World

വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ആണവനിലയവുമായി റഷ്യ

മോസ്‌കോ: ലോകത്ത് ആദ്യമായി വെള്ളത്തില്‍ പൊങ്ങിനില്‍ക്കുന്ന ആണവനിലയമൊരുക്കി റഷ്യ. വടക്കന്‍ തുറമുഖ നഗരമായ മര്‍മാന്‍സ്‌കിലാണ് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ആണവനിലയം പ്രദര്‍ശിപ്പിച്ചത്. സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നിര്‍മിച്ച അക്കാദമിക് ലുമൊനൊസോവ് എന്ന ആണവനിലയം വ്യാഴാഴ്ചയാണ് മര്‍മാന്‍സ്‌കില്‍ എത്തിച്ചത്.
ഇന്നലെ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ച നിലയത്തില്‍ കിഴക്കന്‍ സൈബീരിയയിലേക്ക് പുറപ്പെടുന്നതിനായി ആണവ ഇന്ധനം നിറയ്ക്കും. ആണവ ഊര്‍ജ കമ്പനിയായ റോസറ്റോം ആണ് നിലയം രൂപകല്‍പന ചെയ്തത്. 144/30 മീറ്റര്‍ വലുപ്പത്തിലുള്ള കപ്പലില്‍ രണ്ടു റിയാക്ടറുകളുമുണ്ട്. ഐസ് ബ്രേക്കര്‍ കപ്പലുകളില്‍ ഊര്‍ജത്തിന് ഉപയോഗിക്കുന്നതിനു സമാനമായ രണ്ട് 35 മെഗാവാട്ട് ന്യൂക്ലിയര്‍ റിയാക്ടറുകളും ഇതില്‍ ഉള്‍പ്പെടും. 21,000 ടണ്‍ ഭാരമുള്ള കപ്പല്‍ 2019 വേനലോടെ ചുകോട്കയിലെ പിവീക് തുറമുഖത്തേക്ക് നീക്കും.
ഈ ആണവനിലയത്തിന് രണ്ടു ലക്ഷത്തോളം വീടുകളുള്ള ഗരത്തിലേക്ക് ആവശ്യമായ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയും. ആര്‍ട്ടിക് സമുദ്രത്തില്‍ റഷ്യയുടെ എണ്ണക്കപ്പലുകള്‍ക്ക് ഊര്‍ജം നല്‍കുന്നതിനായിരിക്കും ഇത് ആദ്യം ഉപയോഗിക്കുക. വളരെ വിദൂര പ്രദേശങ്ങളിലേക്കു വരെ വൈദ്യുതി എത്തിക്കാന്‍ ഈ ആണവനിലയത്തിനു കഴിയുമെന്ന് ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വൈറ്റലി റുട്‌നീവ് അറിയിച്ചു. ഓരോ വര്‍ഷവും പുറംതള്ളുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് 50,000 ടണ്‍ കുറയ്ക്കാന്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന റിയാക്ടറിന്റെ പ്രവര്‍ത്തനത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it