Readers edit

വേണോ നമുക്കീ ക്രൂരചിന്തകള്‍?

ബി എസ് ബാബുരാജ്

''സര്‍, ഇത് ഹംഗേറിയന്‍ ഇനമല്ല, ഒരു തെരുവുനായയാണ്. ടാക്‌സ് അടയ്‌ക്കേണ്ടിവരും''- വാതിലില്‍ മുട്ടിയ ഉദ്യോഗസ്ഥന്‍ ഷാര്‍പ്പാണ്. അങ്കലാപ്പോടെ വീട്ടുടമസ്ഥന്‍ പുറത്തുവന്നു: ''ഇത് എന്റേതല്ല, മുന്‍ഭാര്യ ഉപേക്ഷിച്ചുപോയതാണ്. ടാക്‌സ് അടയ്ക്കാനാവില്ല.'' അകത്ത് മകള്‍ ലിലിയുടെ കണ്ണുകള്‍ ഈറനണിഞ്ഞു.
ബുഡാപെസ്റ്റിലെ ഒരു പ്രഭാതം. തെരുവില്‍ ഒരു കാര്‍ നിരങ്ങിനില്‍ക്കുന്നു. ഒരു മൃഗം പുറത്തേക്കു വലിച്ചെറിയപ്പെട്ടു. കാറിന്റെ ജനല്‍ച്ചില്ലിലൂടെ ലിലി യാത്ര പറഞ്ഞു: ''ഹേഗന്‍, ഞാന്‍ വരും.'' പകച്ചുപോയ ആ മൃഗം കുറച്ചു ദൂരം കൂടെ ഓടിനോക്കിയെങ്കിലും ശ്രമം ഉപേക്ഷിച്ചു. തെരുവുനായ്ക്കളുടെ ലോകത്തേക്ക് ഒരംഗം കൂടി. കോര്‍നല്‍ മുണ്‍ട്രുസോ എന്ന ചലച്ചിത്രകാരന്റെ വൈറ്റ് ഗോഡ് തെരുവുനായ്ക്കളുടെ കഥയാണ് പറയുന്നത്. അവ ആക്രമിക്കപ്പെടുന്നതും പരിഹസിക്കപ്പെടുന്നതും ഇന്ത്യയില്‍ മാത്രമല്ല, ഹംഗറിയിലും ഒരേ രീതിയിലാണെന്ന് ചിത്രം നമ്മെ ബോധ്യപ്പെടുത്തുന്നു.
മനുഷ്യരുടെ അവകാശങ്ങളെക്കുറിച്ചുള്ള ഒരു കോളത്തില്‍ മൃഗങ്ങളുടെ അവകാശങ്ങളെക്കുറിച്ച് എഴുതുന്നത് തികച്ചും അന്യായം തന്നെ. എങ്കിലും മൃഗങ്ങളുടെ അവകാശം പലപ്പോഴും മനുഷ്യന്റെ അവകാശവുമായി ബന്ധപ്പെട്ടിരിക്കുമ്പോള്‍ അതില്‍ തെറ്റില്ലെന്ന തോന്നലിലാണ് ഈ വിഷയം തിരഞ്ഞെടുക്കുന്നത്. തെരുവുനായ ശല്യത്തിനു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി കൊച്ചി മറൈന്‍ ഡ്രൈവില്‍ നടത്തിയ സമരത്തോടെയാണ് ഈ വിഷയത്തില്‍ വീണ്ടും ജനശ്രദ്ധ തിരിയുന്നത്. തെരുവുനായ വിമുക്ത കേരളമെന്നായിരുന്നു മുദ്രാവാക്യം. മേനക ഗാന്ധി അടക്കമുള്ളവരെ അദ്ദേഹം വിമര്‍ശിച്ചു. അവര്‍ മരുന്നു കമ്പനികളുടെ വക്താവാണ് എന്നായിരുന്നു ആരോപണം. തെരുവുനായ്ക്കളെ 'അനുകൂലി'ക്കുന്നവരെ കപട മൃഗസ്‌നേഹികളെന്നും അദ്ദേഹം ആക്ഷേപിച്ചു. അതിനിടെ ചിറ്റിലപ്പിള്ളിയും സുഹൃത്തുക്കളും പള്ളുരുത്തി പോലിസ് സ്‌റ്റേഷനു മുന്നില്‍ ഏതാനും നായ്ക്കളെ കെട്ടിയിട്ടു. ഇടക്കൊച്ചിയില്‍ ആടുകളെ കൊന്ന അക്രമികളായ നായ്ക്കളെന്നാണ് അവകാശപ്പെട്ടത്.
സമരത്തിനു ശേഷം തുടര്‍പരിപാടിയെന്ന നിലയില്‍ സ്‌ട്രേഡോഗ് ഫ്രീ മൂവ്‌മെന്റ് സംഘടിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ആ പ്രഖ്യാപനത്തിനിടയില്‍ അത്രയൊന്നും ശ്രദ്ധ പിടിച്ചുപറ്റാത്ത മറ്റൊന്നു കൂടി അദ്ദേഹം പറഞ്ഞു: ഏതെങ്കിലും പഞ്ചായത്തില്‍ തെരുവുനായ്ക്കളുടെ ആക്രമണം ഉണ്ടായാല്‍ മൂന്നു നായ്ക്കളെയെങ്കിലും തങ്ങള്‍ കൊല്ലും. ആടിനെ കൊന്നുതിന്നുന്നവര്‍ക്ക് നായ്ക്കളെ കൊല്ലുന്നതില്‍ എന്താണ് തടസ്സമെന്നും അദ്ദേഹം രോഷാകുലനായി. തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യാനായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ നേതാവിനു പാരിതോഷികം നല്‍കുന്ന വേദിയില്‍ വച്ചായിരുന്നു ഇതെല്ലാം.
