വെള്ളാപ്പള്ളിക്ക് അനുകൂലമായ വിധി;  ഹൈക്കോടതിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സുധീരന്‍

തിരുവനന്തപുരം: കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തെക്കുറിച്ച് വര്‍ഗീയ പരാമര്‍ശം നടത്തിയ വെള്ളാപ്പള്ളി നടേശന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരേ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. വിധിയില്‍ പ്രോസിക്യൂഷന്‍ കേസിന്റെ ഗൗരവം സംബന്ധിച്ചുള്ള ഹൈക്കോടതി പരാമര്‍ശം തികച്ചും തെറ്റും അനവസരത്തിലുള്ളതുമാണെന്ന് സുധീരന്‍ ചൂണ്ടിക്കാട്ടി.
കോടതിയുടെ അധികാരപരിധി ലംഘിക്കുന്നതാണ് വിധിയെന്നും സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു. വെള്ളാപ്പള്ളി നടേശന്റെ പ്രസംഗം വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ പകയും വിദ്വേഷവും ഉണ്ടാക്കിയെന്ന ആരോപണത്തിന്റെ നിജസ്ഥിതി സംബന്ധിച്ച് പോലിസ് വിവിധ മതവിഭാഗങ്ങളില്‍പ്പെട്ട ആളുകള്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്താനും മറ്റ് വസ്തുതകളും തെളിവുകളും ശേഖരിക്കാനും നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ കേസ് ഡയറി പോലും പരിശോധിക്കാതെ പ്രതിയുടെ ജാമ്യാപേക്ഷയുടെ മാത്രം അടിസ്ഥാനത്തില്‍ കോടതി കേസിനെ വിലയിരുത്തി നടത്തിയ പരാമര്‍ശം ഒട്ടും ശരിയായില്ല.
ജാമ്യം അനുവദിക്കുമ്പോള്‍ കേസിന്റെ അടിസ്ഥാന കാര്യങ്ങള്‍ വിശകലനം ചെയ്യരുതെന്ന സുപ്രിംകോടതി വിധികള്‍ക്കെതിരാണ് ഇത്തരം പരാമര്‍ശമെന്നും വി എം സുധീരന്‍ പറഞ്ഞു.
അതിനിടെ, ആഭ്യന്തരവകുപ്പിനെ വിമര്‍ശിച്ച് കെ മുരളീധരന്‍ എംഎല്‍എ രംഗത്തെത്തി. വെള്ളാപ്പള്ളിക്ക് ജാമ്യം കിട്ടാന്‍ കാരണം ആഭ്യന്തരവകുപ്പിന്റെ വീഴ്ചയാണെന്ന് കെ മുരളീധരന്‍ ആരോപിച്ചു. നൗഷാദിനെ അപമാനിച്ച് പ്രസംഗം നടത്തിയ ഉടന്‍ തന്നെ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യേണ്ടതായിരുന്നു- കെ മുരളീധരന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it