Idukki local

വെള്ളത്തൂവലില്‍ സമ്പൂര്‍ണ മാലിന്യ നിര്‍മാര്‍ജന പദ്ധതിക്ക് ഇന്നു തുടക്കം

അടിമാലി: സമ്പൂര്‍ണ മാലിന്യ വിമുക്ത പഞ്ചായത്തായി മാറ്റുന്നതിന്റെ ഭാഗമായി വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തില്‍ വിവിധ പദ്ധതികള്‍ക്ക് തുടക്കമാകുന്നു. 'ജൈവം നിര്‍മലം' എന്ന പേരില്‍ നടപ്പാക്കുന്ന തുടര്‍പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്തും.
പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ 40 മൈക്രോണില്‍ താഴെയുള്ള മുഴുവന്‍ പ്ലാസ്റ്റിക് കവറുകളുടെയും വില്‍പന ഫെബ്രുവരി ഒന്നു മുതല്‍ കര്‍ശനമായി നിരോധിച്ചു.
തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കടപരിശോധന ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കും. ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്ത നേതൃത്വത്തില്‍ നടത്തുന്ന പദ്ധതികളുടെ ഭാഗമായി ചണസഞ്ചികള്‍ വീടുകള്‍ തോറും സൗജന്യമായി വിതരണം ചെയ്യും.
രണ്ടാം ഘട്ടമായി പഞ്ചായത്തിലാകമാനം ജൈവപച്ചക്കറികള്‍ ഉല്‍പാദിപ്പിക്കും. ഇവ വിപണനം നടത്തുന്നതിനായി ജനകീയ ജൈവ വില്‍പന ശാലകള്‍ക്ക് തുടക്കം കുറിക്കും. പൊതു സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ശാസ്ത്രീയ മാലിന്യ സംസ്‌കരണ പദ്ധതികള്‍ ആരംഭിക്കും.
പഞ്ചായത്തിലെ പ്രധാനപ്പെട്ട നാലു കേന്ദ്രങ്ങളില്‍, ആലപ്പുഴ തുമ്പൂര്‍മുഴിയുടെ മാതൃകയില്‍ മാലിന്യ സംസ്‌കരണ സംഭരണികള്‍ സ്ഥാപിക്കും.
മുഴുവന്‍ വീടുകളിലും ബോധവല്‍ക്കരണ ക്ലാസുകള്‍ക്കു പുറമെ പൈപ്പ് കമ്പോസ്റ്റ് തുടങ്ങിയ ഉറവിട മാലിന്യ സംസ്‌കരണ പദ്ധതികളും ആരംഭിക്കും. കഴുകി വൃത്തിയാക്കി നല്‍കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൊതുജനങ്ങളില്‍ നിന്നും സ്വീകരിച്ച് പാരിതോഷികങ്ങള്‍ നല്‍കും. പദ്ധതി രണ്ടുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ ബിജി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റോയി ജോണ്‍, മെഡിക്കല്‍ ഓഫിസര്‍ വി വി രാധ എന്നിവര്‍ അറിയിച്ചു.
പദ്ധതിയുടെ പ്രചരണാര്‍ഥം ഇന്നും നാളെയും ഗ്രാമപഞ്ചായത്തിന്റെ ആറുകേന്ദ്രങ്ങളില്‍ വിളംബര ജാഥകള്‍ സംഘടിപ്പിക്കും. ഇന്നു രാവിലെ 10ന് വെള്ളത്തൂവല്‍ ടൗണില്‍ നിന്നാരംഭിക്കുന്ന വിളംബര ജാഥ മുതുവാന്‍കുടി, ആനച്ചാല്‍, കുഞ്ചിത്തണ്ണി, തോക്കുപാറ, ഓടക്കാസിറ്റി, ആനച്ചാല്‍ എന്നിവിടങ്ങളില്‍ ചുറ്റി വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് കല്ലാര്‍കുട്ടി ടൗണില്‍ സമാപിക്കും.
Next Story

RELATED STORIES

Share it