thiruvananthapuram local

വെള്ളനാട്-ചെറ്റച്ചല്‍ റോഡ് നിര്‍മാണത്തിന് പ്ലാന്റ് സ്ഥാപിച്ചു

കാട്ടാക്കട: നാല് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വെള്ളനാട്-ചെറ്റച്ചല്‍ സ്‌പെഷ്യല്‍ പാക്കേജ് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്ലാന്റ് സ്ഥാപിച്ചു. വിതുര, തൊളിക്കോട് പഞ്ചായത്തുകളുടെ അതിര്‍ത്തിയായ പേരയത്തുപാറ ജങ്ഷന് സമീപമാണ് പ്ലാന്റ് സ്ഥാപിച്ചത്. പ്ലാന്റ് കാണാനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമായി കെ എസ് ശബരീനാഥന്‍ എംഎല്‍എ ഇന്നലെ സ്ഥലം സന്ദര്‍ശിച്ചു. 22 കി.മീ ദൂരം 40 കോടി രൂപ വിനിയോഗിച്ച് വെള്ളനാട്, ആര്യനാട്, തൊളിക്കോട്, വിതുര പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ച് നിര്‍മിക്കുന്ന ഈ റോഡ് സംസ്ഥാനത്തെ ആദ്യ സംരംഭമാണ്.
ചെറ്റച്ചല്‍ ജങ്ഷനില്‍ നിന്ന് ആരംഭിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം ഓടകളുടെയും കലുങ്കുകളുടെയുമാണ്. ഇതിനുള്ള പ്ലാന്റാണ് ആദ്യഘട്ടത്തില്‍ എത്തിച്ചത്. ഓടകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം കാലാവസ്ഥ കൂടി അനുകൂലമാവുന്നതോടെ ടാറിങ് ജോലികള്‍ ആരംഭിക്കുമെന്നും ഇതിനുള്ള പ്ലാന്റുകള്‍ വൈകാതെ എത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അരുവിക്കര നിയോജകമണ്ഡലത്തിലെ നാലു പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ച് ബിഎം ആന്റ് ബിസി നിലവാരത്തില്‍ നിര്‍മിക്കുന്ന റോഡില്‍ 22 ചെറുതും അഞ്ചു വലിയ ജങ്ഷനുകളുമുണ്ട്.
ആവശ്യമായ ഇടങ്ങളില്‍ ഫുട്പാത്ത്, തെരുവുവിളക്കുകള്‍ തുടങ്ങിയവ സ്ഥാപിക്കുന്ന പദ്ധതിയുടെ സര്‍വേ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. സ്‌റ്റേറ്റ് റോഡ് ഇംപ്രൂവ്‌മെന്റ് പ്രോജക്ടില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന റോഡിന്റെ ഉദ്ഘാടനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് നിര്‍വഹിച്ചത്. പ്ലാന്റ് സന്ദര്‍ശിക്കാന്‍ എത്തിയ എംഎല്‍എക്കൊപ്പം ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ തോട്ടുമുക്ക് അന്‍സര്‍, അഡ്വ. സി എസ് വിദ്യാസാഗര്‍, അഡ്വ. ബി ആര്‍ എം ഷഫീര്‍, മലയടി പുഷ്പാംഗദന്‍, എസ് കുമാരപിള്ള, പഞ്ചായത്ത് മെംബര്‍ ജലജകുമാരി, ശോഭന ജോര്‍ജ് തുടങ്ങിയവര്‍ സന്നിഹിതരായി.
Next Story

RELATED STORIES

Share it