വേണ്ടത് പുതിയ ഭവനസാക്ഷരത

ഇ ചന്ദ്രശേഖരന്‍  (റവന്യൂ-ഭവനനിര്‍മാണ മന്ത്രി )

സുസ്ഥിര ഭവനനിര്‍മാണം എന്നത് ജനങ്ങളുടെ ജീവിത നിലവാരം, സാമൂഹിക-സാമ്പത്തിക-ക്ഷേമവികസനം എന്നീ മേഖലകളുമായി ബന്ധപ്പെട്ടുകിടക്കുന്നു. 2016ലെ ഹാബിറ്റാറ്റ്-3ന്റെ പുതിയ നഗരവല്‍ക്കരണ അജണ്ടയില്‍ ഭവനനിര്‍മാണം തന്നെയായിരുന്നു കേന്ദ്രവിഷയം. ഐക്യരാഷ്ട്ര സഭയുടെ 1948ലെ സാര്‍വലൗകിക സാര്‍വത്രിക മനുഷ്യാവകാശ പ്രസ്താവനയില്‍ അടിവരയിട്ടു പറഞ്ഞത് കിടപ്പാടവും പാര്‍പ്പിടവും മനുഷ്യന്റെ മൗലികാവകാശമാക്കണം എന്നാണ്. ഭരണകൂടങ്ങളുടെ ഉത്തരവാദിത്തവും ചുമതലയുമാണ് എല്ലാവര്‍ക്കും പാര്‍പ്പിടവും കിടപ്പാടവും ഉറപ്പുവരുത്തുക എന്നത്.
ഈ ലക്ഷ്യം കൈവരിക്കാന്‍ ഇനിയും ബഹുദൂരം സഞ്ചരിക്കേണ്ടതുണ്ട് എന്നതാണ് യാഥാര്‍ഥ്യം. മൂന്നാം ലോക രാഷ്ട്രങ്ങളിലെ സ്ഥിതി രൂക്ഷമായി തുടരുകയാണ്. നമ്മുടെ രാജ്യത്തെ സ്ഥിതി പരിശോധിക്കുകയാണെങ്കില്‍ കേന്ദ്ര ഭവനനിര്‍മാണ മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് 18.78 ദശലക്ഷം വീടുകള്‍ പുതുതായി നിര്‍മിക്കേണ്ടതായിട്ടുണ്ട്.
ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയദുരന്തത്തെയാണ് നാം അഭിമുഖീകരിച്ചത്. പ്രളയത്തില്‍ നമുക്ക് ഒട്ടനവധി ജീവനുകളും ജീവിതങ്ങളും വസ്തുവകകളും പൊതുസ്വത്തും നഷ്ടമായി. നിശ്ചയദാര്‍ഢ്യമുള്ള സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരിന്റെ സംവിധാനങ്ങളും പൊതുസമൂഹവും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമായി നഷ്ടത്തിന്റെ തോത് കുറയ്ക്കാന്‍ കഴിഞ്ഞു. പ്രളയം വരുത്തിവച്ച കെടുതികളില്‍ നിന്നു നാം ക്രമേണ കരകയറുകയാണ്. അടുത്ത ഘട്ടം പുനര്‍നിര്‍മാണമാണ്. തകര്‍ന്നതെല്ലാം അതേപടി നിര്‍മിക്കലല്ല നവകേരള നിര്‍മിതി.
വിഖ്യാതമായ ഓരോ സംസ്‌കാരത്തിലും അതിന്റെ നിര്‍മാണ വൈഭവം പ്രതിഫലിക്കുന്ന വ്യതിരിക്ത ദര്‍ശനമുണ്ട്. അതത് ജനങ്ങളുടെ കരുത്തും സ്വപ്‌നങ്ങളും തനത് പ്രകൃതിയുടെയും പരിസ്ഥിതിയുടെയും സവിശേഷതകളും പ്രതിഫലിക്കുന്നതാണ് ആ ദര്‍ശനങ്ങളെല്ലാം. ഇന്ത്യയുടെ ഇതര ഭാഗങ്ങളില്‍ നിന്നു വ്യത്യസ്തമായ സവിശേഷതയുള്ള പ്രവിശ്യയാണ് കേരളം. ഐക്യകേരളത്തിന്റെ തനത് വികസന മാതൃകയുടെ നേട്ടങ്ങളും കോട്ടങ്ങളും നമ്മുടെ ഭവനനിര്‍മാണ മേഖലെയ സ്വാധീനിച്ചിട്ടുണ്ട്.
