wayanad local

വെള്ളമുണ്ടയില്‍ ലീഗിന് റിബല്‍ ഭീഷണി

മാനന്തവാടി: വെള്ളമുണ്ട പഞ്ചായത്തിലെ മൂന്നു വാര്‍ഡുകളില്‍ മുസ്‌ലിംലീഗിന് റിബല്‍ ഭീഷണി. പഞ്ചായത്തില്‍ ലീഗിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ മഴുവന്നൂര്‍ വാര്‍ഡില്‍ ശാഖാ ലീഗ് മുന്‍ സെക്രട്ടറിയും തരുവണ സര്‍വീസ് സഹകരണബാങ്ക് ഭരണസമിതി വൈസ് പ്രസിഡന്റുമായ പത്തായക്കോടന്‍ ഇബ്രാഹീം (സീതി തരുവണ) ഇന്നലെ പത്രിക നല്‍കി. ഇവിടെ കാഞ്ഞായി ഇബ്രാഹീം ആണ് ലീഗിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി. പത്തായക്കോടന്‍ ഇബ്രാഹീമിനെ എല്‍.ഡി.എഫ്. അടക്കമുള്ള മുന്നണികള്‍ പന്തുണയ്ക്കുന്നുണ്ട്. പഞ്ചായത്ത് എസ്.ടി.യു. സെക്രട്ടറി, മൂന്നു തവണ ശാഖാ ലീഗ് സെക്രട്ടറി, മുന്‍ യൂത്ത്‌ലീഗ് യൂനിറ്റ് സെക്രട്ടറി എന്നീ നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജനഹിതം മാനിക്കാത്ത നേതൃത്വത്തില്‍ ചിലരുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് മല്‍സരത്തിനിറങ്ങിയതെന്ന് ഇദ്ദേഹം പറയുന്നു. നാല്, അഞ്ച് വാര്‍ഡുകളില്‍ റിബലുകള്‍ ഇന്നു പത്രിക നല്‍കും. എട്ടേനാലില്‍ ശാഖാ കമ്മിറ്റിയും നേതൃത്വവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാത്തതിനെ തുടര്‍ന്നാണ് ഇവിടെ റിബലുകളെ നിര്‍ത്തി മല്‍സരിപ്പിക്കാന്‍ എട്ടേനാലിലെ പി മുഹമ്മദിനെ അനുകൂലിക്കുന്ന വിഭാഗം തീരുമാനിച്ചത്. കഴിഞ്ഞ ദിവസം പഞ്ചായത്ത് കമ്മിറ്റി വിളിച്ചുചേര്‍ത്ത അനുരഞ്ജന ചര്‍ച്ചയില്‍ വിമതവിഭാഗത്തില്‍ നിന്ന് 90 ഓളം പേര്‍ പങ്കെടുത്തെങ്കിലും ഔദ്യോഗിക വിഭാഗം അംഗങ്ങളാരും എ ത്തിയില്ല. തുടര്‍ന്ന് നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും വിമതവിഭാഗത്തെ അംഗീകരിക്കാന്‍ ഒരുവിഭാഗം തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് ഇവര്‍ രണ്ടു വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താനും ബാക്കിയിടങ്ങളില്‍ യു.ഡി.എഫിനെ പരാജയപ്പെടുത്താനും തീരുമാനിച്ചത്.
Next Story

RELATED STORIES

Share it