വെള്ളാപ്പള്ളിക്ക് ജാമ്യമെടുക്കാന്‍ പോയത് തെറ്റായിപ്പോയി: രാജന്‍ ബാബു

കൊച്ചി/തിരുവനന്തപുരം: വിവാദ പ്രസംഗം നടത്തിയ വെള്ളാപ്പള്ളി നടേശനോടൊപ്പം ജാമ്യമെടുക്കാന്‍ പോയത് തെറ്റായിപ്പോയെന്ന് ജെഎസ്എസ് നേതാവ് എ എന്‍ രാജന്‍ ബാബു. വെള്ളാപ്പള്ളി നടേശന്റെ പുതിയ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല. യുഡിഎഫില്‍ നിന്നു പുറത്താക്കിയെന്ന വാര്‍ത്ത തെറ്റാണെന്നും കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ രാജന്‍ ബാബു പറഞ്ഞു.
കൊച്ചിയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ നിന്നു കെ കെ ഷാജു വിട്ടുനിന്നു. വെള്ളാപ്പള്ളിക്കൊപ്പം പോയതില്‍ തെറ്റു പറ്റിയെന്ന രാജന്‍ ബാബുവിന്റെ പ്രസ്താവനയെ ഷാജു തള്ളിക്കളയുകയും ചെയ്തു. അഭിഭാഷകബുദ്ധിയുടെ ഗൂഢാലോചനയാണ് പ്രസ്താവനയെന്നാണ് ഷാജു പ്രതികരിച്ചത്. രാജന്‍ ബാബുവിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്ന നിലപാടിലായിരുന്നു ആഭ്യന്തരമന്ത്രി. മാപ്പു പറഞ്ഞാല്‍ തീരാവുന്ന തെറ്റല്ല രാജന്‍ ബാബു ചെയ്തതെന്നും യുഡിഎഫില്‍ തുടരണമോ എന്നു ഘടകകക്ഷികള്‍ തീരുമാനിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു. യുഡിഎഫില്‍ നിന്നു പുറത്താക്കുമെന്ന സ്ഥിതി വന്നപ്പോഴാണ് രാജന്‍ ബാബു കുറ്റസമ്മതം നടത്തിയത്.
താന്‍ ഇപ്പോഴും യുഡിഎഫിന്റെ കൂടെത്തന്നെയാണ്. യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന നടപടി ഉണ്ടാവില്ല. ഇതിനായി ജാഗ്രത പുലര്‍ത്തും. എസ്എന്‍ഡിപി യോഗത്തോട് കോണ്‍ഗ്രസ്സിനോ യുഡിഎഫിനോ എതിര്‍പ്പുണ്ടെന്നു കരുതുന്നില്ല. വെള്ളാപ്പള്ളിയുടെ ചില നടപടികളെ മാത്രമാണ് യുഡിഎഫ് എതിര്‍ക്കുന്നത്. എസ്എന്‍ഡിപി നേതാക്കള്‍ ജെഎസ്എസ് യോഗങ്ങളില്‍ പങ്കെടുക്കുന്നുവെന്നത് വ്യാജ പ്രചാരണമാണെന്നും രാജന്‍ ബാബു പറഞ്ഞു.
അതേസമയം, രാജന്‍ബാബുവിന്റെ പ്രവൃത്തിയോട് യോജിക്കാനാവില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എം എം ഹസന്‍ പ്രതികരിച്ചു. രാജന്‍ബാബുവിന്റെ കാര്യത്തില്‍ ചൊവ്വാഴ്ച യുഡിഎഫ് കക്ഷിനേതാക്കള്‍ യോഗം ചേര്‍ന്നു തീരുമാനമെടുക്കും. യുഡിഎഫിന്റെ ഭാഗമായി നില്‍ക്കുന്നയാള്‍ വെള്ളാപ്പള്ളി നടേശനെ രാഷ്ട്രീയമായോ നിയമപരമായോ സഹായിക്കുന്നത് അയാളുടെ മുന്നണിക്കുള്ളിലെ അംഗത്വം നഷ്ടമാക്കും. വെള്ളാപ്പള്ളിയുടെ പുതിയ രാഷ്ട്രീയ പാര്‍ട്ടിക്കായി ഭരണഘടന തയ്യാറാക്കുന്ന ഘട്ടത്തില്‍ ഇക്കാര്യം ശക്തമായി രാജന്‍ബാബുവിനെ അറിയിച്ചിരുന്നതാണെന്നും ഹസന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it