Idukki local

വേനല്‍ മഴതൊടുപുഴയില്‍ 11 ലക്ഷം രൂപയുടെ നഷ്ടം

തൊടുപുഴ: തൊടുപുഴ മേഖലയില്‍ പെയ്ത ശക്തമായ വേനല്‍മഴയില്‍ 11 ലക്ഷത്തില്‍ അധികംരൂപയുടെ നാശനഷ്ടം. ആലക്കോട്, ഇടവെട്ടി ഗ്രാമപ്പഞ്ചായത്തുകളില്‍ വ്യാപക കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. വേനല്‍മഴ ലഭിച്ച ആദ്യദിനം തന്നെ വന്‍ നഷ്ടം സംഭവിച്ചതായാണ് കൃഷി വകുപ്പുദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.
ആലക്കോട് പഞ്ചായത്തില്‍ കണ്ടത്തില്‍ ജെയ്‌സണ്‍, ജോഷി കരിതോളില്‍, ലോറന്‍സ് പീടിയേക്കല്‍ എന്നിവരുടേതായി 2500ഓളം  കുലച്ച വാഴകള്‍ കാറ്റില്‍ നിലംപൊത്തി. ഇവര്‍ക്കുമാത്രമായി 7.5 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. കല്ലിടുക്കില്‍ ജോയി എന്ന കര്‍ഷകന്റെ ഉടമസ്ഥതയിലുള്ള ടാപ്പിങ്ങ് നടത്തിക്കൊണ്ടിരുന്ന 100 റബ്ബര്‍ മരങ്ങള്‍ നശിച്ചു. ആലക്കോട് പഞ്ചായത്തില്‍ ഒറ്റ ദിവസം കൊണ്ട് 10 ലക്ഷം രൂപയുടെ —നഷ്ടമുണ്ടായതായി കൃഷി വകുപ്പുദ്യോഗസ്ഥര്‍ പറഞ്ഞു. ആലക്കോട് സ്വദേശി പെരികിലത്ത് സിജോ എബ്രഹാം എന്ന കര്‍ഷകന്‍ തെക്കുംഭാഗത്ത്  മൂന്ന് ഏക്കറിലായി കൃഷി ചെയ്തിരുന്ന വിളവെടുക്കാറായ 600 നേന്ത്രവാഴകള്‍ കാറ്റില്‍ നശിച്ചു. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തു വരികയായിരുന്നു ഇദ്ദേഹം.
ഇടവെട്ടി പഞ്ചായത്തില്‍ അഞ്ച് കര്‍ഷകരുടേതായി വിളവെടുപ്പിന് പാകമായ 2500 വാഴകള്‍ നശിച്ചു. 2.5ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. പതിനഞ്ചോളം ടാപ്പിങ് നടത്തുന്ന റബര്‍ മരങ്ങള്‍ ഇരുപതോളം ജാതി 10 തെങ്ങ് എന്നപ്രകാരം അമ്പതിനായിരം രൂപയുടെ നാശനഷ്ടം വേറെയും ഉണ്ടായിട്ടുണ്ട്. ഉണ്ണികൃഷ്ണ്‍ .യു ജോസ് പുതൂര്‍, ജോര്‍ജ് പൂതൂര്‍, ടോണി മൈലാടൂര്‍, ജോണ്‍ പുതുപ്പറമ്പില്‍ എന്നിവരാണ് വിള നശിച്ചതുമൂലം നഷ്ടമുണ്ടായ നേരിട്ട കര്‍ഷകര്‍. കാര്‍ഷിക ഇന്‍ഷുറന്‍സ് ഗുണഭോക്താക്കളായ കര്‍ഷര്‍ക്ക് സബ്‌സിഡി ഇനത്തില്‍ വാഴ ഒന്നിന് മുന്നൂറു രൂപ നിരക്കിലാണ് നഷ്ടപരിഹാരം ലഭ്യമാക്കുന്നത്. ഇന്‍ഷ്വര്‍ ചെയ്യാത്തവയ്ക്ക് നൂറുരൂപ നിരക്കിലും തുക ലഭ്യമാക്കും. അപേക്ഷ ലഭിച്ചതുപ്രകാരമുള്ള കണക്കാണ് ഇതെന്നും കൂടുതല്‍ അപേക്ഷകള്‍ ലഭിക്കുന്ന പക്ഷം കര്‍ഷകര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരത്തുക ഇനിയും ഉയരുമെന്നും കൃഷിവകുപ്പ് അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it