വെള്ളാപ്പള്ളിക്കും ബിജെപിക്കും എതിരേ ശിവഗിരി മഠം

തിരുവനന്തപുരം: ബിജെപി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ക്കും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമെതിരേ ശിവഗിരിമഠം. ശിവഗിരി തീര്‍ത്ഥാടനവുമായി ബിജെപി നേതൃത്വം സഹകരിച്ചില്ലെന്ന് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ഋതംബരാനന്ദ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വെള്ളാപ്പള്ളിയുടെ രാഷ്ട്രീയപ്പാര്‍ട്ടി എസ്എന്‍ഡിപി യോഗത്തിന്റേതല്ല. അത് വെള്ളാപ്പള്ളിയുടേതു മാത്രമാണ്.
ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടന-സമാപന സമ്മേളനങ്ങളില്‍ ബിജെപിയുടെ കേന്ദ്രമന്ത്രിമാരെ പങ്കെടുപ്പിക്കാന്‍ മഠം ആഗ്രഹിച്ചിരുന്നു. അതിനായി കഴിഞ്ഞ ആഗസ്തില്‍ തന്നെ മന്ത്രിമാര്‍ക്ക് കത്തയക്കുകയും പകര്‍പ്പ് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന് നല്‍കുകയും ചെയ്തു. എന്നാല്‍, മുരളീധരന്റെ ഭാഗത്തുനിന്നു യാതൊരു സഹകരണവും ഉണ്ടായില്ല. ഒടുവില്‍ മഠം അധികൃതര്‍ ഡല്‍ഹിയില്‍ വച്ച് നേരിട്ട് ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണ് ടൂറിസം മന്ത്രി മഹേഷ് ശര്‍മ സമ്മേളനത്തില്‍ പങ്കെടുക്കാമെന്ന് അറിയിച്ചത്.
ബിജെപി നേതാക്കളെ ക്ഷണിച്ച മാതൃകയില്‍ തന്നെയാണ് ഉപരാഷ്ട്രപതി ഡോ. ഹാമിദ് അന്‍സാരി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി അടക്കമുള്ള നേതാക്കളെ ക്ഷണിച്ചതും അവര്‍ പങ്കെടുക്കാന്‍ സന്നദ്ധത അറിയിച്ചതും.
പ്രതികരണം ഇല്ലാത്തതിനെ തുടര്‍ന്നാണ് ബിജെപി നേതാക്കളെ ഒഴിവാക്കി തീര്‍ത്ഥാടനസമ്മേളനങ്ങള്‍ പ്രഖ്യാപിച്ചത്. 15ന് പ്രധാനമന്ത്രി നരേന്ദ്രമോദി ശിവഗിരിയില്‍ വരുന്നത് മഠം ക്ഷണിച്ചിട്ടല്ലെന്നും ഋതംബരാനന്ദ പറഞ്ഞു.
Next Story

RELATED STORIES

Share it