1957ലെ ഭൂപരിഷ്‌കരണത്തിലൂടെയും 1970ല്‍ ജന്മിത്തം അവസാനിപ്പിച്ചതിലൂടെയും മലയാളി കൈവരിച്ച ആത്മവിശ്വാസവും അഭിമാനബോധവും ഭവനനിര്‍മാണ മേഖലയിലും പ്രതിഫലിച്ചിട്ടുണ്ട്. കൂടാതെ മലയാളി ഈ കാലയളവില്‍ ആര്‍ജിച്ച സാമൂഹികവും വൈജ്ഞാനികവും സാമ്പത്തികവുമായ കരുത്ത് വിളംബരം ചെയ്യുന്നതാണ് കേരളത്തില്‍ നിര്‍മിക്കപ്പെട്ട ഭവനങ്ങളെല്ലാം. എന്നാല്‍, ക്രമേണ ആര്‍ഭാടവും പൊങ്ങച്ചവും ഔദ്ധത്യവും നമ്മുടെ മനസ്സിലേക്കും നമ്മുടെ വീടുകളിലേക്കും കടന്നുവന്നു. കമ്പോളവല്‍ക്കരണത്തിന്റെ രാഷ്ട്രീയം നമ്മുടെ രാജ്യത്തെയാകെ സ്വാധീനിച്ചതുവഴി നമ്മുടെ വികസന സങ്കല്‍പങ്ങള്‍ വിനാശകരമായ മാറ്റങ്ങള്‍ക്കു വിധേയമായി.
കൃഷിഭൂമിയും തണ്ണീര്‍ത്തടവും നെല്‍വയലും കാടും കുന്നും മലയും പുഴയും കുളവും കായലും കൈയേറി കെട്ടിടങ്ങളും റോഡുകളും പാലങ്ങളും എയര്‍പോര്‍ട്ടുകളും ബസ്സ്റ്റാന്റുകളും നിര്‍മിച്ചു. പരിസ്ഥിതിസൗഹൃദമല്ലാത്ത വികസന സങ്കല്‍പങ്ങള്‍ക്കു പിന്നാലെ നടന്ന ഭരണകൂടങ്ങളും ഉദ്യോഗസ്ഥവൃന്ദവും പരിസ്ഥിതിവിരുദ്ധ നിര്‍മാണങ്ങള്‍ക്ക് മാന്യത ചാര്‍ത്തിക്കൊടുത്തു. പക്ഷേ, പ്രകൃതിദുരന്തത്തിന്റെ ആഘാതത്തില്‍ ഈ വികസന കുമിളകളെല്ലാം പൊട്ടിപ്പോകുന്നത് നാം കണ്ടു. പ്രകൃതിക്കും പരിസ്ഥിതിക്കും ഇണങ്ങാത്ത നിര്‍മിതികളൊന്നും കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിക്കില്ല എന്ന സമീപകാല പാഠമായിരിക്കണം ഇനി നമ്മുടെ നിര്‍മാണപ്രക്രിയക്ക് ദിശാബോധം പകരേണ്ടത്.
പ്രളയത്തിനു ശേഷമുള്ള ഘട്ടം പുനര്‍നിര്‍മാണമാണ്. നവകേരളത്തില്‍ ഭവനനിര്‍മാണമല്ല, നവസമൂഹ നിര്‍മാണമാണ് നടക്കേണ്ടത്. വികസന പ്രക്രിയയില്‍ അനുവര്‍ത്തിച്ചുവന്ന തെറ്റുകള്‍ ഇനിയും ആവര്‍ത്തിക്കണമോ അതോ, ഭാവിതലമുറയ്ക്ക് ഉപകാരമാകും വിധം പരിസ്ഥിതിക്ക് ഇണങ്ങുന്ന പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കണമോ എന്നതാണ് ചിന്താവിഷയം. വികസനത്തെ സംബന്ധിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകള്‍ മാറേണ്ടിയിരിക്കുന്നു. പരിസ്ഥിതിസൗഹൃദ വികസന പ്രക്രിയയിലേക്കു പോകണം. കുന്നുകളെയും മലകളെയും നദികളെയും ചൂഷണം ചെയ്യുന്ന തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കേണ്ടതുണ്ട്.
നിയന്ത്രണമില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ ആവാസവ്യവസ്ഥയെ തന്നെ തകിടം മറിക്കുന്ന കാഴ്ചയാണ് കണ്ടത്. റവന്യൂ വകുപ്പിന്റെ കണക്ക് അനുസരിച്ച് ഏകദേശം 15,000 വീടുകളാണ് ഈ പ്രളയകാലത്ത് പൂര്‍ണമായി തകര്‍ന്നത്. ഭാഗികമായി തകര്‍ന്ന വീടുകളുടെ എണ്ണം 1,25,000ഓളം വരും. ഇവ വാസയോഗ്യമാക്കണമെങ്കില്‍ വന്‍തോതിലുള്ള അറ്റകുറ്റപ്പണിയും പുനര്‍നിര്‍മാണവും ആവശ്യമായിവരും. ഭവനനിര്‍മാണ സാമഗ്രികളുടെ വലിയ ആവശ്യമാണ് സംസ്ഥാനത്തിനകത്ത് ഉയര്‍ന്നുവരുക. ഇതു നേരിടുന്നതിന് ബദല്‍ നിര്‍മാണ മാര്‍ഗങ്ങള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നു.
