thiruvananthapuram local

വേതനവര്‍ധന: മൂന്നാം പി.എല്‍.സി. യോഗവും പൊളിഞ്ഞു

സ്വന്തം  പ്രതിനിധി

തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ കൂലിവര്‍ധന സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന മൂന്നാമത് പി.എല്‍.സി. യോഗവും നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കൊടുവില്‍ പൊളിഞ്ഞു. ഇരുവിഭാഗവും സമവായത്തിലെത്താത്ത സാഹചര്യം വന്നപ്പോള്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ച രണ്ടു നിര്‍ദേശങ്ങളും യൂനിയനുകള്‍ തള്ളിയതോടെയാണ് യോഗം പരാജയപ്പെട്ടത്. അനിശ്ചിതകാല സമരത്തിലേക്കു പോവാനാണ് തൊഴിലാളികളുടെ തീരുമാനം. സെക്രട്ടേറിയറ്റിനു മുന്നിലടക്കം ശക്തമായ സമരമാര്‍ഗങ്ങളാണ് ആലോചിക്കുന്നത്.

ഇതിന്റെ തിയ്യതി ഇന്നു പ്രഖ്യാപിക്കുമെന്നു തൊഴിലാളി യൂനിയന്‍ നേതാക്കള്‍ അറിയിച്ചു. വേതന-ഉല്‍പ്പാദനക്ഷമതാ വിഷയങ്ങള്‍ സംബന്ധിച്ചു പഠിക്കാന്‍ കമ്മീഷനെ നിയോഗിക്കാമെന്നും ഈ കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പ്പിക്കുന്ന കാലാവധി വരെ ഇടക്കാലാശ്വാസം പ്രഖ്യാപിക്കാമെന്നുമായിരുന്നു സര്‍ക്കാരിന്റെ നിര്‍ദേശം. തുടര്‍ന്ന് തിരഞ്ഞെടുപ്പിനു ശേഷം നവംബര്‍ 9 മുതല്‍ തുടര്‍ച്ചയായി ചര്‍ച്ച നടത്തി തീരുമാനങ്ങളെടുക്കാമെന്നും സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍, ഇടക്കാലാശ്വാസത്തുക പ്രഖ്യാപിക്കാത്തതിനാല്‍ ഇത് അംഗീകരിക്കാനാവില്ലെന്നു തൊഴിലാളി യൂനിയനുകള്‍ പറഞ്ഞു. ഇനി ഭാവികാര്യങ്ങള്‍ സംബന്ധിച്ചു മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുമെന്നു തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍ അറിയിച്ചു. ഉച്ചയ്ക്കു ശേഷം 3നു തുടങ്ങിയ പി.എല്‍.സി. യോഗത്തില്‍ ആദ്യം മന്ത്രിമാര്‍ ഇരുവിഭാഗവുമായി ചര്‍ച്ച നടത്തി. പിന്നീട് 6 മണി വരെ തൊഴിലാളി യൂനിയനുകളെയും പ്ലാന്റേഷന്‍ മാനേജ്‌മെന്റിനെയും പ്രത്യേകം വിളിച്ച് അനുനയശ്രമമായിരുന്നു.

എന്നാല്‍, 500 രൂപയെന്ന ആവശ്യത്തില്‍ തൊഴിലാളി യൂനിയനുകളും അതു നല്‍കില്ലെന്ന നിലപാടില്‍ തോട്ടം മാനേജ്‌മെന്റും ഉറച്ചുനിന്നതോടെയാണ് സര്‍ക്കാര്‍ തങ്ങളുടെ നിലപാട് അറിയിച്ചത്. എന്നാല്‍, ഒടുവില്‍ ഇതും പരാജയപ്പെടുന്ന അവസ്ഥയാണുണ്ടായത്. അടുത്ത പി.എല്‍.സി. യോഗം എപ്പോഴാണെന്നു തീരുമാനിച്ചിട്ടില്ല. വേതനം സംബന്ധിച്ചു വിജ്ഞാപനം പ്രഖ്യാപിക്കുക മാത്രമാണ് സര്‍ക്കാരിനു മുന്നിലുള്ള നിയമപരമായ പോംവഴി. എന്നാല്‍, 2006ലെ വിജ്ഞാപനം കോടതി സ്‌റ്റേ ചെയ്തതിനാല്‍ രണ്ടാമതൊന്നിനു സാധ്യതയില്ല. ഇനി വിജ്ഞാപനം പ്രഖ്യാപിച്ചാല്‍ തന്നെയും ആക്ഷേപങ്ങളും പരാതികളും അറിയിക്കാന്‍ 90 ദിവസം സമയമുണ്ട്.
Next Story

RELATED STORIES

Share it