thrissur local

വേനലെത്തും മുമ്പേ നീര്‍ച്ചാലായി നിളാ നദി

ചെറുതുരുത്തി: വേനലെത്തും മുന്‍പേ നീര്‍ച്ചാലായി നിള. ഭാരതപ്പുഴയുടെ തീരങ്ങളില്‍ വരള്‍ച്ചയെ ഒരു പരിധിവരെ മറികടക്കാന്‍ സാധിച്ചിരുന്നത് പുഴയിലെ വെള്ളമായിരുന്നു. ഭാരതപ്പുഴയില്‍ നിരവധി കുടിവെള്ള പദ്ധതികളാണ് ഉള്ളത്.
വള്ളത്തോള്‍ നഗര്‍, പാഞ്ഞാള്‍, ദേശമംഗലം ഗ്രാമ പഞ്ചായത്തുകളും പാലക്കാട് ജില്ലയില്‍ ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റി, ഓങ്ങല്ലൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളിലുമായി പത്തില്‍ കൂടുതല്‍ കുടിവെള്ള പദ്ധതികളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍തന്നെ വള്ളത്തോള്‍ നഗര്‍, ദേശമംഗലം പഞ്ചായത്തുകളിലേക്കുള്ള പല പമ്പ് ഹൗസുകളിലും ഇപ്പോള്‍ തന്നെ വെള്ളം ഇല്ലാത്ത അവസ്ഥയാണ്.
ചെറുതുരുത്തി മേച്ചേരിക്കുന്നു പമ്പ് ഹൗസ്, ദേശമംഗലം കൊണ്ടയൂര്‍ പമ്പ് ഹൗസ്, പൈങ്കുളം പമ്പ് ഹൗസ് എന്നിവിടങ്ങളില്‍ പമ്പിങ് നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യങ്ങള്‍ വരാന്‍ തുടങ്ങി. ചെറുതുരുത്തി മേഖലയില്‍ കുടിവെള്ളം എത്തിക്കുന്ന മേച്ചേരിക്കുന്നു പമ്പ് ഹൗസില്‍ നിരവധി തവണ ഇതിനോടകം തന്നെ കുടിവെള്ള വിതരണം നിര്‍ത്തിവച്ചു.
താല്‍കാലിക തടയണ നിര്‍മാണം വൈകിയതാണ് ഈ സാഹചര്യത്തിനു കാരണമായത്. തുടര്‍ന്ന് പഞ്ചായത്ത് ഇടപെട്ട് തടയണ നിര്‍മ്മിച്ചതോടെ താല്‍ക്കാലികമായി കുടിവെള്ള വിതരണത്തിന് പരിഹാരം കണ്ടിരിക്കുകയാണ്.
ഈ പ്രദേശത്തുള്ള ചെറുതുരുത്തി ഷൊര്‍ണൂര്‍ സ്ഥിരം തടയണ നിര്‍മാണം നടന്നുവരികയാണ്. പകുതിയോളം പണികള്‍ പൂര്‍ത്തിയായി കഴിഞ്ഞു.
ഇത് പ്രാവര്‍ത്തികമായാല്‍ പ്രദേശത്തുകാരുടെയും മറ്റു പഞ്ചായത്ത്, മുനിസിപ്പാലിറ്റികളുടെയും കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കാണാന്‍ സാധിക്കും.
Next Story

RELATED STORIES

Share it