വെള്ളാപ്പള്ളി ആര്‍എസ്എസിന്റെ ആജ്ഞാനുവര്‍ത്തിയാവരുത്: പോപുലര്‍ ഫ്രണ്ട്

കോഴിക്കോട്: വര്‍ഗീയ ഫാഷിസ്റ്റ് സംഘടനയായ ആര്‍എസ്എസിന്റെ ആജ്ഞാനുവര്‍ത്തിയായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മാറുന്നത് നിര്‍ഭാഗ്യകരമാണെന്നു പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എച്ച് നാസര്‍.
സമത്വമുന്നേറ്റയാത്ര ന്യൂനപക്ഷങ്ങള്‍ക്കെതിരേ വിദ്വേഷം വളര്‍ത്തും. വിവിധ ഹിന്ദു സമുദായങ്ങളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി സംസാരിക്കുകയാണെന്ന വ്യാജേന വെള്ളാപ്പള്ളി നടത്തുന്നത് ന്യൂനപക്ഷ വിരോധം ആളിക്കത്തിക്കലാണ്. ഭരണനേട്ടങ്ങള്‍ കോട്ടയത്തേക്കും മലപ്പുറത്തേക്കും ഒഴുകുകയാണെന്നും മുസ്‌ലിം ജനസംഖ്യ പെരുകുകയാണെന്നുമുള്ള വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍ അടിസ്ഥാനരഹിതമാണ്. മുസ്‌ലിം സമുദായം ഇടക്കാലത്ത് വിദ്യാഭ്യാസപരമായി മുന്നേറിയതും സാമ്പത്തികാഭിവൃദ്ധി കൈവരിച്ചതും പൊതുഖജനാവിലെ പണം കൊണ്ടല്ല. ഗള്‍ഫ് കുടിയേറ്റവും ഉല്‍ക്കര്‍ഷേച്ഛയുമാണ്. സങ്കുചിത നേട്ടങ്ങള്‍ക്കും സ്വാര്‍ഥലാഭത്തിനും വേണ്ടി ആര്‍എസ്എസിനെ പ്രീതിപ്പെടുത്താനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നത്. സംവരണ വിഷയത്തില്‍ ആര്‍എസ്എസിന്റെയും ബിജെപിയുടെയും നിലപാടാണോ തനിക്കുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കണം.
ആര്‍എസ്എസ് നേതാവ് മോഹന്‍ഭാഗവതിന്റെ കഴിഞ്ഞ ദിവസത്തെ കേരള സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യവും വര്‍ഗീയ ധ്രുവീകരണത്തിനു പദ്ധതിയൊരുക്കലാണ്. ആര്‍എസ്എസ് അജണ്ടയുടെ പ്രചാരകനായി മാറുന്നതിലൂടെ കേരള നവോത്ഥാന ചരിത്രത്തില്‍ ശ്രീനാരായണ ഗുരുവിന്റെയും എസ്എന്‍ഡിപി യോഗത്തിന്റെയും ചരിത്രപരമായ പങ്ക് വിസ്മരിച്ചുകൊണ്ടുള്ള വെള്ളാപ്പള്ളിയുടെ നിലപാട് ആത്മഹത്യാപരമാണെന്നും കെ എച്ച് നാസര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതിയംഗം പി നൂറുല്‍ അമീന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it