kannur local

വേനല്‍ മഴയില്‍ 11 വീടുകള്‍ തകര്‍ന്നു : ആറളത്ത് ലക്ഷങ്ങളുടെ നാശനഷ്ടം



ഇരിട്ടി: കഴിഞ്ഞ ദിവസം വേനല്‍ മഴയോടപ്പമുണ്ടായ ശക്തമായ കാറ്റില്‍ ആറളം പഞ്ചായത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടം. കീഴ്പള്ളി, പുതിയങ്ങാടി, ആറളം ഫാം, കുണ്ടുമാങ്ങോട്, വീര്‍പ്പാട്, മാങ്ങോട്, ചതിരൂര്‍ പ്രദേശങ്ങളിലാണ് വ്യാപക നാശമുണ്ടായത്. 11 വീടുകള്‍ തകര്‍ന്നു. ആറളംഫാമിലെ നൂറുകണക്കിന് റബര്‍ മരങ്ങളാണ് തകര്‍ന്നത്. ശക്തമായ കാറ്റില്‍ മരം വീണ് ആറളംഫാമില്‍ ഷെഡില്‍ നില്‍ക്കുകയായിരുന്ന ആറ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പന്ത്രണ്ടാം ബ്ലോക്കിലെ മോളി(35), സരസു(45), ശാന്ത(45), സീത(40), ലക്ഷ്മി(35), പ്രശാന്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മോളിയെയും സരസുവിനെയും തലശ്ശേരി ജനറല്‍ ആശുപത്രിയിലും മറ്റുള്ളവരെ ഇരിട്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചതിരൂരിലെ ചെനമറ്റം ടോമിയുടെ വീടിന്റെ മേല്‍ക്കുര ആസ്ബറ്റോസ് പൂര്‍ണമായി തകര്‍ന്നു. കൊച്ചുപുരയ്ക്കല്‍ സന്തോഷ്, കുന്നുപുറത്ത് മാത്യു, രാജു, കൊഴിയോട്ടെ ഖദീജ, കുന്നുപുറത്ത് ഷാജി, കീഴ്പള്ളിയിലെ മനോജ്, ബേബി എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. മിക്ക സ്ഥലങ്ങളിലും വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ട നിലയിലാണ്. നാശം നേരിട്ട പ്രദേശങ്ങല്‍ ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി നിടുപറമ്പില്‍, വൈസ് പ്രസിഡന്റ് കെ വേലായുധന്‍, റവന്യു അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it