malappuram local

വേട്ടേക്കോട് പ്ലാസ്റ്റിക് പുനരുപയോഗ യൂനിറ്റ് യന്ത്രങ്ങള്‍ ഇറക്കുന്നത് നാട്ടുകാര്‍ തടഞ്ഞു

മഞ്ചേരി: വേട്ടേക്കോട് പ്ലാസ്റ്റിക് പുനരുപയോഗ യൂനിറ്റ് സ്ഥാപിക്കാനായി യന്ത്രങ്ങള്‍ ഇറക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. നഗരസഭാ ട്രഞ്ചിങ് ഗ്രൗണ്ടിന് സമീപം ഇന്നവെ ഉച്ചയ്ക്കുശേഷം മൂന്നോടെയാണ് ലോറിയില്‍ യന്ത്രങ്ങളെത്തിച്ചത്.
ഇതോടെ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറോളം പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. നഗരസഭയില്‍ വിവരം ധരിപ്പിക്കാതെയായിരുന്നു യന്ത്ര സാമഗ്രികള്‍ കൊണ്ടുവന്നതെന്നായിരുന്നു നാട്ടുകാരുടെ വാദം. പ്രശ്‌നം രൂക്ഷമായതോടെ നഗരസഭാധ്യക്ഷ വി എം സുബൈദ, ഉപാധ്യക്ഷന്‍ വി പി ഫിറോസ്, സ്ഥിരംസമിതി അധ്യക്ഷന്‍ വല്ലാഞ്ചിറ മുഹമ്മദലി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയെങ്കിലും പ്രശ്‌ന പരാഹാരത്തിന് വഴി തെളിഞ്ഞില്ല. നാട്ടുകാരുടെ പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് വന്‍ പോലിസ് സന്നാഹവും സ്ഥലത്തെത്തി. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിര്‍ദേശിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാതെ പുതിയ പദ്ധതി നടപ്പാക്കാനാവില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. ഇതോടെ ചര്‍ച്ച വഴിമുട്ടി.
ജനകീയ എതിര്‍പ്പ് ശക്തമായതോടെ പ്രദേശവാസികളുടെ സമ്മതത്തോടെ മാത്രമെ പദ്ധതി നടപ്പാക്കൂവെന്ന് നഗരസഭാധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് നാട്ടുകാര്‍ മടങ്ങിയത്. പ്ലാസ്റ്റിക് മാലിന്യം സംസ്‌കരിക്കാന്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കുമെന്ന് നഗരസഭ നേരത്തെ വ്യക്തമാക്കിയിരുന്നു. സ്ഥല ലഭ്യതയാണ് ഇതിന് വിലങ്ങുതടിയിയായിരുന്നത്. വേട്ടേക്കോടുള്ള നഗരസഭയുടെ മാലിന്യസംസ്‌കരണ കേന്ദ്രം പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് അഞ്ചുവര്‍ഷമായി പൂട്ടികിടക്കുകയാണ്. ശാസ്ത്രീയമായ മാലിന്യസംസ്‌കരണത്തിന് ഹൈക്കോടതി നല്‍കിയ നിര്‍ദേശങ്ങള്‍ ആറുവര്‍ഷമായിട്ടും നടപ്പായിട്ടില്ല.
Next Story

RELATED STORIES

Share it