World

വെള്ളാപ്പള്ളിക്കെതിരേ വ്യാപക പ്രതിഷേധം

തിരുവനന്തപുരം: കോഴിക്കോട് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മരിച്ച നൗഷാദിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കിയതുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശം നടത്തിയ വെള്ളാപ്പള്ളി നടേശനെതിരേ പ്രതിഷേധം ശക്തമാവുന്നു. വെള്ളാപ്പള്ളിക്കെതിരേ സര്‍ക്കാര്‍ കേസെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ആവശ്യപ്പെട്ടിരുന്നു. പ്രത്യേക മതത്തില്‍പ്പെട്ടവര്‍ക്ക് മാത്രമാണ് ആനുകൂല്യം നല്‍കുന്നതെന്ന വെള്ളാപ്പള്ളിയുടെ ആരോപണം അപലപനീയമാണെന്നും സുധീരന്‍ പറഞ്ഞു.
വര്‍ഗീയ പ്രസ്താവന നടത്തിയ വെള്ളാപ്പള്ളി നടേശനെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. വെള്ളാപ്പള്ളിയുടെ പ്രസ്താവന അങ്ങേയറ്റം ഹീനവും നിഷ്ഠൂരവുമാണ്. വര്‍ഗീയസ്പര്‍ധ ഇളക്കിവിടുന്ന പ്രസ്താവന നടത്തിയ നടേശനെ അറസ്റ്റുചെയ്ത് ജയിലിലടയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും വിഎസ് പറഞ്ഞു.
വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന കേരളത്തിന് അപമാനമാണെന്നു മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പ്രതികരിച്ചു. വിവാദ പ്രസ്താവന തിരുത്തി പൊതുസമൂഹത്തോട് മാപ്പ് പറയാന്‍ വെള്ളാപ്പള്ളി തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വെള്ളാപ്പള്ളി നടേശന് മതഭ്രാന്ത് പിടിച്ചിരിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷ് പറഞ്ഞു. കേരളത്തില്‍ വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ബോധപൂര്‍വം സംഘപരിവാര ശക്തികളുടെ പിന്തുണയോടെ വെള്ളാപ്പള്ളി ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ആര്‍എസ്എസ് മുന്നോട്ട്‌വയ്ക്കുന്ന സവര്‍ണ വര്‍ഗീയ രാഷ്ട്രീയത്തിന്റെ കേരളത്തിലെ ബ്രാന്‍ഡ് അംബാസഡറാണ് വെള്ളാപ്പള്ളി നടേശനെന്നും അദ്ദേഹത്തിന് മഹത്തായ ശ്രീനാരായണ പ്രസ്ഥാനത്തിന്റെ അമരത്തിരിക്കാന്‍ അര്‍ഹതയില്ലെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രഡിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ പ്രതികരിച്ചു.
ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവന്‍ നഷ്ടപ്പെട്ട ഓട്ടോ തൊഴിലാളി നൗഷാദിന് സര്‍ക്കാര്‍ ആനുകൂല്യം നല്‍കിയത് മുസ്‌ലിം ആയതിനാലാണ് എന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന കേരളത്തിന്റെ മതേതര പൊതുബോധത്തിനെതിരേയുള്ള അധിക്ഷേപമാണ്. സമത്വ മുന്നേറ്റയാത്രയല്ല, വര്‍ഗീയ മുന്നേറ്റ യാത്രയാണ് വെള്ളാപ്പള്ളി നയിക്കുന്നത്. കേരള ജനതയെ ഭിന്നിപ്പിക്കാനാണ് വെള്ളാപ്പള്ളിയെ ഉപയോഗിച്ച് സംഘപരിവാരം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it