kannur local

വേനല്‍ച്ചൂടിനെ മറികടന്ന് രാഷ്ട്രീയച്ചൂടിലേക്ക് കണ്ണൂര്‍

കണ്ണൂര്‍: നാളിതുവരെയില്ലാത്ത വേനല്‍ചൂടാണ് കണ്ണൂരിലിപ്പോള്‍. എന്നാല്‍, ഇന്നലെ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ രാഷ്ട്രീയച്ചൂടും കണ്ണൂരില്‍ ഉയര്‍ന്നിരിക്കുകയാണ്. മുന്നണികള്‍ സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നേയുള്ളുവെങ്കിലും ചായക്കട ചര്‍ച്ച എന്നേ സജീവമായിട്ടുണ്ടിവിടെ.
11 മണ്ഡലങ്ങളാണ് കണ്ണൂരിലുള്ളത്. എല്‍ഡിഎഫ് ആറിലും യുഡിഎഫ് അഞ്ച് മണ്ഡലങ്ങളിലുമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. ഭരണത്തുടര്‍ച്ച എന്ന യുഡിഎഫ് സ്വപ്‌നം യാഥാര്‍ഥ്യമാവണമെങ്കില്‍ ഇക്കുറി ഇതിലൊന്നു പോലും കുറയരുത്, കൂടിയാല്‍ സന്തോഷം. ഭരണം തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫിന് ആറെന്നത് കുറഞ്ഞത് എട്ടെങ്കിലുമാക്കി വര്‍ധിപ്പിച്ചേ മതിയാകു. അതിനുള്ള അണിയറ പ്രവര്‍ത്തനത്തിലാണ് സിപിഎമ്മും എല്‍ഡിഎഫും. എന്നാല്‍ അതിനിടെ വന്നുപെട്ട മനോജ് വധക്കേസും പി ജയരാജന്റെ അറസ്റ്റുമൊക്കെ പാര്‍ട്ടിയെ അല്‍പം ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
കണ്ണൂര്‍, ഇരിക്കൂര്‍, പേരാവൂര്‍, കൂത്തുപറമ്പ്, അഴീക്കോട് എന്നീ മണ്ഡലങ്ങളാണ് യുഡിഎഫ് പ്രതിനിധീകരിക്കുന്നത്. പയ്യന്നൂര്‍, തളിപ്പറമ്പ്, കല്ല്യാശ്ശേരി, മട്ടന്നൂര്‍, ധര്‍മടം, തലശ്ശേരി മണ്ഡലങ്ങള്‍ എല്‍ഡിഎഫും പ്രതിനിധീകരിക്കുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ സാധ്യതാപട്ടിക ഡിസിസി ഉപസമിതി തയ്യാറാക്കി സംസ്ഥാനഘടകത്തിന് നല്‍കിക്കഴിഞ്ഞു. കെ സുധാകരന്‍, കെ സി ജോസഫ്, സണ്ണി ജോസഫ് എന്നിവരാണ് യഥാക്രമം കണ്ണൂര്‍, ഇരിക്കൂര്‍, പേരാവൂര്‍ മണ്ഡലങ്ങളില്‍ മല്‍സരിക്കാന്‍ സാധ്യതയുള്ളവര്‍. സതീശന്‍ പാച്ചേനി, സജീവ് ജോസഫ്, കെ സി ഫൈസല്‍, എ പി അബ്ദുല്ലക്കുട്ടി, പി ഇന്ദിര, സജീവ് മാറോളി തുടങ്ങിയവരുടെ പേരുകളാണ് മറ്റുമണ്ഡലങ്ങളില്‍ പരിഗണിക്കുന്നത്.
മുസ്‌ലിം ലീഗ് മല്‍സരിക്കുന്ന അഴീക്കോട്ട് കെ എം ഷാജി രംഗപ്രവേശം ചെയ്തുകഴിഞ്ഞു. യുഡിഎഫില്‍ നിന്ന് ജനതാദള്‍(യു) മല്‍സരിക്കുന്ന കൂത്തുപറമ്പ് കെ പി മോഹനനും മട്ടന്നൂരില്‍ ജെഡി(യു) ജില്ലാ ജനറല്‍ സെക്രട്ടറി കെ വി കുഞ്ഞിരാമനും ജനവിധി തേടുമെന്നാണ് അറിയുന്നത്. സിപിഎമ്മില്‍ നിന്ന് സിറ്റിങ് എംഎല്‍എമാരായ ടി വി രാജേഷ്, ഇ പി ജയരാജന്‍, ജെയിംസ് മാത്യു എന്നിവര്‍ മല്‍സരിക്കും. സി കൃഷ്ണനും കെ കെ നാരയണനും മാറിനിന്നേക്കും. അതേസമയം, മട്ടന്നൂരില്‍ ഇ പി ജയരാജനു പകരം കെ കെ ശൈലജയെ മല്‍സരിപ്പിക്കണമെന്ന അഭിപ്രായവും പാര്‍ട്ടിയില്‍ ചിലര്‍ക്കുണ്ട്.
സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ എവിടെ മല്‍സരിക്കുമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും സാകൂതം വീക്ഷിക്കുന്നത്. സ്വന്തംതട്ടകമായ ധര്‍മടം മണ്ഡലത്തിനാണ് പ്രഥമ പരിഗണനയെങ്കിലും കണ്ണഞ്ചിക്കുന്ന ഭൂരിപക്ഷം വേണമെന്നതിനാല്‍ പയ്യന്നൂരും കല്ല്യാശ്ശേരിയും പിണറായിക്കായി പാര്‍ട്ടി കരുതിവയ്ക്കുന്നുണ്ട്. തീരുമാനം 13നുണ്ടാവുമെന്നാണ് കരുതുന്നത്.
Next Story

RELATED STORIES

Share it