ഒറ്റനോട്ടത്തില്‍ ചിറ്റിലപ്പിള്ളിയുടെ നടപടികളില്‍ അസാധാരണമായിട്ടൊന്നുമില്ല. തെരുവുനായ്ക്കളുടെ കടിയേല്‍ക്കാനിടവന്ന ആര്‍ക്കും ഒറ്റനോട്ടത്തില്‍ തോന്നാവുന്നതേ അദ്ദേഹത്തിനും തോന്നിയുള്ളൂ. പക്ഷേ, പ്രശ്‌നം ഈ ചര്‍ച്ചയ്ക്കിടയില്‍ അദ്ദേഹവും സുഹൃത്തുക്കളും ചില അപകടകരമായ മൂല്യങ്ങള്‍ സമൂഹത്തിലേക്കു പ്രസരിപ്പിക്കുന്നുവെന്നതാണ്: ഒന്നാമതായി, ഒരു ജീവിയുടെ കൊലപാതകത്തെ പ്രതിവിധിയായി അദ്ദേഹം മുന്നില്‍ വച്ചിരിക്കുന്നു. മറ്റൊന്ന്, ഭക്ഷണത്തെയും കൊലപാതകത്തെയും ബന്ധപ്പെടുത്തുന്നു. ആടിനെ കൊല്ലുന്നവര്‍ക്ക് നായയെ കൊല്ലുന്നതിലുള്ള എതിര്‍പ്പെന്ത് എന്ന വാദം പുതിയ ചില ചര്‍ച്ചകളിലേക്ക് വഴി തുറന്നേക്കും.
ഇതൊക്കെ കേള്‍ക്കുന്ന ഒരാള്‍, തെരുവുനായ്ക്കള്‍ വര്‍ധിക്കുന്നത് മാലിന്യസംസ്‌കരണത്തിന്റെ അഭാവം കൊണ്ടാണെന്ന് ചിറ്റിലപ്പിള്ളി തിരിച്ചറിയാത്തത് എന്തുകൊണ്ടാണെന്നു സംശയിച്ചേക്കാം. മാലിന്യത്തിന്റെ ഉപോല്‍പന്നം മാത്രമാണ് തെരുവുനായ്ക്കള്‍ എന്ന് അദ്ദേഹത്തിന് അറിയാഞ്ഞിട്ടായിരിക്കില്ല. അത് അദ്ദേഹം പറയാന്‍ ആഗ്രഹിക്കുന്നില്ല എന്നേയുള്ളൂ.
കൊടുങ്ങല്ലൂരിലെ ജോയി മാലിന്യത്തോടുള്ള നമ്മുടെ കാഴ്ചപ്പാടിന്റെ ഉദാഹരണമാണ്. ജോയി സുഹൃത്തുക്കളോട് സംസാരിക്കുന്നത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു. നിരവധി പരീക്ഷണങ്ങള്‍ക്കൊടുവില്‍ ജോയി മാലിന്യസംസ്‌കരണത്തിന് ഒരു സംവിധാനം വികസിപ്പിച്ചെടുത്തിരുന്നു. പക്ഷേ, ഒടുവില്‍ എല്ലാവരും ചേര്‍ന്ന് ജോയിയുടെ പ്ലാന്റ്അടച്ചുപൂട്ടിച്ചു. തെരുവുനായ്പ്രശ്‌നത്തെക്കുറിച്ച് വാചാലനാകുന്ന വ്യവസായി ചിറ്റിലപ്പിള്ളിയെ അടഞ്ഞുപോയ മാലിന്യപ്ലാന്റ് ഒരിക്കലും അലോസരപ്പെടുത്തിയില്ലെന്നത് നമ്മെ അദ്ഭുതപ്പെടുത്തിയേക്കും.
തെരുവുനായപ്രശ്‌നം പരിഹരിക്കാന്‍ മാലിന്യപ്രശ്‌നം പരിഹരിക്കുക എന്ന ഒറ്റമൂലി മാത്രമേയുള്ളൂ എന്നു നാം തിരിച്ചറിയണം. അതില്‍ ഊന്നിക്കൊണ്ടുള്ള ദീര്‍ഘദൃഷ്ടിയോടെയുള്ള നടപടികളാണ് അഭികാമ്യം. സര്‍ക്കാര്‍ ചെയ്യേണ്ടതും അതാണ്. മൃഗവും മനുഷ്യനും എന്ന ദ്വന്ദ്വത്തിലേക്കു കാര്യങ്ങള്‍ ചുരുക്കുന്നവരെ കരുതിയിരുന്നേ പറ്റൂ. അതോടൊപ്പം മറ്റു മാര്‍ഗങ്ങള്‍ ധാരാളമുണ്ടായിട്ടും പ്രതിബന്ധങ്ങള്‍ കൊന്നുതന്നെ തീര്‍ക്കണമെന്നത് ആത്യന്തികമായും മനുഷ്യനെ മാത്രം മുന്നില്‍ വയ്ക്കുന്ന നീതിശാസ്ത്രമാണെന്നും മനസ്സിലാക്കണം. ഫാഷിസ്റ്റ് ചിന്തയിലാണ് അതിന്റെ വേരുകള്‍ ഉറപ്പിച്ചിരിക്കുന്നത്. നായ്ക്കള്‍ക്കു ബാധകമാകുന്ന മൂല്യങ്ങള്‍ നാളെ മനുഷ്യനും ബാധകമായേക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു.
Next Story

RELATED STORIES

Share it