thrissur local

വെള്ളക്കെട്ട്: നിര്‍മാണപ്രവൃത്തികള്‍ അവസാനഘട്ടത്തില്‍; ജനങ്ങളുടെ ദുരിതത്തിന് അറുതി

ചാലക്കുടി: സൗത്ത് ജംഗ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാനായുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ അവസാനഘട്ടത്തിലായി. ഈസ്റ്റ് സ്‌കൂളിന് മുന്‍വശത്തുള്ള കാനയുടെ നവീകരണമാണ് നടക്കുന്നത്. നാലുവരിപാത നിര്‍മാണത്തിന്റെ ഭാഗമായി ഇവിടെയുണ്ടായിരുന്ന കാനകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇതേ തുടര്‍ന്ന് മഴക്കാലത്ത് ഇവിടെ വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരുന്നത്.
ഈ കാനകളുടെ കേടുപാടുകള്‍ തീര്‍ക്കുന്ന പ്രവര്‍ത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. ജെസിബി ഉപയോഗിച്ച് വലിയ കാനകള്‍ തീര്‍ത്ത് അതില്‍ കോണ്‍ക്രീറ്റ് പൈപ്പുകള്‍ സ്ഥാപിച്ച് മഴവെള്ളം ഒഴുക്കിവിടാനാണ് പദ്ധതി. വര്‍ഷക്കാലത്തെ മഴവെള്ളകെട്ടിനെ തുടര്‍ന്ന് ഇത് വഴിയുള്ള ഗതാഗതം ദുസഹകമായിരുന്നു. മുട്ടോളം വെള്ളത്തിലൂടെയാണ് ഗവ.ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ സ്‌കൂളിലെത്തിയിരുന്നത്.
വെള്ളകെട്ടിനെ തുടര്‍ന്ന് കൊതുകു ശല്യവും ഇവിടെ അതിരൂക്ഷമായിരുന്നു. കൊതുകുതിരികള്‍ കത്തിച്ചാണ് സ്‌കൂളില്‍ ക്ലാസ്സുകള്‍ എടുത്തിരുന്നത്. ഡെങ്കിപനിയടക്കമുള്ള മാരകമായ രോഗങ്ങളും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികളും പിടിപ്പെട്ടിരുന്നു. ബി ഡി ദേവസ്സി എംഎല്‍എയും വാര്‍ഡ് കൗണ്‍സിലര്‍ വി ജെ ജോജിയുടേയും നിരന്തരമായ ഇടപെടലിനെ തുടര്‍ന്ന് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ജില്ലാ കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് കലക്ടറുടെ ചേമ്പറില്‍ വിളിച്ച് ചേര്‍ത്ത് അടിയന്തിര യോഗത്തില്‍ ഉടന്‍ പ്രശ്‌ന പരിഹാരത്തിനുള്ള നടപടി സ്വീകരിക്കാന്‍ എന്‍ എച്ച് എ ഐ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
ഇതിന്റെ അടിസ്ഥാനത്തിലാണ് നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്. പുതിയ സംവിധാനം വരുന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും.
കാന നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ സൗത്ത് ജങ്ഷനിലേയും ഹൗസിങ് ബോര്‍ഡ് കോളനിയിലേയും വെള്ളകെട്ടിന് പരിഹാരമാകും.
Next Story

RELATED STORIES

Share it