wayanad local

വെള്ളമുണ്ട പഞ്ചായത്തില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുന്നു

വെള്ളമുണ്ട: ഗ്രാമപ്പഞ്ചായത്തില്‍ വിവാഹം, ഗൃഹപ്രവേശം ഉള്‍പ്പെടെയുള്ള മുഴുവന്‍ പൊതുപരിപാടികളിലും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കാനുള്ള നീക്കം ആരംഭിച്ചു. ഇതിന്റെ മുന്നോടിയായി പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ബൈലോ രൂപീകരിച്ച് പരാതികള്‍ സ്വീകരിച്ച ശേഷം അടുത്ത ബോര്‍ഡ് മീറ്റിങില്‍ അംഗീകാരം നല്‍കും. പിന്നീട് പഞ്ചായത്ത് ഡയറക്ടറുടെ അംഗീകാരം ലഭിക്കുന്ന മുറയക്ക് നിയമം പ്രാബല്യത്തില്‍ വരും. വെള്ളമുണ്ട ഗ്രാമപ്പഞ്ചായത്ത് ഗ്രീന്‍ പ്രോട്ടോകോള്‍ ബൈലോ എന്ന പേരില്‍ അറിയപ്പെടുന്ന നിയമം അംഗീകരിക്കുന്നതോടെ ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിച്ച് കൃഷിക്കു വളമായി ഉപയോഗിക്കാനും അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് വൃത്തിയാക്കി മാസത്തിലൊരിക്കല്‍ നിശ്ചിത ഫീസീടാക്കി പഞ്ചായത്ത് ശേഖരിച്ച് സംസ്‌കരണത്തിനു കൈമാറും. ഇതിനായി കുടുംബശ്രീ പ്രവര്‍ത്തകരെ നിയോഗിക്കും. റീസൈക്കിള്‍ ചെയ്യാന്‍ കഴിയാത്ത മള്‍ട്ടി ലെയേഴ്‌സ് പ്ലാസ്റ്റിക്കുകള്‍ നിരോധിക്കും. നോട്ടീസ്, മൈക്ക് അനൗണ്‍സ്‌മെന്റ്, പത്രപരസ്യം തുടങ്ങിയവയിലൂടെ ക്ഷണിക്കപ്പെട്ട് നൂറിലധികം പേര്‍ പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങുകളുള്‍പ്പെടെ മുഴുവന്‍ പൊതുപരിപാടികള്‍ക്കും ഗ്രീന്‍ പ്രോട്ടോകോളിന്റെ ഭാഗമായി പഞ്ചായത്തിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം. ഇത്തരം പരിപാടികളിലൊന്നും തന്നെ ഡിസ്‌പോസിബിള്‍ സാധനങ്ങള്‍, പ്ലാസ്റ്റിക് കാരിബാഗുകള്‍ മുതലായവ ഉപയോഗിക്കാന്‍ പാടില്ല. നിയമം ലംഘിച്ച് പൊതുപരിപാടികള്‍ നടത്തിയാല്‍ പഞ്ചായത്ത് സെക്രട്ടറിയോ സെക്രട്ടറി നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥനോ പരിശോധന നടത്തി 1,000 മുതല്‍ 5,000 രൂപ വരെ പിഴ ഈടാക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം. നിയമലംഘനം നടത്തുന്ന സ്ഥപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും. ഗ്രീന്‍ പ്രോട്ടോകോള്‍ പ്രാബല്യത്തില്‍ വരുന്നതോടെ പഞ്ചായത്തിലെ മുഴുവന്‍ സ്ഥപനങ്ങളിലും കര്‍ശന പരിശോധന നടത്തും.
Next Story

RELATED STORIES

Share it