wayanad local

വെള്ളപ്പൊക്കം: കുറുമണിയില്‍ 150 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു

കുറുമണി: ശക്തമായ മഴയത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 150 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. കുറുമ്പാല ക്കോട്ടയുടെ താഴ്‌വാരത്തുള്ള ചെറുകണക്കുന്ന്, കുറുമണിക്കുന്ന്, കക്കണക്കുന്ന്, അടുവന്‍കുന്ന്, പാത്തിക്കല്‍കുന്ന് എന്നിവിടങ്ങളിലെ കുടുംബങ്ങളാണ് ഒറ്റപ്പെട്ടത്. ഒമ്പതിനു രാത്രിയോടെയാണ് ഈ പ്രദേശങ്ങളില്‍ വെള്ളം കയറിയത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും വെള്ളം കെട്ടിനില്‍ക്കുകയാണ്. ബാണാസുര അണയുടെ ഷട്ടര്‍ തുറന്നാല്‍ വെള്ളം കൂടുതല്‍ പൊങ്ങുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതിനും മറ്റുമായി വീടിനു പുറത്തുപോവാന്‍ ആറുപേര്‍ക്കു മാത്രം സഞ്ചരിക്കാവുന്ന തുഴ ബോട്ടും പഴയ തോണിയുമാണ് ജനങ്ങള്‍ക്കു ആശ്രയം. പൂക്കോട് നിന്നു കൊണ്ടുവന്നതാണ് തുഴ ബോട്ട്. അരി ഉള്‍പ്പെടെ അത്യാവശ്യസാധനങ്ങളുടെ സ്റ്റോക്ക് തീര്‍ന്നിരിക്കയാണ് മിക്ക വീടുകളിലും. ജില്ലാ പഞ്ചായത്ത് അധികൃതരും വില്ലേജ് ജീവനക്കാരും സ്ഥലസന്ദര്‍ശനം നടത്തിയെങ്കിലും ആശ്വാസ നടപടിയില്ല.
വെള്ളത്തിനടിയിലാണ് ഏക്കര്‍കണക്കിനു കൃഷിയിടങ്ങള്‍. വെള്ളം കെട്ടിനിന്ന് നെല്ലും വാഴയും കപ്പയും  അടക്കം വിളകള്‍ നശിക്കുകയാണ്. ലക്ഷക്കണക്കിനു രൂപയുടേതാണ് കൃഷിനാശം.
കൂലിപ്പണിയും വരുമാനവും ഇല്ലാതെ തൊഴിലാളി കുടുംബങ്ങള്‍ വലയുകയാണ്. മഴക്കാലത്തുടനീളം വെള്ളപ്പൊക്കത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കുന്ന കുറുമണിയിലും സമീപങ്ങളിലുമുള്ളവരുടെ ഉപയോഗത്തിനു കൂടുതല്‍ ബോട്ടുകള്‍ അനുവദിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഒറ്റപ്പെട്ടതില്‍ നിര്‍ധന-തൊഴിലാളി കുടുംബങ്ങള്‍ക്ക് സൗജന്യമായി നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കണമെന്ന ആവശ്യവും ശക്തമാണ്.
Next Story

RELATED STORIES

Share it