kozhikode local

വേനല്‍ചൂട് കടുത്തു; മലയോര മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം

പേരാമ്പ്ര: വേനല്‍ ചൂട് കടുത്തതോടെ കുടിവെള്ളത്തിനായി മലയോര മേഖലയില്‍ കഴിയുന്ന നൂറ് കണക്കിന് കുടുംബങ്ങള്‍ പ്രയാസം നേരിടുന്നു.
കുന്നിന്‍ മുകളിലുള്ള നിരവധി കുടുംബങ്ങള്‍ കിലോമീറ്ററുകള്‍ താണ്ടിയാണ് വെള്ളത്തിന് എത്തുന്നത്.
കുളിക്കാനും അലക്കാനും പ്രയാസപ്പെടുന്ന മേഖലയിലെ നിരവധി കുടുംബങ്ങള്‍ കുടിവെള്ളം ലഭിക്കുന്ന ബന്ധു വീടുകളിലേക്ക് താമസം മാറുന്ന സാഹചര്യമാണ് ഉള്ളത്. ഇത് വരുമ്പോള്‍ കുട്ടികളുടെ വിദ്യഭ്യാസത്തെയും തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളെയും പ്രതികൂലമായി ബാധിക്കുമെന്ന അവസ്ഥയുമുണ്ട്.
കായണ്ണ പഞ്ചായത്തിലെ പൂമത്താം കുന്ന്, എരപ്പാം തോട്, കാപ്പുമല, കരിങ്കണ്ടന്‍ പാറ, മൊട്ടന്തറ, നമ്പ്രംകുന്ന്, തമരട്ടന്‍ കണ്ടി പാറ, പാത്തിപ്പാറ നൊച്ചാട് പഞ്ചായത്തിലെ നടുക്കണ്ടിപാറ, പുളിയോട്ട് മുക്ക്, നൊച്ചാട്, കൈതക്കല്‍ ചേനോളി, പയ്യാനക്കോട്ട് കുന്ന് പേരാമ്പ്രയുടെ കിഴക്കന്‍ മലയോര ഭാഗങ്ങളും കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്നു.
കുറ്റിയാടി ഇറിഗേഷന്‍ പദ്ധതിയുടെ കനാല്‍ തുറക്കാന്‍ വൈകിയത് പലയിടത്തും കിണറുകളിലും കുടിവെള്ള സ്രോതസുകളിലും വെള്ളം കിട്ടാത്ത അവസ്ഥ സൃഷ്ടിച്ചു.
ജലനിധിയുടേയും പഞ്ചായത്തിന്റേയും കുടിവെള്ള പദ്ധതി കിണറുകളും പലയിടത്തും വറ്റിയതോടെ കുന്നില്‍ പ്രദേശങ്ങളില്‍ വെള്ളം എത്തിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. പല ഭാഗങ്ങളിലും കുട്ടികളും സ്ത്രീകളും പാത്രങ്ങളുമായി വെളളത്തിന് കാത്തു നില്‍ക്കുന്ന ദയനീയ കാഴ്ചകളാണുള്ളത്.
Next Story

RELATED STORIES

Share it