kannur local

വേനല്‍മഴ വിനയായി; കശുവണ്ടി വിലയിടിഞ്ഞു

കണ്ണൂര്‍:  കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയായി കശുവണ്ടിയുടെ വില ഇടിഞ്ഞു. തുടര്‍ച്ചയായ വേനല്‍മഴയാണു വില്ലനായത്. കിലോയ്ക്ക് 155 രൂപ ഉണ്ടായിരുന്നത് 146 ആയി കുറഞ്ഞു. എല്ലാ വര്‍ഷവും വേനല്‍മഴ ആരംഭിക്കുമ്പോള്‍ തന്നെ വില ഇടിയാറുണ്ടെങ്കിലും ഇത്തവണ ഉല്‍പാദനം ആരംഭിച്ചതോടെ തന്നെ വില ഗണ്യമായി ഇടിഞ്ഞു. തുടര്‍ച്ചയായ മഴ ഉല്‍പാദനത്തെയും ബാധിച്ചിട്ടുണ്ട്. കനത്ത മഴയില്‍ പൂക്കുലകള്‍ അടിഞ്ഞുപോയി.
കൂടാതെ, കശുവണ്ടിക്ക് ചെറിയ നിറവ്യത്യാസവും ഉണ്ടായി. സീസണിന്റെ തുടക്കത്തില്‍ ഏറെക്കുറെ മെച്ചപ്പെട്ട വില ലഭിച്ചതില്‍ ആശ്വസിച്ചിരുന്നു കര്‍ഷകര്‍.
സാധാരണഗതിയില്‍ ഏപ്രില്‍ മാസം നല്ല വിളവ് ലഭിച്ചിരുന്ന കര്‍ഷകര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത് കുറഞ്ഞ വിളവ് മാത്രം. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മറികടന്ന് വന്‍കിട കമ്പനികളും ഫാക്ടറി ഉടമകളും ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് കശുവണ്ടി ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയതും നാട്ടിന്‍പുറത്തെ കര്‍ഷകരെ പ്രതികൂലമായി ബാധിച്ചു.
കശുവണ്ടി ഉല്‍പാദനം കുറഞ്ഞതോടെ ഈ രംഗത്തെ തൊഴില്‍ സാധ്യതകളും കുറഞ്ഞുവരികയാണ്. ആവശ്യത്തിന് കശുവണ്ടി ലഭ്യമാവാത്തതിനെ തുടര്‍ന്ന് കശുവണ്ടി സംസ്‌കരണശാലകള്‍ പ്രതിസന്ധിയിലായി. സ്ത്രീകള്‍ അടക്കമുള്ള തൊഴിലാളികള്‍ ജോലി കുറഞ്ഞതോടെ ദുരിതത്തിലാണ്. വിലത്തകര്‍ച്ചയ്ക്കു പിന്നില്‍ കുത്തക വ്യാപാരികളാണെന്നാണ് കര്‍ഷകരുടെ ആരോപണം.
ഒരുമഴ പെയ്താല്‍ തന്നെ ഗുണനിലവാരം കുറഞ്ഞെന്നു പറഞ്ഞ് വില കുറയ്ക്കുകയാണ് വ്യാപാരികള്‍. പിന്നെ കുറച്ചുനാള്‍ മഴ പെയ്തില്ലെങ്കില്‍ പോലും കുറച്ച വില കൂട്ടാന്‍ വ്യാപാരികള്‍ തയ്യാറാവില്ല. ഇതുമൂലം കര്‍ഷകര്‍ക്ക് വലിയ നഷ്ടം തന്നെ നേരിടേണ്ടിവരുന്നു. കശുവണ്ടി കര്‍ഷകര്‍ക്ക് ആശ്വാസമേകുന്ന ഒരു പദ്ധതിയും സര്‍ക്കാര്‍ തലത്തില്‍ നടപ്പാക്കുന്നില്ല.
Next Story

RELATED STORIES

Share it