വെള്ളപ്പാറയിലെ യുവാവിന്റെ കൊലപാതകം: പ്രതികള്‍ പിടിയില്‍

പെരിന്തല്‍മണ്ണ: വെള്ളപ്പാറയില്‍ വെടിയേറ്റു മരിച്ച തിരുത്തുമ്മല്‍ ജാഫര്‍(28) എന്ന പത്തിരി ജാഫറിന്റെ കൊലപാതകത്തിലെ മുഖ്യപ്രതികളായ സഹോദരങ്ങള്‍ പെരിന്തല്‍മണ്ണയില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായി. താഴെക്കോട് അരക്കുപറമ്പ് മാട്ടറക്കല്‍ നടക്കളത്തില്‍ വീട്ടില്‍ ആസിഫ് അലി (28), സഹോദരന്‍ അന്‍സര്‍ അലി (27) എന്നിവരെയാണു പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈ.എസ്.പി. പി എം പ്രദീപ്, സി.ഐ. കെ എം ബിജു, എസ്.ഐ. സി കെ നാസര്‍ എന്നിവര്‍ ചേര്‍ന്ന് ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണു കേസിനാസ്പദമായ സംഭവം. അരക്കുപറമ്പ് കുറ്റിപ്പുളിയിലെ ഭാര്യവീട്ടില്‍നിന്നു മേലേകളം ഭാഗത്തേക്കു ബൈക്കില്‍ വരുകയായിരുന്ന പത്തിരി ജാഫറിനെ അജ്ഞാതസംഘം വെള്ളപ്പാറ വളവില്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പോലിസും നാട്ടുകാരും ചേര്‍ന്നു ചോരയില്‍ കുളിച്ചുകിടന്ന ജാഫറിനെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരിച്ചു. തുടര്‍ന്നു പോലിസ് നടത്തിയ അന്വേഷണത്തിലാണ് നാടന്‍ തോക്കുപയോഗിച്ചു വെടിവച്ചതാണെന്നു സ്ഥിരീകരിച്ചത്.

മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ചില കേസുകളില്‍പ്പെട്ട ജാഫറിന് വധഭീഷണിയുള്ളതായി പോലിസിനു വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അന്വേഷണസംഘം നടത്തിയ രഹസ്യാന്വേഷണത്തിലാണ് വര്‍ഷങ്ങളായി ആസൂത്രണം ചെയ്തു നടപ്പാക്കിയ കൊലപാതകമാണെന്നു മനസ്സിലാക്കിയത്. തുടര്‍ന്ന് സംഘത്തിലെ മുഖ്യ പ്രതികളായ സഹോദരന്‍മാരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ആസിഫ് അലിയാണ് ജാഫറിനെ വെടിവച്ചത്. വെടിയേറ്റു ജാഫറിന്റെ മരണം ഉറപ്പാക്കിയ ശേഷമാണ് പ്രതികള്‍ സ്ഥലത്തുനിന്നു മടങ്ങിയത്. വര്‍ഷങ്ങള്‍ക്കുമുമ്പ് മാട്ടറക്കലില്‍വച്ച് ഒന്നാംപ്രതി ആസിഫിനെ ജാഫര്‍ കുത്തിപരിക്കേല്‍പ്പിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രതികള്‍ ജാഫറിനെ കൊലപ്പെടുത്തിയത്. പ്രതികളുപയോഗിച്ച നാടന്‍ തോക്ക് ഇന്നലെ ഉച്ചയോടെ വെള്ളപ്പാറ റബര്‍ എസ്റ്റേറ്റിനു താഴെയുള്ള ക്വാറിയില്‍നിന്ന് അന്വേഷണസംഘം കണ്ടെടുത്തു.
Next Story

RELATED STORIES

Share it