Flash News

വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന ആവശ്യം സുപ്രിം കോടതി തള്ളി

വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന ആവശ്യം സുപ്രിം കോടതി തള്ളി
X

ന്യൂഡല്‍ഹി: വേങ്ങര ഉപതെരഞ്ഞെടുപ്പിലെ വിവിപാറ്റ് രസീതുകള്‍ മുഴുവനും എണ്ണണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതി തള്ളി. ഇക്കാര്യത്തില്‍ നടപടി എടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് കോടതി വ്യക്തമാക്കി. മുഴുവന്‍ വിവിപാറ്റ് രസീതുകളും എണ്ണിയ ശേഷമേ വേങ്ങര ഉപതിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാവു എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഇലക്‌ട്രോണിക് വോട്ടിങ് മെഷീനിലെയും വിവി പാറ്റ് രസീതിലെയും ഫലത്തില്‍ വ്യത്യാസം ഉണ്ടെങ്കില്‍ വിവി പാറ്റിന്റെ അടിസ്ഥാനത്തിലുള്ള ഫലം അന്തിമമായി കണക്കാക്കണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. സെപ്തംബര്‍ 21നായിരുന്നു സണ്ണി സ്റ്റീഫന്‍ എന്ന വ്യക്തി ഹര്‍ജി ഫയല്‍ ചെയ്തത്. ഒക്ടോബര്‍ 11 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ വേങ്ങര നിയമസഭാ മണ്ഡലത്തിലും പഞ്ചാബിലെ ഗുരുദാസ്പൂര്‍ നിയമസഭാ മണ്ഡലത്തിലും വോട്ടുചെയ്തത് ആര്‍ക്കാണെന്ന് വോട്ടര്‍ക്ക് കാണാന്‍ സാധിക്കുന്ന സ്ലിപ്പ് ലഭിക്കുന്ന വിവിപാറ്റ് സംവിധാനം ഉപയോഗിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. എന്നാല്‍ വിവി പാറ്റിലൂടെ ലഭിക്കുന്ന എല്ലാ രസീതുകളും എണ്ണില്ലെ ന്നും കമ്മീഷന്‍ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പുകളില്‍ വിവിപാറ്റ് രസീതുകള്‍ എണ്ണുന്നത് ഘട്ടം ഘട്ടമായി നടപ്പാക്കുമെന്ന് കമ്മീഷന്‍ അറിയിച്ചിട്ടുണ്ടെന്നും അതിനാല്‍ ഇടപെടുന്നില്ലെന്നും സുപ്രിം കോടതി പറഞ്ഞു.
Next Story

RELATED STORIES

Share it