വെള്ളവും വെളിച്ചവും മുടക്കി രാജ്‌നാഥ് സിങിന് സുരക്ഷ

ഭോപാല്‍: കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സന്ദര്‍ശനത്തിനു സുരക്ഷയൊരുക്കിയത് 20 ഗ്രാമങ്ങളുടെ വെള്ളവും വെളിച്ചവും മുടക്കിയിട്ട്്. മധ്യപ്രദേശിലെ സത്‌നയിലാണു സംഭവം. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ ഹെലികോപ്റ്റര്‍ സുരക്ഷിതമായി നിലത്തിറക്കാന്‍ 20 ഗ്രാമങ്ങളിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കുകയായിരുന്നു പ്രാദേശിക ഭരണകൂടം. തുടര്‍ന്നു സഹിക്കെട്ട ഗ്രാമവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
42 ഡിഗ്രി ചൂടുള്ള സത്‌നയില്‍ 12 മണിക്കൂറിലധികമാണു വൈദ്യുതി ഇല്ലാതായത്. വൈദ്യുതി നിയന്ത്രണമുണ്ടാവുമെന്നും രാജ്‌നാഥ് സിങിന്റെ ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യാന്‍ തീരുമാനിച്ച സ്ഥലത്തു കൂടെ രണ്ട് ഹൈ വോള്‍ട്ടേജ് ലൈനുകള്‍ കടന്നുപോവുന്നതിനാലാണ് ഇതെന്നും സര്‍ക്കാര്‍ അറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന നടപടികള്‍ക്കു ഭരണകൂടം മുതിരരുതെന്നാണു പ്രതിഷേധത്തിനിടെ നാട്ടുകാര്‍ പറഞ്ഞത്.
''ഞങ്ങളുടെ വീടുകളില്‍ വെള്ളവും വെളിച്ചവും ഇല്ല. 20 ഗ്രാമങ്ങളില്‍ വൈദ്യുതിയില്ല. എല്ലാവരും ബുദ്ധിമുട്ടുകയാണ്. വൈദ്യുതി ഓഫിസില്‍ പറഞ്ഞപ്പോള്‍ അവര്‍ക്കൊന്നും ചെയ്യാനില്ലെന്നാണു മറുപടി''- ഗ്രാമീണര്‍ പറഞ്ഞു. തുടര്‍ന്നു വൈദ്യുതി ഓഫിസ് ഉപരോധിച്ച് വന്‍ പ്രതിഷേധം ഉയര്‍ത്തിയതോടെ പുലര്‍ച്ചെ മൂന്നോടെ വൈദ്യുതി പുനസ്ഥാപിക്കുകയായിരുന്നു.സ്വാതന്ത്ര്യസമര സേനാനി താക്കൂര്‍ രണ്‍മത് സിങിന്റെ പ്രതിമ അനാച്ഛാദനത്തിന് എത്തിയതായിരുന്നു രാജ്‌നാഥ് സിങ്. ഇതാദ്യമല്ല ജനപ്രതിനിധികളുടെ യാത്രയ്ക്കു ജനങ്ങളെ ദ്രോഹിക്കുന്നത്. 2016ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിക്കായി 15 ഏക്കറില്‍ വിളഞ്ഞുകിടന്ന സുരേഷ് പാര്‍മര്‍ എന്ന കര്‍ഷകന്റെ ഗോതമ്പുപാടം വെട്ടിനശിപ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it