കേരളത്തിലെ ഭവനനിര്‍മാണവുമായി ബന്ധപ്പെട്ട് തുടര്‍ന്നുവരുന്ന പൊതുശീലത്തിനു മാറ്റം വരുത്തേണ്ടിയിരിക്കുന്നു. മനുഷ്യന്റെ ആവശ്യത്തിനും സൗകര്യത്തിനുമുള്ള വീട് എന്നതിനു പകരം, ആര്‍ഭാടത്തിനും പൊങ്ങച്ചത്തിനുമുള്ളത് എന്ന നിലയ്ക്ക് വീടുകള്‍ നിര്‍മിക്കുന്നത് നിരുത്സാഹപ്പെടുത്തേണ്ടതുണ്ട്. എല്ലാവര്‍ക്കും പാര്‍പ്പിടം ഒരുക്കുക എന്നത് ഭരണകൂടങ്ങളുടെ ഉത്തരവാദിത്തമാണ്. എന്നാല്‍, ഭാവിയിലെ വീടുകള്‍ എങ്ങനെയായിരിക്കണമെന്നും എവിടെയായിരിക്കണമെന്നതും സംബന്ധിച്ച് പൊതുനിലപാട് രൂപീകരിക്കേണ്ടതുണ്ട്.
എല്ലാ സ്ഥലങ്ങളിലും അനിയന്ത്രിതമായ തോതില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവാദം നല്‍കാന്‍ ഇനി കഴിയില്ല. പരിസ്ഥിതിലോല പ്രദേശങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കുന്ന നിലപാടായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക. ജനസംഖ്യാ വര്‍ധനയ്ക്ക് ആനുപാതികമായി വീടുകളുടെ എണ്ണത്തിലും വര്‍ധന ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍, വീടുകളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ധന നിയന്ത്രിക്കാനുള്ള ഉപാധികളെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്.
പ്രാഥമികമായി ഭാവിയില്‍ നിര്‍മിക്കുന്ന വീടുകള്‍ ചെലവു കുറഞ്ഞതും ഊര്‍ജക്ഷമവും പരിസ്ഥിതിസൗഹൃദവും ദുരന്തപ്രതിരോധശേഷിയുള്ളതും ആയിരിക്കാന്‍ നിഷ്‌കര്‍ഷ പുലര്‍ത്തേണ്ടിയിരിക്കുന്നു. വീടുകളുടെ നിര്‍മാണം എങ്ങനെ, എവിടെ എന്ന കാര്യത്തില്‍ പൊതുസമൂഹവും പുനരാലോചന നടത്താന്‍ തയ്യാറാകണം. ഭാവിയിലെ ഓരോ നിര്‍മാണ പ്രവര്‍ത്തനവും പ്രകൃതിക്കും പരിസ്ഥിതിക്കും ഇണങ്ങുന്നതും പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാന്‍ പ്രാപ്തവുമായിരിക്കണം.
പ്രകൃതിവിഭവങ്ങള്‍ നാടിന്റെ പൊതുസമ്പത്താണ്. ധനലഭ്യത പ്രകൃതിവിഭവ ചൂഷണത്തിനുള്ള ലൈസന്‍സല്ല. അതുകൊണ്ടുതന്നെ ധനം ചെലവഴിക്കാനുള്ള സാധ്യതയുണ്ട് എന്നതുകൊണ്ടു മാത്രം പ്രകൃതിവിഭവങ്ങളെ ഇഷ്ടം പോലെ ചൂഷണം ചെയ്തുകൊണ്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാന്‍ കഴിയില്ല. സാമ്പത്തിക അസമത്വം എന്നത് സാധാരണക്കാരന്റെ വീട് എന്ന ആഗ്രഹത്തിനു തടസ്സമാകുന്ന വിധത്തിലുള്ള വിഭവദാരിദ്ര്യത്തിനുള്ള കാരണമാകരുത്. നവകേരള നിര്‍മിതിക്കുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുമ്പോള്‍ വിഭവങ്ങളുടെ നീതിപൂര്‍വമായ വിതരണത്തിന് മുന്‍ഗണന നല്‍കും. സാമൂഹികവും സാമ്പത്തികവുമായ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഉതകുന്ന ഒരു ഭവനനിര്‍മാണ സംസ്‌കാരം രൂപപ്പെടുത്താനുള്ള കടമയെക്കുറിച്ചാണ് ഇപ്പോള്‍ സമൂഹം ചിന്തിക്കേണ്ടത്. ി
Next Story

RELATED STORIES

Share it