Idukki local

വേനല്‍ച്ചൂടില്‍ ഉരുകി ജനം: മലയോരത്ത് ജലക്ഷാമം രൂക്ഷം

തൊടുപുഴ: കടുത്ത ചൂടില്‍ ജില്ലയിലാകമാനം ഉരുകുകയാണ് ജനം. അതേസമയം, ലോ റേഞ്ചില്‍ അസഹ്യമായ രീതിയില്‍ ചൂട് കൂടുമ്പോള്‍ ഹൈറേഞ്ചില്‍ കുടിവെള്ളത്തിനായി നെട്ടോട്ടമാണ്. ജില്ലയില്‍ ദിനംപ്രതി താപനില വര്‍ധിക്കുകയാണ്. തൊടുപുഴയടക്കമുള്ള ലോറേഞ്ച് മേഖലകളിലാണ് കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്.
ഇപ്പോള്‍ ലോറേഞ്ച് മേഖലകളിലെ കൂടിയ താപനില 37-38 ഡിഗ്രിയാണ്. ഹൈറേഞ്ചിന്റെ ചില ഭാഗങ്ങളില്‍ കൂടിയ താപനില 32 ഡിഗ്രി വരെയെത്തി. ഇപ്പോഴത്തെ താപനില തുടര്‍ന്നാല്‍ കടുത്ത വരള്‍ച്ചയുണ്ടാവുമെന്ന് ഉറപ്പായി. പല പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷമായി തുടങ്ങിയിട്ടുണ്ട്. അണക്കെട്ടുകളിലെ ജലനിരപ്പ് താഴുകയാണ്. വനം, വന്യജീവി സമ്പത്തിനും പൊള്ളുന്ന വേനല്‍ ഭീഷണിയായി മാറിയിട്ടുണ്ട്. വേനല്‍ കനത്തതോടെ കാട്ടുതീ വന്‍തോതില്‍ നാശം വിതയ്ക്കുന്നു.
കാര്‍ഷിക മേഖലയും കടുത്ത പ്രതിസന്ധിയിലായി. ജലലഭ്യത കുറഞ്ഞതോടെ കൃഷി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നു കര്‍ഷകര്‍ പറയുന്നു. ഇതിനു പുറമെ കൃഷിയിടങ്ങളിലേക്കു തീ പടര്‍ന്നു പിടിച്ചുണ്ടായ നാശനഷ്ടങ്ങളും ഏറെയാണ്. വനാതിര്‍ത്തികളോടു ചേര്‍ന്ന ജനവാസമേഖലകളിലേക്കു വെള്ളവും തീറ്റയും തേടി വന്യമൃഗങ്ങള്‍ എത്തുന്നതു ജനങ്ങള്‍ക്കു ഭീഷണിയായിട്ടുണ്ട്. ചൂടു കൂടുമ്പോഴുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ കരുതിയിരിക്കണമെന്നു വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ചൂടുകൂടിയ സാഹചര്യത്തില്‍ സൂര്യാതപത്തിനുള്ള സാധ്യതയുള്ളതിനാല്‍ പകല്‍ സമയങ്ങളില്‍ പുറം ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കടുത്ത ചൂട് കണക്കിലെടുത്ത് വെയിലത്തു പണിയെടുക്കുന്ന തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മിഷണര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഉച്ചയ്ക്കു 12 മുതല്‍ മൂന്നുവരെ തൊഴിലാളികള്‍ക്കു വിശ്രമം നല്‍കണമെന്നാണു നിര്‍ദേശം. ചൂടു കൂടിയതോടെ വഴിയോരങ്ങള്‍ കേന്ദ്രീകരിച്ചും ശീതള പാനീയങ്ങളുടെയും പഴങ്ങളുടെയുമെല്ലാം വില്‍പന സജീവമായിട്ടുണ്ട്.
കരിക്കും കരിമ്പിന്‍ ജ്യൂസും തണ്ണിമത്തന്‍ ജ്യൂസുമെല്ലാം വഴിയോരങ്ങളില്‍ നിരന്നുകഴിഞ്ഞു. മനുഷ്യരെ മാത്രമല്ല, വളര്‍ത്തുമൃഗങ്ങളെയും ചൂട് തളര്‍ത്തുകയാണ്. കന്യാകുമാരിക്ക് സമീപം ന്യൂനമര്‍ദ്ദം രൂപപ്പെട്ടുവരുന്നുണ്ട് എന്ന വാര്‍ത്ത പ്രതീക്ഷയോടെയാണ് ജനം കാണുന്നത്. വേനല്‍മഴയെ പ്രതീക്ഷിച്ചു കഴിയുകയാണ് ജില്ലയിലുള്ളവര്‍.
Next Story

RELATED STORIES

Share it