kozhikode local

വേണ്ടത്ര വില ലഭിക്കുന്നില്ല; കര്‍ഷകര്‍ക്ക് വിത്തുതേങ്ങയുടെ വില നല്‍കണം: ജില്ലാ വികസന സമിതി

കോഴിക്കോട്: കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിത്തുതേങ്ങ നല്‍കിയ കര്‍ഷകര്‍ക്ക് എത്രയും വേഗം തേങ്ങയുടെ വില നല്‍കണമെന്ന് ജില്ലാ വികസന സമിതി പ്രമേയത്തില്‍ കൃഷി വകുപ്പിനോട് ആവശ്യപ്പെട്ടു. നാളികേരത്തിന് വേണ്ടത്ര വില ലഭിക്കാത്ത സാഹചര്യത്തില്‍ കുടിശ്ശികയായ വിത്ത്‌തേങ്ങാവില ലഭിക്കുന്നത് കേരകര്‍ഷകര്‍ക്ക് ഏറെ ആശ്വാസമായിരിക്കുമെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് ഇ കെ വിജയന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. ബാലുശ്ശേരിയിലെ ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയിട്ട് രണ്ട് വര്‍ഷമായെങ്കിലും ഇവിടെ പുതിയ തസ്തിക അനുവദിക്കാത്തതിനാല്‍ ജനങ്ങള്‍ ഏറെ പ്രയാസപ്പെടുന്നതായി പുരുഷന്‍ കടലുണ്ടി എംഎല്‍എ അവതരിപ്പിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ഇവിടെ പ്രതിദിനം ആയിരത്തോളം രോഗികള്‍ ഒപിയില്‍ എത്തുന്നുണ്ടെന്നും എന്നാല്‍ മതിയായ ഡോക്ടര്‍മാരില്ലാത്തതിനാല്‍ ഉച്ചക്ക്‌ശേഷം ആശുപത്രി അടച്ചിടേണ്ടിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഓപ്പറേഷന്‍ തിയറ്റര്‍ വാര്‍ഷിക റിപ്പയറിനായി ആഴ്ചകളോളമായി അടച്ചിട്ടിരിക്കയാണെന്നും ഇത്മൂലം രോഗികള്‍ ഏറെ പ്രയാസപ്പെടുകയാണെന്നും എം ഐ ഷാനവാസ് എം.പിയുടെ പ്രതിനിധി മോയന്‍ കൊളക്കാടന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ അറിയിച്ചു.
കെഎസ്ആര്‍ടിസിയുടെ കോഴിക്കോട് ഡിപ്പോയില്‍ 45 കണ്ടക്ടര്‍മാരുടെ ഒഴിവുകളുണ്ടെന്നും ആവശ്യമായ ജീവനക്കാരും ബസുമില്ലാത്തതിനാല്‍ ചിലപ്പോള്‍ സര്‍വീസ് നിര്‍ത്തിവെക്കേണ്ട അവസ്ഥയുണ്ടെന്നും വകുപ്പ് മേധാവികള്‍ അറിയിച്ചു. ദിവസം 8000രൂപയെങ്കിലും കലക്ഷനുണ്ടെങ്കില്‍ സര്‍വീസ് നടത്താവുന്നതാണ്. ദേശീയപാതാ ബൈപ്പാസില്‍ കൂടത്തുംപാറയില്‍ നിര്‍മിച്ച ഹമ്പിന് സൂചനാ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കണമെന്നും കരാറുകാര്‍ പ്രവൃത്തി നിര്‍ത്തിയതിനെ തുര്‍ന്ന് ജപ്പാന്‍ കുടിവെള്ള പദ്ധതി ടാങ്കുകളില്‍നിന്നുള്ള ജലവിതരണ പൈപ്പ് പ്രവൃത്തി പൂര്‍ത്തീകരിക്കാനായിട്ടില്ലെന്നും ബന്ധപ്പെട്ടവര്‍ യോഗത്തെ അറിയിച്ചു.
Next Story

RELATED STORIES

Share it