Flash News

വേദനയുടെ നാളുകള്‍ തരണം ചെയ്ത് അമ്പിളി ഫാത്തിമ മടങ്ങിയെത്തി

വേദനയുടെ നാളുകള്‍ തരണം ചെയ്ത് അമ്പിളി ഫാത്തിമ മടങ്ങിയെത്തി
X
ambily fathima

  • തുടര്‍ ചികില്‍സയ്ക്കായ്ക്കായി കനിവു തേടി കുടുംബം


കോട്ടയം: വേദനയുടെ നാളുകള്‍ തരണം ചെയ്ത് അമ്പിളി ഫാത്തിമ കോട്ടയത്ത് മടങ്ങിയെത്തി. പുതിയ ഹൃദയവും ശ്വാസകോശവുമാണ് അമ്പിളി ഫാത്തിമയെന്ന വിദ്യാര്‍ഥിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്.
ചെന്നൈ അപ്പോളോ ആശുപത്രിയില്‍ കഴിഞ്ഞ 10 മാസമായി ചികില്‍സയിലായിരുന്നു കാഞ്ഞിരപ്പള്ളി പുതുപ്പറമ്പില്‍ ബഷീര്‍ ഹസന്റെയും ഷൈലയുടെയും മകളായ അമ്പിളി ഫാത്തിമ. ഹൃദയവും ഇരു ശ്വാസകോശങ്ങളും മാറ്റിവയ്‌ക്കേണ്ട അപൂര്‍വ രോഗമായിരുന്നു അമ്പിളിയെ പിടികൂടിയത്. ആദ്യതവണ നടത്തിയ ശസ്ത്രക്രിയ വിജയിച്ചെങ്കിലും ഇതിനിടയില്‍ രണ്ടു തവണ ശസ്ത്രക്രിയയ്ക്കു വിധേയയാവേണ്ടി വന്നു. സിഎംഎസ് കോളജിലെ എംകോം വിദ്യാര്‍ഥിനി ആയിരുന്ന അമ്പിളി ഉയര്‍ന്ന മാര്‍ക്കോടെയാണ് വിജയിച്ചത്.
ഭാരിച്ച ചികില്‍സാ ചെലവ് അമ്പിളിയുടെ കുടുംബത്തെ തളര്‍ത്തിയെങ്കിലും കനിവുള്ളവര്‍ നല്‍കിയ സഹായത്താല്‍ അമ്പിളിയുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിക്കുകയായിരുന്നു. എംജി യൂനിവേഴ്‌സിറ്റിയുടെ സഹായമാണ് ആദ്യം അമ്പിളിക്കെത്തിയത്. തുടര്‍ന്ന് ചലച്ചിത്ര നടി മഞ്ജുവാര്യരടക്കം അമ്പിളിക്ക് സഹായവുമായെത്തി. മഞ്ജുവാര്യര്‍ അമ്പിളിയെ ചെന്നൈയില്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇനിയും മാസത്തില്‍ ലക്ഷക്കണക്കിന് രൂപ അമ്പിളിയുടെ ചികില്‍സയ്ക്കായി ആവശ്യമാണ്. അമ്പിളിയുടെ പരിചരണത്തിന് ഇപ്പോള്‍ ഒരു നഴ്‌സ് ആണ് കൂടെയുള്ളത്. കാരിത്താസ് ആശുപത്രിയിലെ ഹൃദ്രോഗവിഭാഗം ഡോക്ടര്‍ രാജേഷ് രാമന്‍കുട്ടിയുടെ നേതൃത്വത്തിലാണ് ഇനി അമ്പിളിയുടെ ചികില്‍സ നടക്കുക. കാരിത്താസിനും മെഡിക്കല്‍ കോളജിനും സമീപമുള്ള വാടക വീട്ടിലാണ് കാഞ്ഞിരപ്പള്ളി സ്വദേശിനിയായ അമ്പിളിയും കുടുംബവും ഇപ്പോള്‍ ഉള്ളത്. രോഗ നിമിഷത്തിലും സിവില്‍ സര്‍വീസ് മോഹവും വിദ്യാഭ്യാസവും സ്ഥൈര്യത്തോടെ സ്വപ്‌നം കാണുകയാണ് അമ്പിളി. ഇനി ആവശ്യമായി വരുന്ന ചികില്‍സാ ചെലവിനായി കനിവു തേടുകയാണ് ഈ വിദ്യാര്‍ഥിനി. ഇതിനായി എസ്ബിടി സിഎംഎസ് കോളജ് ബ്രാഞ്ചില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

അക്കൗണ്ട് നമ്പര്‍: 67122456912, IFSC Code SBTR0000484. ഫോണ്‍: 09447314172.
Next Story

RELATED STORIES

Share it