Kollam Local

വേതനം കുറച്ചതില്‍ പ്രതിഷേധം; വേതനം വാങ്ങാതെ താലൂക്ക് ആശുപത്രിയിലെ ജീവനക്കാര്‍ ജോലി ചെയ്യുന്നു

ശാസ്താംകോട്ട: ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ ദിവസവേതനത്തില്‍ ജോലിനോക്കുന്നവര്‍ ശമ്പളം പറ്റാതെ ജോലിചെയ്യുന്നു. മുന്നൂറുരൂപയായിരുന്നത് 250 രൂപയായും, പിന്നീട് 200 രൂപയായും കുറച്ചതില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞ രണ്ടുമാസമായി ശമ്പളം കൈപ്പറ്റാതെ ജോലിചെയ്യുന്നത്. ദിവസ വേതന കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന 40 ഓളം ജിവനക്കാരാണ് വീട് പട്ടിണിയാക്കി ജോലിതുടരുന്നത്. മൂന്നു രൂപ ഒപി ടിക്കറ്റിന് ചാര്‍ജ് ഈടാക്കിയിരുന്നപ്പോഴാണ് കരാര്‍ ജീവനക്കാര്‍ക്ക് 300 രൂപ ശമ്പളം നല്‍കിയിരുന്നത്. എന്നാല്‍ ഒപി ടിക്കറ്റിന് അഞ്ചുരൂപയും കൂടാതെ ഇസിജി, എക്‌സറേ, ലാബ് സൗകര്യങ്ങള്‍ കൂടി ആശുപത്രിയില്‍ എത്തുകയും ഇതിന്റെ വരുമാനംകൂട ഉള്‍പ്പെട്ടതോടെ ആശുപത്രിയുടെ വരുമാനം കൂടുകയും ചെയ്ത സാഹചര്യത്തിലാണ് ജീവനക്കാരുടെ വേതനം കുറച്ചതെന്നാണ് അറിയുന്നത്. എല്ലാദിവസവും എത്തി ആശുപത്രിയില്‍ രാപകല്‍ കഷ്ടപ്പെടുന്ന ജീവനക്കാരെയാണ് അധികൃതര്‍ തഴഞ്ഞതെന്നാണ് ആക്ഷേപം. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണത്തില്‍ കീഴിലാണ് ശാസ്താംകോട്ട താലൂക്കാശുപത്രി. കഴിഞ്ഞ കോണ്‍ഗ്രസ് ഭരണസമിതിയുടെ കാലത്ത് കരാര്‍ ജീവനക്കാര്‍ക്ക് 300 എന്നുള്ളത് 350 രൂപയാക്കി ഉയര്‍ത്താമെന്ന് വാഗ്ദാനം നല്‍കിയാണ് ഒപി ടിക്കറ്റിന് അഞ്ചുരൂപയാക്കി വര്‍ദ്ധിപ്പിച്ചത്. എന്നാല്‍ ഒപി ടിക്കറ്റിന് അഞ്ചു രൂപയാക്കുന്നതിന് എതിരേ നാട്ടുകാര്‍ പ്രതിഷേധിച്ചെങ്കിലും ഫലം കണ്ടില്ല. ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവിന്റെ പേരില്‍ ഒപി യുടേയും, ഇസിജിയുടേയും, എക്‌സറേയുടേയും, ലാബ് ടെസ്റ്റുകളുടേയും നിരക്ക് വര്‍ദ്ധിപ്പിച്ച അധികൃതര്‍ പിന്നീട് ജീവനക്കാരെ തഴയുകയായിരുന്നതായി ആരോപണമുയരുന്നു. കഴിഞ്ഞ ഓണത്തിന് വര്‍ദ്ധിപ്പിച്ച 50 രൂപ കൂടി ഉള്‍പ്പെടുത്തി 350 രൂപ നല്‍കാമെന്ന് ബ്ലോക്ക് ഭരണസമിതി അറിയിച്ചിരുന്നെങ്കിലും അന്നും ജീവനക്കാര്‍ക്ക് വേണ്ട ശമ്പള വര്‍ദ്ധനവ് നല്‍കിയിരുന്നില്ല. ഓണം കഴിഞ്ഞതോടെ ശമ്പളം കൂറയ്ക്കുക കൂടിചെയ്യുകയായിരുന്നു അധികൃതര്‍.  നിലവില്‍ നല്‍കി വന്നിരുന്ന 300 രൂപ ജീവനക്കാരുടെ ബാഹുല്യംമൂലം നല്‍കാന്‍ കഴിയുന്നില്ലെന്നായിരുന്നു ബ്ലോക്ക് ഭരണസമിതി പിന്നീട് പറഞ്ഞത്. എന്നാല്‍ ജീവനക്കാരെ നിയമിച്ച ഭരണസമിതിതന്നെ ഇങ്ങനെ പറഞ്ഞത് ഏന്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് അറിയില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. രാവും, പകലും കഷ്ടപ്പെടുന്ന ദിവസവേതനക്കാരെ പിരിച്ചുവിടാനുള്ള നീക്കവും നടന്നിരുന്നു. അതിനെതിരേ പ്രതിക്ഷേധിച്ചതിന്റെ പകപോക്കലാണ് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ കാരണമെന്നാണ് പറയുന്നത്. പുതിയ ബ്ലോക്ക് ഭരണസമിതി നിലവില്‍ വന്നെങ്കിലും ആശുപത്രിയുടെ സാഹചര്യമോ, ജീവനക്കാരുടെ കാര്യങ്ങളോ വിലയിരുത്തിയിട്ടില്ലെന്നാണ് അറിയുന്നത്. എന്നാല്‍ ബ്ലോക്ക പ്രസിഡന്റ് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ എത്തി നോക്കിയെങ്കിലും ജ്്ീവനക്കാരുടെ കാര്യങ്ങളില്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് അറിയുന്നത്. ബ്ലോക്ക് പ്രസിഡന്റിന്റെ ആശുപത്രി സന്ദര്‍ശന വേളയില്‍ ജീവനക്കാര്‍ നിവേദനം സമര്‍പ്പിച്ചെങ്കിലം ശമ്പളം പറ്റാതെ ജോലിചെയ്യുന്ന ജീവനക്കാരുടെ പ്രശ്‌നത്തില്‍ ഇടപെട്ടിട്ടില്ലെന്നാണ് അറിയുന്നത്. അധികൃരുടെ അനാസ്ഥമൂലം കുടുംബം പട്ടിണിയിലായ 40 ഓളം വരുന്ന താലൂക്കാശുപത്രിയിലെ ദിവസ വേതന ജീവനക്കാര്‍ ആത്മഹത്യയുടെ വക്കിലാണെന്നുള്ളതണ് വാസ്തവം.
Next Story

RELATED STORIES

Share it