Kottayam Local

വെള്ളാവൂര്‍ ടൂറിസം പദ്ധതിക്ക് അന്തിമ രൂപരേഖ സമര്‍പ്പിച്ചു

പൊന്‍കുന്നം:കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വെള്ളാവൂര്‍ ടൂറിസം പദ്ധതിയുടെ വിശദമായ പ്ലാനും എസ്റ്റിമേറ്റും സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചതായി ഡോ.എന്‍ ജയരാജ് എംഎല്‍എ. സംസ്ഥാന സര്‍ക്കാരിന്റെ 2018ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പൂര്‍ത്തിയാക്കാനുദേശിക്കുന്നത്. ഈ പദ്ധതി സര്‍ക്കാര്‍ അക്രഡിറ്റഡ് ഏജന്‍സിയായ കേരളാ ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് കമ്പനി ലിമിറ്റഡ് മുഖേനയാവും നടപ്പാക്കുന്നത്. 3.35 കോടി രൂപ ചെലവില്‍ മണിമലയാറില്‍ കുളത്തൂര്‍ മൂഴിക്ക് സമീപം തടയണ നിര്‍മാണത്തിന് അനുമതി ലഭിച്ചു.
ഇതിനു സമീപം രണ്ട് ഏക്കര്‍ തുരുത്തിന്റെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തിയുള്ള അഡ്വഞ്ചര്‍ ടൂറിസം പദ്ധതിക്ക് 12.50 കോടി രൂപയാണ് എസ്റ്റിമേറ്റ് കണക്കാക്കിയിരിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയായി വരുന്ന ട്രാവന്‍കൂര്‍ ഫോക് വില്ലേജിന്റെ മുന്‍വശത്തായി മണിമലയാറിന്റെ വശങ്ങളില്‍ നടപ്പാത നിര്‍മിക്കും. മണിമലയാറില്‍ പെഡല്‍ ബോട്ടിങ് സംവിധാനം കൂടി ഉള്‍പ്പെടുന്ന പദ്ധതിക്ക് 3.50 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചു.
വെള്ളാവൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ സഹകരണത്തോടെ രണ്ട് പ്രവര്‍ത്തികളും പൂര്‍ത്തിയാകുന്നതോടെ ശ്രദ്ധേയമായ ടൂറിസം കേന്ദ്രമായി മാറുമെന്നും പടയണി ഗ്രാമമായ കോട്ടാങ്ങല്‍, നാടന്‍ കലാ പൈതൃകമുള്ള വെള്ളാവൂര്‍, മണിമലയാറിന്റെ പ്രകൃതിസൗന്ദര്യം എന്നിവ സംയോജിപ്പിച്ചുള്ള പദ്ധതിക്ക് ഉടന്‍ അംഗീകാരമാകുമെന്നാണ് പ്രതീക്ഷയെന്ന് എംഎല്‍എ പറഞ്ഞു.
Next Story

RELATED STORIES

Share it