Flash News

വേണ്ടത്ര മദ്യം നല്‍കും; ചികില്‍സയും: സര്‍ക്കാര്‍



ഹനീഫ  എടക്കാട്

തിരുവനന്തപുരം: കേരള സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന മദ്യാസക്തി മദ്യവര്‍ജനത്തിലൂടെ കുറച്ചുകൊണ്ടുവന്ന് ഇല്ലാതാക്കുക എന്നതാണ് മദ്യനയംകൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മദ്യവര്‍ജനത്തെ പ്രോല്‍സാഹിപ്പിക്കുന്നതിന് കൂടുതല്‍ ശക്തമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവും. ഇതാണ് ഇന്നലെ എല്‍ഡിഎഫ് യോഗത്തിനും മന്ത്രിസഭാ യോഗത്തിനും ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ച മദ്യനയത്തിന്റെ ആദ്യവാചകം. എന്നാല്‍, ഇതേ നയത്തില്‍ പിന്നീടു പറയുന്ന കാര്യങ്ങള്‍ സംസ്ഥാനത്ത് നിര്‍ലോഭം എല്ലാതരം മദ്യവും ലഭ്യമാവുമെന്നു വ്യക്തമാക്കുന്നതാണ്. കോടതി ഉത്തരവുപ്രകാരം പൂട്ടിയ ദേശീയപാതയോരത്തെ ബിയര്‍-വൈന്‍ പാര്‍ലറുകളും മദ്യ ഔട്ട്‌ലെറ്റുകളും അതത് താലൂക്കില്‍ തന്നെ പുനസ്ഥാപിക്കുമെന്ന് വളച്ചുകെട്ടില്ലാതെ നയത്തില്‍ പറയുന്നുണ്ട്. ഇതോടെ നിലവില്‍ പാതയോരത്തെ മദ്യശാലകള്‍ പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന സമരവും ശക്തമാവുമെന്ന് ഉറപ്പായിട്ടുണ്ട്. മദ്യഉപഭോഗം നിയന്ത്രിക്കുന്നതിന് ദ്വിമുഖ തന്ത്രം ആവിഷ്‌കരിക്കണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍, സംസ്ഥാനത്ത് മദ്യമൊഴുക്കിയശേഷം ലഹരിക്ക് അടിപ്പെടുന്നവര്‍ക്ക് ചികില്‍സയും ബോധവല്‍ക്കരണവും നല്‍കിയിട്ട് എന്തു കാര്യമെന്ന ചോദ്യത്തിന് സര്‍ക്കാരിന്  മറുപടിയൊന്നുമില്ല.  സമ്പൂര്‍ണ മദ്യനിരോധനം ഒരുസ്ഥലത്തും വിജയിച്ചതായി രേഖപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ജനങ്ങളുടെ മദ്യാസക്തി കുറയ്ക്കാതെ മദ്യനിരോധനം നടപ്പാക്കുന്നത് പ്രായോഗികമല്ലെന്നാണ് സര്‍ക്കാര്‍ വാദം. മദ്യാസക്തി കുറയ്ക്കാന്‍ സംസ്ഥാനത്തെമ്പാടും മദ്യം ലഭ്യമാക്കുകയാണോ വേണ്ടതെന്ന ചോദ്യവും പ്രസക്തമാണ്.
Next Story

RELATED STORIES

Share it