Kottayam Local

വേനല്‍ച്ചൂടില്‍ മലയോര മേഖലയില്‍ തീപ്പിടിത്തം വ്യാപകം; വിശ്രമമില്ലാതെ ഫയര്‍ഫോഴ്‌സ്

ഈരാറ്റുപേട്ട: വേനല്‍ കനത്തതോടെ വറ്റിവരണ്ട മലയോര മേഖലയില്‍ തീപിടിത്തം തുടര്‍ക്കഥയാവുന്നു. വിശ്രമിക്കാന്‍പോലും പറ്റാത്ത അവസ്ഥയിലാണ് ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍. കഴിഞ്ഞ ദിവസം മൂന്നു സ്ഥലങ്ങളിലാണ് തീപ്പിടിത്തം ഉണ്ടായത്്. രണ്ടു സംഭവങ്ങളില്‍ വൈദ്യുതി ലൈനില്‍ നിന്നാണു തീപടര്‍ന്നത്. മേലമ്പാറയില്‍ രണ്ടിടത്തു റബര്‍ തോട്ടങ്ങള്‍ക്കും തേവരുപാറയില്‍ തടിമില്ലിലുമാണ് തീപ്പിടിത്തമുണ്ടായത്. കഴിഞ്ഞ ഒരു മാസത്തിനിടെ 20ലേറെ തീപ്പിടിത്തമാണ് മലയോര മേഖലയില്‍ മാത്രമുണ്ടായത്.
മലയോരമേഖലകളില്‍ ഉയരം കൂടിയ പ്രദേശങ്ങളില്‍ പലയിടത്തും ഫയര്‍ ഫോഴ്‌സിന് എത്താന്‍ സാധിക്കുന്നില്ലെന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നു. മലയോര മേഖലകളില്‍ താഴ്ന്നുകിടക്കുന്ന വൈദ്യുതി ലൈനുകള്‍ കാറ്റുണ്ടാവുമ്പോള്‍ കൂട്ടിയിടിക്കുന്നതു പതിവാണ്. ഇത്തരത്തില്‍ കൂട്ടിയിടിക്കുമ്പോള്‍ തീപ്പൊരിയുണ്ടായി ഉണങ്ങിക്കിടക്കുന്ന പുല്ലില്‍ വീണാണ് അഗ്നിബാധയുണ്ടാവുന്നതില്‍ ഏറെയും. ഉണങ്ങിയ ഓല, മരത്തിന്റെ ശിഖരങ്ങള്‍ എന്നിവ വൈദ്യുത ലൈനില്‍ ഉരസിയാണു തീപടരുന്നത്. മാലിന്യങ്ങള്‍ കൂട്ടിയിടുന്നതും അഗ്നിബാധയ്ക്കിടയാക്കും. കഴിഞ്ഞ ദിവസം ഈരാറ്റുപേട്ട കോടതി, ബ്ലോക്ക് ഓഫിസ് എന്നിവയ്ക്കു സമീപം മാലിന്യങ്ങള്‍ക്കു തീപിടിച്ചിരുന്നു. ഫയര്‍ ഫോഴ്‌സെത്തിയാണ് അന്നു തീയണച്ചത്. പുരയിടങ്ങളില്‍ ഫയര്‍ ബെല്‍റ്റ് നിര്‍മിക്കണമെന്നും താഴ്ന്നുകിടക്കുന്ന വൈദ്യുത ലൈനുകള്‍ ഉണ്ടെങ്കില്‍ അതേ കുറിച്ച് കെഎസ്ഇബിയില്‍ അറിയിക്കണമെന്നും ഫയര്‍ ഫോഴ്‌സ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it