വെള്ളാപ്പള്ളിയുടെ പാര്‍ട്ടി: 'കൂപ്പുകൈ' ചിഹ്നം അനുവദിക്കാനാവില്ല

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ പുതിയ രാഷ്ട്രീയപ്പാര്‍ട്ടിയായ ഭാരത് ധര്‍മജനസേന (ബിഡിജെഎസ്)യ്ക്ക്കൂപ്പുകൈ തിരഞ്ഞെടുപ്പു ചിഹ്‌നമായി ലഭിക്കില്ല. കൂപ്പുകൈ അനുവദിക്കുന്നതിനു ചട്ടപ്രകാരം തടസ്സമുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.
നിലവിലുള്ള ചിഹ്നങ്ങളുമായി സാദൃശ്യമുള്ള തിരഞ്ഞെടുപ്പ് ചിഹ്നം പുതുതായി അനുവദിക്കരുതെന്നാണു ചട്ടം. പാര്‍ട്ടിയും ചിഹ്‌നവും പ്രഖ്യാപിച്ചെങ്കിലും പുതിയ ചിഹ്നം ആവശ്യപ്പെട്ടുള്ള അപേക്ഷ ബിഡിജെഎസ് ഇതുവരെ നല്‍കിയിട്ടില്ല. കോണ്‍ഗ്രസ് ചിഹ്നമായ കൈപ്പത്തിയുമായി കൂപ്പുകൈക്ക് സാമ്യമുണ്ടെന്നാണു പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ തിരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്‍കി. ബിഡിജെഎസിന്റെ കൂപ്പുകൈ, കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക ചിഹ്നമായ കൈപ്പത്തിയുമായി സാമ്യം പുലര്‍ത്തുന്ന ചിഹ്നമാണെന്നും ഇത് അനുവദിക്കാന്‍ പാടില്ലെന്നും സുധീരന്‍ പരാതിയില്‍ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന 10 ചിഹ്നങ്ങളില്‍ ഒരെണ്ണം പുതിയ പാര്‍ട്ടികള്‍ തിരഞ്ഞെടുക്കുകയാണു വേണ്ടത്. അല്ലെങ്കില്‍ നിലവില്‍ ഇല്ലാത്തതും മറ്റൊരു പാര്‍ട്ടിയുടെയും ചിഹ്നവുമായി സാദൃശ്യവുമില്ലാത്ത മൂന്നു ചിഹ്നങ്ങള്‍ നല്‍കി അവയില്‍നിന്നും ഒരെണ്ണം സ്വീകരിക്കുകയുമാണ് വേണ്ടത്. ഈ മാസം അഞ്ചിന് ശംഖുമുഖത്ത് സമത്വമുന്നേറ്റയാത്രയുടെ സമാപനവേദിയിലാണ് പുതിയ പാര്‍ട്ടിയും ചിഹ്നവും വെള്ളാപ്പള്ളി പ്രഖ്യാപിച്ചത്. ബിഡിജെഎസിന്റെ ചിഹ്നം വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണയുളവാക്കാന്‍ സാധ്യതയുണ്ടെന്നു സുധീരന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it