palakkad local

വേനല്‍ മഴ: പടിഞ്ഞാറന്‍ മേഖലയില്‍ വ്യാപക കൃഷിനാശം

പട്ടാമ്പി: വേനല്‍ മഴയില്‍ ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയില്‍ പെട്ടതൃത്താലയിലെ വിവിധ പ്രദേശങ്ങളില്‍ വ്യാപക കൃഷിനാശം. തിരുമിറ്റക്കോട്, നാഗലശ്ശേരി, ചാലിശ്ശേരി, പട്ടിത്തറ, കപ്പൂര്‍, ആനക്കര, തൃത്താല തുടങ്ങി വിവിധ പഞ്ചായത്തുകളില്‍ കൃഷി നശിച്ചിട്ടുണ്ട്. കക്കാട്ടിരിയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്.
കക്കാട്ടിരി പാടശേഖരത്തിന് കീഴില്‍ ഉള്ള പുളിയപറ്റ കായല്‍ പ്രദേശത്ത് ആറ് ഏക്കറിലധികം നെല്‍കൃഷി വെള്ളം കയറി പൂര്‍ണമായും നശിച്ചു. പുഞ്ചകര്‍ഷകനായ കൊട്ടപ്പുഞ്ചയില്‍ ഉണ്ണിയുടെ നെല്‍കൃഷിയാണ് വെള്ളത്തിനടിയിലായത്..പുളിയപറ്റ കായല്‍ താഴ്ന്ന പ്രദേശമായതിനാല്‍ വെള്ളം വറ്റുന്നത് വരെ കാത്തിരുന്ന് ഡിസംബര്‍,ജനുവരി മാസത്തോടെയാണ് ഈ പ്രദേശത്ത് കര്‍ഷകര്‍ കൃഷിയിറക്കുന്നത് .അത് മൂലം പലര്‍ക്കും വേനല്‍മഴക്ക് മുമ്പ് നെല്ല് കൊയ്‌തെടുക്കാന്‍ കഴിയാറില്ല.
മഴ പെയ്താല്‍ കൃഷി പൂര്‍ണമായും വെള്ളത്തിലാവുകയും ചെയ്യും. രണ്ട് വര്‍ഷം മുമ്പ് അമ്പതേക്കറിലധികം നെല്‍കൃഷി വേനല്‍മഴയില്‍ നശിക്കുകയുണ്ടായി. ലക്ഷക്കണക്കിന് രൂപയാണ് കര്‍ഷകര്‍ക്ക് നഷ്ടം സംഭവിച്ചത്. ഇത്തരം പ്രതികൂല സാഹചര്യങ്ങളില്‍ നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. പുളിയപറ്റ കായല്‍ കര്‍ഷകര്‍ സ്ഥിരമായി നേരിടുന്ന കൃഷി നാശ ഭീഷണിയെ പ്രതിരോധിക്കാന്‍ തോടിന് കുറുകെ ഒരു തടയണ നിര്‍മിക്കുകയും ഒരു മോട്ടോര്‍പമ്പ് സെറ്റ് സ്ഥാപിക്കുകയും ചെയ്യണമെന്ന് ആവശ്യം ഉന്നയിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായെങ്കിലും അതിന് ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
അധികാരികള്‍ക്കും ജനപ്രതിനിധികള്‍ക്കും നിവേദനം നല്‍കിയിട്ടുണ്ടെന്നും മുങ്ങി നശിച്ച നെല്‍കൃഷിക്ക് നഷ്ട പരിഹാരത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൃഷി ഓഫിസര്‍ക്ക് പരാതി നല്‍കിയതായും കക്കാട്ടിരി  പാടശേഖര സമിതി സെക്രട്ടറി പറഞ്ഞു.
Next Story

RELATED STORIES

Share it