വെള്ളാപ്പള്ളി നടത്തിയത് കരുതിക്കൂട്ടിയുള്ള വിദ്വേഷ പ്രസംഗം

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്‍ ആലുവയില്‍ നടത്തിയ പ്രസംഗം കരുതിക്കൂട്ടിയുള്ള വിദ്വേഷ പ്രസംഗം തന്നെയെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. കെപിസിസി ആസ്ഥാനത്ത് സേവാദള്‍ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിന്റെ ദൃശ്യം കാണുന്നവര്‍ക്ക് അത് വ്യക്തമാവും. ജനവിഭാഗങ്ങളെ വര്‍ഗീയ വിഭജനത്തിലേക്ക് നയിക്കുകയെന്ന ഗുഢമായ ലക്ഷ്യത്തോടുകൂടിയാണ് പ്രസ്താവന നടത്തിയതെന്ന കാര്യത്തില്‍ പ്രസംഗം കേട്ട ആര്‍ക്കും സംശയമുണ്ടാവില്ല. ഏതെങ്കിലും വ്യക്തിയോടുള്ള വ്യക്തിപരമായ വിദ്വേഷത്തിന്റെ കാര്യമല്ലിതെന്നും സുധീരന്‍ പറഞ്ഞു. വി എം സുധീരന്‍ തന്നെ വേട്ടയാടുകയാണെന്ന വെള്ളാപ്പള്ളിയുടെ ആരോപണത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
18 കൊല്ലമായി ഞാന്‍ അദ്ദേഹത്തെ വേട്ടയാടുകയാണെന്നാണ് പറയുന്നത്. വളരെ തെറ്റായ പ്രസ്താവനയാണിത്. അങ്ങനെ ആരേയും വേട്ടയാടുന്ന രീതി എന്റേതല്ല. ആരേയും വേട്ടയാടാന്‍ ഇന്നേവരെ ശ്രമിച്ചിട്ടില്ലെന്നും സുധീരന്‍ പറഞ്ഞു. നിയമം വെള്ളാപ്പള്ളിക്കും ബാധകമാണ്. എസ്എന്‍ഡിപിയുടെ തണലില്‍ നിയമത്തിന് അതീതനാവാന്‍ വെള്ളാപ്പള്ളിക്ക് കഴിയില്ല. വെള്ളാപ്പള്ളിയോട് തനിക്ക് വ്യക്തിവിരോധമില്ല. എതിര്‍ക്കുന്നത് വെള്ളാപ്പള്ളിയുടെ നിലപാടുകളെയാണെന്നും സുധീരന്‍ വ്യക്തമാക്കി.
സുധീരന്‍ തന്നെ വേട്ടയാടുകയാണെന്ന് വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സുധീരന്റെ ധാര്‍ഷ്ട്യമാണ് ഇതിനു കാരണം. ജനപിന്തുണയും പാര്‍ട്ടിയിലെ പിന്തുണയും നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മൂന്നാം ഗ്രൂപ്പ് ഉണ്ടാക്കിയാണു സുധീരന്‍ നിലനില്‍ക്കുന്നത്. വ്യക്തി വൈരാഗ്യത്തിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ കാരണം അദ്ദേഹം സ്വയം നശിക്കുകയാണ്. ഞാനും സുധീരനും ഒരേ സമുദായത്തില്‍ ഉള്‍പ്പെട്ടതും കാരണമാവാം. കുലംകുത്തികള്‍ ധാരാളമുള്ള സമുദായമാണു ഞങ്ങളുടേത്. കോടതി അനുകൂല പരാമര്‍ശം നടത്തിയിട്ടും സുധീരന്‍ പ്രതികൂലമായി നില്‍ക്കുന്നത് ഇതിനുദാഹരണമാണെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്.
Next Story

RELATED STORIES

Share it