വെള്ളാപ്പള്ളിക്കും മകനുമെതിരേ എസ്എന്‍ഡിപിയുടെ പേരില്‍ നോട്ടീസ്

വിജയന്‍ ഏഴോം

പാലക്കാട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും, തുഷാര്‍ വെള്ളാപ്പള്ളിക്കും എസ്എന്‍ഡിപി നേതൃത്വത്തിനുമെതിരെ  രൂക്ഷ വിമര്‍ശനവുമായി ശ്രീനാരായണ ധര്‍മസ്‌നേഹി എന്ന പേരില്‍ പാലക്കാട്ട് നോട്ടീസ് വ്യാപകം. ചൊവ്വാഴ്ച പാലക്കാട്ടെ വിവിധ മാധ്യമസ്ഥാപനങ്ങളിലും  നോട്ടീസ് എത്തി. എസ്എന്‍ഡിപിയുടെ സംസ്ഥാനത്തെ ശക്തികേന്ദ്രങ്ങളിലൊന്നായ ജില്ലയിലെ വിവിധ ഭാഗങ്ങളിലും നോട്ടീസ് പതിച്ചിട്ടുണ്ട്. ഡോ. പല്‍പ്പു, കുമാരനാശാന്‍, സഹോദരന്‍ അയ്യപ്പന്‍, മൂര്‍ക്കോത്ത് കുമാരന്‍, മിതവാദി കൃഷ്ണന്‍, ടി കെ മാധവന്‍, സി വി കുഞ്ഞിരാമന്‍ തുടങ്ങിയ ത്യാഗികളും വിപ്ലവകാരികളും ദരിദ്ര ജനത്തിന്റെ ഉന്നമനത്തിനുവേണ്ടി വളര്‍ത്തിയെടുത്ത സംഘടനയുടെ തലപ്പത്ത് കയറിക്കൂടി വര്‍ഗസ്‌നേഹവും ത്യാഗവും നീതിബോധവുമില്ലാതെ വെള്ളാപ്പള്ളി നടേശന്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് നോട്ടീസ് പറയുന്നത്.ഞെട്ടിക്കുന്ന അഴിമതിയാണ് നോട്ടീസില്‍ പ്രതിപാദിച്ചിരിക്കക്കുന്നത്. ട്രസ്റ്റിന്റെ വിവിധ സ്ഥാപനങ്ങളില്‍ ഒരുവര്‍ഷം 1100 ഓളം ജോലി ഒഴിവുകള്‍ വരുന്നതില്‍ 10 ലക്ഷം മുതല്‍ 50 ലക്ഷം വരെ വാങ്ങിയാണു നിയമിക്കുന്നത്. 50 ലക്ഷം വാങ്ങിയാല്‍ 5 ലക്ഷം കണക്കില്‍ കാണിച്ച് 45 ലക്ഷം രൂപ സ്വന്തം കൈക്കലാക്കി ഹവാല പണമിടപാടിലൂടെ വിദേശത്തുള്ള ബന്ധുക്കള്‍ക്ക് അയക്കുന്നു.

വിദേശത്തും സ്വദേശത്തും അത് നിക്ഷേപിക്കുന്നുവെന്നും നോട്ടീസ് വ്യക്തമാക്കുന്നു. സെക്രട്ടറി സ്ഥാനം എല്‍ക്കുമ്പോള്‍ വെള്ളാപ്പള്ളിയുടെ വാര്‍ഷികവരുമാനം 90,000 രൂപ മാത്രമായിരുന്നു. ഇന്നത് കോടികളാണ്. നിയമത്തിനും വിജിലന്‍സിനും പിടിക്കാന്‍ പറ്റാത്ത തട്ടിപ്പാണിത്. നാരായണഗുരുവിനെയും വെള്ളാപ്പള്ളിയെയും മനസ്സിലാക്കാന്‍ അറിവില്ലാത്ത ഈഴവ വര്‍ഗത്തിന് കാന്‍സറായി മാറിയ സംസ്‌കാരത്തിനെ പരിവര്‍ത്തനം വരുത്താന്‍ കഴിയാത്തതാണു ഭാരതീയരുടെ ശാപം- തുടങ്ങിയവയാണ് നോട്ടീസില്‍ പ്രതിപാദിക്കുന്ന പ്രധാന ഭാഗങ്ങള്‍. എസ്എന്‍ഡിപിയില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് സുതാര്യമല്ലെന്നാണ് നോട്ടീസിലെ മറ്റൊരു പ്രധാന ആരോപണം. വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയും സംസ്ഥാനതലത്തിലുള്ള അധികാരകേന്ദ്രമാണെങ്കില്‍ ഓരോ യൂനിയന്‍ കേന്ദ്രങ്ങളിലും ഉള്ള ഭാരവാഹികള്‍ പത്തും ഇരുപതും വര്‍ഷങ്ങളായി ഒരേ ഭാരവാഹിസ്ഥാനം അലങ്കരിക്കുകയാണെന്നും  നോട്ടീസ് ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it