പരിസര പ്രദേശങ്ങളിലുമുണ്ടായ ശക്തമായ കാറ്റിലും മഴയിലും കനത്ത നാശം. തൃക്കരിപ്പൂര്‍ വൈദ്യുതി സെക്ഷന്‍ പരിധിയിലെ നാല് ഹൈ ടെന്‍ഷന്‍ വൈദ്യതി തൂണുകളും മുപ്പത് ലോ ടെന്‍ഷന്‍ തൂണുകളും കാറ്റില്‍ തകര്‍ന്നു. ഇതോടെ വൈദ്യുതി ബന്ധം താറുമാറായി. എടാട്ടുമ്മല്‍ , മെട്ടമ്മല്‍, കക്കുന്നം, പൊറോപ്പാട്, തെക്കെ മാണിയാട്ട്, ഇടയിലെക്കാട് തുടങ്ങിയ പ്രദേശങ്ങളില്‍ മരങ്ങളും തെങ്ങുകളും വൈദ്യുതി ലൈനിനു മുകളിലേക്ക് മറിഞ്ഞു വീണു. വൈദ്യുതി വകുപ്പ് ജീവനക്കാരുടെയും നാട്ടുകാരുടെയും ഫയര്‍ഫോഴ്‌സിന്റെയും യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനത്തിലൂടെ മിക്കയിടത്തും വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.
വൈദ്യുതി ബോര്‍ഡിന് അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. എടാട്ടുമ്മലിലെ വി കുഞ്ഞിരാമന്റെയും ഇളമ്പച്ചി വി പത്മാവതിയുടെയും വിറ്റാക്കുളത്ത് ടി തമ്പാന്റെയും    നടക്കാവ് കോളനിയിലെ കെ കൃഷ്ണന്റെ വീടു മുകളിലും തെങ്ങ് കടപുഴകി വീണു. ആളപായമില്ല.
Next Story

RELATED STORIES

Share it