kasaragod local

വെള്ളീച്ചശല്യത്തിനെതിരേ കൃഷി ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതാനിര്‍ദേശം

കാസര്‍കോട്: നാളികേരകര്‍ഷകര്‍ നേരിടുന്ന പുതിയ വെല്ലുവിളിയായ പിരിയന്‍ വെള്ളീച്ചകളുടെ ശല്യത്തിനെതിരെ കൃഷി ഓഫിസര്‍മാര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി സെമിനാര്‍. കേരളത്തിലെ എല്ലാ ജില്ലകളിലും വെള്ളീച്ചശല്യം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. 2016-17 കാലഘട്ടത്തിലെ മഴയുടെ ലഭ്യതക്കുറവും കുറഞ്ഞ ആപേക്ഷിക ആര്‍ദ്രതയും വേനല്‍കാലത്തെ അന്തരീക്ഷ താപനില ശരാശരിയേക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് വര്‍ധിച്ചതുമാണ് വെള്ളീച്ചകള്‍ പെരുകാന്‍ കാരണമായി കാര്‍ഷിക ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്. തീരപ്രദേശങ്ങളിലാണ് വെള്ളീച്ചശല്യം അതിവേഗം വ്യാപിക്കുന്നത്. മങ്ങിയ ചാരനിറത്തിലുള്ള ചിറകോടുകൂടിയ വെള്ളീച്ചകള്‍ കൂട്ടമായി തെങ്ങോലയുടെ അടിഭാഗത്തു നിന്നും നീരൂറ്റിക്കുടിക്കുന്നു. ഇവ പുറന്തള്ളുന്ന മധുരസ്രവം വീണ് ഓലയുടെ മുകള്‍ഭാഗത്ത് കറുപ്പുനിറം പടരുന്നു. വെള്ളീച്ച ആക്രമണം രൂക്ഷമായ തോട്ടങ്ങളില്‍ ഓലമടലിലും കരിക്കിന്‍കുലകളിലും പഞ്ഞിപോലുള്ള പദാര്‍ഥങ്ങളാല്‍ ആവരണം ചെയ്യപ്പെട്ട പിരിയന്‍ ആകൃതിയില്‍ മുട്ടകള്‍ നിക്ഷേപിച്ചിരിക്കുന്നതായി കാണാം. പൂര്‍ണവളര്‍ച്ചയെത്തിയ വെള്ളീച്ചകള്‍ ഏഴുദിവസം വരെ ജീവിക്കും. ഇത്തരം വിദേശ കീടആക്രമണങ്ങളുടെ കാര്യത്തില്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ വിളനഷ്ടത്തിനുമപ്പുറം, നാളികേര ഉല്‍പന്നങ്ങളുടെ കയറ്റുമതിയെ കര്‍ക്കശിനിയന്ത്രണത്തിനു വിധേയമാക്കാന്‍ കാരണമാകുമെന്നും നാളികേര ഉല്‍പന്നങ്ങളുടെ ആഗോളവ്യവസായത്തന്നെ സാരമായി ബാധിക്കുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു ന ല്‍കുന്നു. രാസകീടനാശിനികള്‍ ഉപയോഗിച്ച് വെള്ളീച്ചകളെ നശിപ്പിക്കുന്നത് ശാശ്വതമല്ലെന്നും ജൈവികനിയന്ത്രണമാണ് അഭികാമ്യമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. 2016-17ല്‍ നടത്തിയ നിരീക്ഷണത്തില്‍ കടന്നല്‍വര്‍ഗത്തില്‍പ്പെട്ട എന്‍കാര്‍സിയ ഗ്വാഡെലോപെ എന്ന സൂക്ഷ്മ പരാദജീവിയുടെ ആക്രമണത്തില്‍ 60 ശതമാനം വെള്ളീച്ചകള്‍ നശിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ലിയോക്രിനി എന്ന വണ്ടുകളും അവയുടെ പുഴുക്കളും വെള്ളീച്ച ബാധയോടനുബന്ധിച്ചുണ്ടാകുന്ന ചാരപൂപ്പല്‍ തിന്നു നശിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചാരപൂപ്പല്‍ ഇളകിപ്പോകാന്‍ ഒരു ശതമാനം വീര്യത്തില്‍ കഞ്ഞിപ്പശ ഓലയുടെ മുകള്‍ഭാഗത്ത് തളിച്ചുകൊടുക്കുക, മഞ്ഞനിറത്തിലുള്ള കട്ടിപേപ്പറില്‍ ആവണക്കെണ്ണയോ ഗ്രീസോ പുരട്ടിയ പശക്കെണി തെങ്ങിന്‍തോപ്പില്‍ സ്ഥാപിക്കുക, മിത്രകീടമായ എന്‍കാര്‍സിയയുടെ പ്രജനനവും വ്യാപനവും പ്രോത്സാഹിപ്പിക്കുന്നതിനായി രാസകീടനാശിനികള്‍ തളിക്കുന്നത് ഒഴിവാക്കുക എന്നിവയാണ് കീടനിയന്ത്രണ ഉപാധികള്‍.
Next Story

RELATED STORIES

Share it