വെള്ളാപ്പള്ളിക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരേ വിജിലന്‍സ് പ്രാഥമികാന്വേഷണം നടത്താന്‍ ഉത്തരവ്. അന്വേഷണ റിപോര്‍ട്ട് മാര്‍ച്ച് 5നകം സമര്‍പ്പിക്കണം. തെളിവ് ലഭിച്ചാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസുമായി മുന്നോട്ടുപോവാമെന്നു വിജിലന്‍സ് ഡയറക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.
മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹരജിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി സ്‌പെഷ്യല്‍ ജഡ്ജി ജോണ്‍ കെ ഇല്ലിക്കാടനാണ് ഉത്തരവിട്ടത്. വെള്ളാപ്പള്ളി, യോഗം പ്രസിഡന്റ് ഡോ. എം എന്‍ സോമന്‍, മൈക്രോഫിനാന്‍സ് കോ-ഓഡിനേറ്റര്‍ കെ കെ മഹേശന്‍, പിന്നാക്കക്ഷേമ കോര്‍പറേഷന്‍ മുന്‍ എംഡി എന്‍ നജീബ് എന്നിവര്‍ക്കെതിരേ അന്വേഷണം നടത്താനാണു നിര്‍ദേശം. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച പലിശനിരക്ക് മറികടന്ന് എസ്എന്‍ഡിപി നേതൃത്വം കൂടിയ പലിശനിരക്കില്‍ വായ്പ വിതരണം ചെയ്‌തെന്ന ഹരജിക്കാരന്റെ ആരോപണം കോടതി ശരിവച്ചു. ഇക്കാര്യം രേഖകളില്‍നിന്നു വ്യക്തമാണ്. വായ്പാ തട്ടിപ്പ് തടയുന്നതില്‍ പിന്നാക്ക വികസന കോര്‍പറേഷന്റെ ജില്ലാ മാനേജര്‍മാര്‍ ഗുരുതര വീഴ്ച വരുത്തി.
വരവുചെലവു കണക്കുകള്‍ യഥാസമയം സമര്‍പ്പിച്ചില്ല. 80.30 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നെന്നു രഹസ്യപരിശോധനയില്‍ തെളിഞ്ഞതായി വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ സി സി അഗസ്റ്റിന്‍ നേരത്തേ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, ഏഴു ലക്ഷം രൂപയുടെ തട്ടിപ്പാണു പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയതെന്ന് വിജിലന്‍സ് പിന്നീടു തിരുത്തി. വി എസ് ഹാജരാക്കിയ തെളിവുകളും കോടതി പരിശോധിച്ചു. കേസ് മാര്‍ച്ച് 5ന് വീണ്ടും പരിഗണിക്കും.
Next Story

RELATED STORIES

Share it