malappuram local

വേങ്ങരയില്‍ ലീഗ് നേതാക്കളെ പൂട്ടിയിട്ടു

വേങ്ങര: തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ ഭിന്നതയെച്ചൊല്ലി പഞ്ചായത്ത് മുസ്‌ലിം ലീഗ് നേതാക്കളെ പാര്‍ട്ടി ഓഫിസില്‍ പൂട്ടിയിട്ടു. വേങ്ങര പഞ്ചായത്ത് മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ഹാജി അടക്കമുള്ളവരെയാണ് അണികള്‍ പൂട്ടിയിട്ടത്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. 19ാം വാര്‍ഡ് സ്ഥാനാര്‍ഥിയായി ലീഗ് നേതൃത്വം പ്രഖ്യാപിച്ചയാളെ മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു സംഘര്‍ഷം. പഞ്ചായത്ത് ലീഗ് കമ്മിറ്റി ഓഫിസിലേക്ക് ഇരച്ചു കയറിയ നൂറോളം പ്രവര്‍ത്തകരാണ് നേരത്തെ പ്രഖ്യാപിച്ച പറമ്പന്‍ അബ്ദുല്‍ ഖാദറിനെ മാറ്റി എന്‍ ടി മുഹമ്മദ് ഷരീഫിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം വച്ചതത്രെ.


തീരുമാനം വൈകിയതോടെ പഞ്ചായത്ത് ലീഗ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയടക്കമുള്ള നേതാക്കളെ പൂട്ടിയിട്ട് മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇതോടെ ഗത്യന്തരമില്ലാതെ എന്‍ ടി മുഹമ്മദ് ശരീഫിനെയും സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. വാര്‍ഡ് ലീഗ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് നേരത്തെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയതെങ്കിലും പിന്നീടുണ്ടായ വിവാദത്തെ തുടര്‍ന്ന് രണ്ടാമത്തെയാളെയും സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇരു സ്ഥാനാര്‍ഥികളും പത്രിക സമര്‍പ്പിച്ചതായാണു വിവരം.

Next Story

RELATED STORIES

Share it