വെള്ളാപ്പള്ളിക്ക് കരണത്തേറ്റ അടിയെന്ന്: വിഎസ്

സ്വന്തം പ്രതിനിധി

തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ ഹെഡ്മാസ്റ്റര്‍ മോഹന്‍ ഭാഗവതിന്റെ പിന്നാക്ക സംവരണത്തിനെതിരായ ആവര്‍ത്തിച്ചുള്ള പ്രസ്താവന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കരണത്തേറ്റ അടിയാണെന്നു പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഒരു മാസം മുമ്പ് മോഹന്‍ ഭാഗവതും ആര്‍എസ്എസിന്റെ താത്ത്വികാചാര്യന്‍ എം ജി വൈദ്യയും ഇതേ അഭിപ്രായം പ്രകടിപ്പിച്ചപ്പോള്‍ സംവരണ തത്ത്വത്തില്‍ മാറ്റമില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പു നല്‍കിയിട്ടുണ്ടെന്നാണു നടേശന്‍ പറഞ്ഞത്. എന്നാല്‍, മോദി ഇങ്ങനെയൊരു ഉറപ്പു നല്‍കിയതായി നടേശനല്ലാതെ മറ്റാര്‍ക്കും അറിയില്ല.

നടേശന്റെ സ്വഭാവംവച്ചു പരിശോധിക്കുമ്പോള്‍ നടേശന്‍ പറഞ്ഞത് പച്ചക്കള്ളമാണ്. അതിനുള്ള തെളിവാണല്ലോ മോഹന്‍ ഭാഗവതിന്റെയും ആര്‍എസ്എസിന്റെയും തീരുമാനങ്ങള്‍ ശിരസാവഹിക്കുന്ന മോദി ഇതേപ്പറ്റി പരസ്യമായി ഒന്നും പറയാത്തത്- വിഎസ് പറഞ്ഞു.വിഴിഞ്ഞത്ത് വിഷമല്‍സ്യം കഴിച്ച 11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന വാര്‍ത്ത അതീവ ഗൗരവമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. വിഷപച്ചക്കറികളോടൊപ്പം വിഷമല്‍സ്യവും കേരളത്തില്‍ വ്യാപകമായി വില്‍പന നടത്തുന്നു എന്നതിനു തെളിവാണ് ഈ സംഭവം. 2015 ആഗസ്ത് 9നു വിഷംകലര്‍ന്ന പച്ചക്കറിയും മല്‍സ്യവും കേരളത്തില്‍ വന്‍തോതില്‍ വില്‍പന നടക്കുന്നതായി താന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഗുരുതരമായ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിന് അടിയന്തരമായി സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ യാതൊരു നടപടിയും കൈക്കൊണ്ടില്ലെന്നു വിഎസ് കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it