wayanad local

വേനല്‍മഴ വൈകുന്നു; പുല്‍പ്പള്ളി വരള്‍ച്ചയുടെ പിടിയിലേക്ക്

പുല്‍പ്പള്ളി: വേനല്‍ മഴ വൈകുന്നതോടെ പുല്‍പ്പള്ളയും പരിസരങ്ങളും വരള്‍ച്ചയുടെ പിടിയിലേക്ക്. കിണറുകളും ജലസ്രോതസ്സുകളും വറ്റി തുടങ്ങി. പ്രദേശത്ത് മിനറല്‍ വാട്ടര്‍ ബോട്ടിലുകള്‍ക്ക് ചിലവേറുകയാണ്. ജില്ലയുടെ വിവിധഭാഗങ്ങളില്‍ ശക്തമായ വേനല്‍ മഴ ലഭിച്ചെങ്കിലും പുല്‍പ്പള്ളി മേഖലയില്‍ മഴ ലഭിച്ചിട്ടില്ല.
കാര്‍മേഘം മൂടിക്കിടക്കുന്നതല്ലാതെ മഴ തുണയ്ക്കുന്നില്ല. ഇതിനാല്‍ കൃഷികള്‍ ഉണങ്ങി നശിക്കുകയും കിണറും കുളങ്ങളും വറ്റി കുടിവെള്ള ക്ഷാമവും ഉണ്ടായിരിക്കുകയാണ്. കുടിവെള്ളത്തിനായി കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ടി വരുന്നു. പുഴകളോട് ചേര്‍ന്നു കിടക്കുന്ന വയലുകളും തോടുകളും വറ്റി വരണ്ടു കിടക്കുകയാണ്. അനധികൃത മണലൂറ്റലിനെ തുടര്‍ന്ന് പുഴകള്‍ ഇടിഞ്ഞു താഴ്ന്നതാണ് പുഴയോരങ്ങളിലെ വയലുകള്‍ വിണ്ടു കീറാന്‍ കാരണമെന്നു കര്‍ഷകര്‍ പറയുന്നു. പകലും രാത്രിയും അന്തരീക്ഷം മേഘാവൃതമായതിനാല്‍ കഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. പലപ്പോഴും നീണ്ട സമയം വൈദ്യുതി മുടങ്ങുന്നത് പതിവായതോടെ ഫാനിനെ ആശ്രയിക്കാനും കഴിയാതെയായി. ഇതോടെ രാത്രികാലങ്ങളില്‍ പോലും വീടിനു പുറത്താണ് ഉറക്കം. കുപ്പിവെള്ള കച്ചവടം ഗ്രാമങ്ങളില്‍ പോലും പൊടിപൊടിക്കുകയാണ്. മഴ ഇനിയും വൈകിയാല്‍ വരള്‍ച്ച രൂക്ഷമാകുമെന്ന ആശങ്കയിലാണ് കുടിയേറ്റ മേഖലയിലെ കര്‍ഷകര്‍.
Next Story

RELATED STORIES

Share it